അട്ടിമറികള്‍ക്ക് പേരുകേട്ട ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കൊളംബിയ. സൂപ്പര്‍ താരം ഹാമിയസ് റോഡ്രിഗ്വസിനെ പരുക്കു മൂലം പിന്‍ വലിച്ചിട്ടും കൊളംബിയ വിജയം നേടുകയായിരുന്നു.
ഗോള്‍ രഹിതമായ ആദ്യ പകുതിയ്‌ക്ക് ശേഷം രണ്ടാം പകുതിയിലാണ് കൊളംബിയയുടെ വിജയ ഗോള്‍ പിറന്നത്. അതേസമയം, മൽസരത്തിലുടനീളം ആക്രമണം നടത്തിയത് സെനഗലായിരുന്നു. എന്നാല്‍ ഫിനിഷിങ്ങിലെ പിഴവ് അവരെ ഗോള്‍ നേടുന്നതില്‍ നിന്നും തടയുകയായിരുന്നു.
അതേസമയം, റോഡ്രിഗ്വസ് പരുക്കു മൂലം നേരത്തെ തന്നെ പിന്‍വാങ്ങിയതോടെ ലക്ഷ്യം തെറ്റിയ കൂട്ടമായിരുന്നു പലപ്പോഴും കൊളംബിയ. കൊളംബിയന്‍ ആക്രമണങ്ങളെ സെനഗല്‍ കൃത്യമായി പൂട്ടുകയും ചെയ്‌തിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറുകയായിരുന്നു.
74-ാം മിനിറ്റിലാണ് മിനയിലൂടെ കൊളംബിയ മുന്നിലെത്തുന്നത്. പിന്നീട് ഒപ്പമെത്താന്‍ മാനേയുടെ നേതൃത്വത്തില്‍ സെനഗല്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഓസ്‌പിന തട്ടിയകറ്റുകയായിരുന്നു. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തിയ കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടുകയായിരുന്നു.