നിര്‍ണ്ണായകമായ മൽസരത്തില്‍ ലവന്‍ഡോസ്‌കിയുടെ പോളണ്ടിനെ തകര്‍ത്ത് കൊളംബിയ. ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു കൊളംബിയയുടെ ജയം. സൂപ്പര്‍ താരം ഹാമിയസ് റോഡ്രിഗസിന്റെ പാസ് കൊളംബിയന്‍ താരം യെറി മിന ഹെഡ് ചെയ്‌ത് കൊളംബിയയുടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ഫാല്‍ക്കാവോ രണ്ടാമത്തെ ഗോളും നേടി. മൂന്നാമത്തെ ഗോളും റോഡ്രിഗ്വസിന്‍റെ പാസില്‍ നിന്നായിരുന്നു.
അതേസമയം, വിജയത്തോടെ കൊളംബിയ തങ്ങളുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ നിലനിർത്തിയപ്പോള്‍ പോളണ്ട് പുറത്തായി.
സ്‌പാനിഷ് ക്ലബ് ബാഴ്സിലോണയുടെ പ്രതിരോധ താരമാണ് യെറി മിന. ആദ്യ പകുതിയിലായിരുന്നു മിനയുടെ ഗോളെങ്കില്‍ രണ്ടാം പകുതിയില്‍ 70-ാം മിനിറ്റിലാണ് ഫാല്‍ക്കാവോ ഗോള്‍ കണ്ടെത്തിയത്. 76-ാം മിനിറ്റില്‍ റോഡ്രിഗ്വസ് തന്നെ നല്‍കിയ അതിമനോഹരമായ ഒരു പാസ് ഗുഡ്രാഡോ വലയിലെത്തിച്ചതോടെ കൊളംബിയയുടെ ലീഡ് മൂന്നായി ഉയർന്നു.
രണ്ട് ടീമുകളും മികച്ച ആക്രമണ ഫുട്ബോളാണ് മൽസരത്തില്‍ കാഴ്‌ച വയ്‌ക്കുന്നത്. പരുക്ക് മൂലം ആദ്യ കളിയില്‍ പുറത്തിരുന്ന റോഡ്രിഗ്വസിന്റെ തിരിച്ചു വരവ് കൊളംബിയയ്‌ക്ക് വന്‍ ഊര്‍ജമാണ് നല്‍കിയത്. കളം നിറഞ്ഞായിരുന്നു കൊളംബിയ കളിച്ചത്. നീക്കങ്ങള്‍ പലപ്പോഴും പോളണ്ടിന്റെ ഗോള്‍ മുഖത്ത് മാത്രമായി ഒതുങ്ങി. അതേസമയം, ലെവന്‍ഡോസ്‌കിയുടെ ചില ഒറ്റയാള്‍ ശ്രമങ്ങള്‍ മാത്രമേ പോളണ്ടില്‍ നിന്നുമുണ്ടായുള്ളൂ.
ആദ്യ മൽസരത്തില്‍ കൊളംബിയ ജപ്പാനോടും പോളണ്ട് സെനഗലിനോടും പരാജയം രുചിച്ചിരുന്നു. ഇന്നത്തെ സെനഗള്‍ ജപ്പാന്‍ മൽസരം സമനിലയിലായതോടെ 4 പോയിന്റുകളുമായി ഇരു ടീമുകളും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.