FIFA World Cup 2018: മോസ്‌കോ: ലോകകപ്പില്‍ ഓരോ സെല്‍ഫ് ഗോളുകള്‍ പിറക്കുമ്പോഴും തലയില്‍ കൈവച്ച് നിലത്ത് വീഴുന്ന താരങ്ങള്‍ ആന്ദ്രേ എസ്‌കോബാറിനെ ഓര്‍മ്മപ്പെടുത്തും. 1994 ലോകകപ്പില്‍ സെല്‍ഫ് ഗോള്‍ ജീവനെടുത്ത എസ്‌കോബാറിനെ. കൊളംബിയയുടെ സൂപ്പര്‍താരമായിരുന്നു എസ്‌കോബാര്‍. എന്നാല്‍ അദ്ദേഹത്തിന്റെ കാലില്‍ നിന്നും സ്വന്തം ടീമിന്റെ ഗോള്‍ പോസ്റ്റിനുള്ളിലേക്ക് പന്ത് കയറിയപ്പോള്‍ കൊളംബിയയുടെ ലോകകപ്പ് മോഹങ്ങളും അവസാനിച്ചു.
ദിവസങ്ങള്‍ക്ക് ശേഷം കൊളംബിയയിലെ ഒരു തെരുവില്‍ വച്ച് ‘ഗോള്‍..ഗോള്‍’ എന്നലറിക്കൊണ്ട് കൊളംബിയന്‍ ആരാധകന്‍ അദ്ദേഹത്തിന്റെ ദേഹത്തേക്ക് നിറയൊഴിക്കുകയായിരുന്നു. വാതുവയ്‌പ് സംഘവും മയക്കുമരുന്ന് അധോലോകവുമായിരുന്നു എസ്‌കോബാറിന്റെ കൊലപാതകത്തിന് പിന്നില്‍. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എസ്‌കോബാര്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് കാല്‍പ്പന്ത് ആരാധകര്‍.
ജപ്പാനെതിരായ മൽസരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയ കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിന് വധഭീഷണി. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ സാഞ്ചസിനെ വധിക്കണമെന്ന ആഹ്വാനമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സെല്‍ഫ് ഗോള്‍ അടിച്ചതിനാണ് ആന്ദ്രേ എസ്‌കോബാര്‍ കൊല്ലപ്പെട്ടതെങ്കില്‍ സാഞ്ചസിനെയും വധിക്കണമെന്നാണ് പറയുന്നത്.
ലോകകപ്പിലെ ആദ്യ മൽസരത്തിന്റെ മൂന്നാം മിനിറ്റിലാണ് ഷിന്‍ജി കഗാവയുടെ ഗോളെന്നുറച്ച ഷോട്ട് കാര്‍ലോസ് സാഞ്ചസ് കൈ കൊണ്ട് തടഞ്ഞത്. നെറ്റിലേക്ക് നീങ്ങിയ കഗാവയുടെ ഷോട്ട് ബോക്‌സില്‍ വച്ച് സാഞ്ചസ് കൈകൊണ്ട് തട്ടുകയായിരുന്നു.
കാര്‍ലോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയപ്പോള്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ജപ്പാന്‍ ഗോള്‍ നേടി. മൽസരം തോറ്റതോടെ സാഞ്ചസ് പ്രതിസ്ഥാനത്താവുകയായിരുന്നു.