പെറു നായകൻ പവോലോ ഗുവെരേരോയ്ക്ക് പറക്കാൻ പേടിയാണ്. വിമാന യാത്രയ്ക്കിടെ അമ്മാവൻ മരിച്ചതിന്റെ ഭീതി ഇപ്പോഴും അയാളെ വിട്ടൊഴിഞ്ഞിട്ടില്ല. എന്നാൽ റഷ്യയിലേക്ക്, ലോകകപ്പിന് പറക്കാൻ അയാൾ നടത്തിയ പരിശ്രമങ്ങൾ സമാനതകളില്ലാത്തതാണ്. അതിനയാള്‍ കൂട്ടുപിടിച്ചത് പെറുവിലെ മഞ്ഞുമലകളിൽ മരവിച്ച് കിടക്കുന്ന പ്രേതങ്ങളെയായിരുന്നു.
നീണ്ട മൂന്നര പതിറ്റാണ്ടിന് ശേഷമാണ് പെറു ഇക്കുറി ലോകകപ്പ് യോഗ്യത നേടിയത്. കോപ്പ അമേരിക്ക ചാംബ്യന്മാരായ ചിലിയെ പുറന്തളളിക്കൊണ്ടായിരുന്നു ആ നേട്ടം. ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ ഡെന്മാർക്കിനോട് പോരടിച്ച് തോറ്റുപോയെങ്കിലും കാൽപ്പന്ത് കളിയുടെ മാസ്‌മരിക സൗന്ദര്യം പേറുന്നതായിരുന്നു പെറുവിന്റെ പ്രകടനം.
മത്സരത്തിലുടനീളം വേഗതയിലുള്ള കളി പുറത്തെടുത്ത പെറു മികച്ച പിഴച്ചത് ഫിനിഷിന്ഗില്‍ മാത്രമായിരുന്നു. അവസാന പതിനഞ്ച് മിനുട്ടുകള്‍ക്കായി ഇറങ്ങിയ ഗുവെരേരോയെ ആദ്യമേ ഇറക്കിയിരുന്നുവെങ്കില്‍ ഒരുപക്ഷെ കളിയുടെ ഗതി തന്നെ മാറിയേനെ. അത്രയും ആത്മവിശ്വാസമായിരുന്നു അവസാന പതിനഞ്ച് മിനുട്ടില്‍ മുപ്പത്തിനാലുകാരനായ ഗുവെരേരോ ആ ടീമിന് പകര്‍ന്നു നല്‍കിയത്. പെറു ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ പൗലോ ഗുവെരേരോ. രാജ്യത്തിന്റെ എക്കാലത്തെയും ടോപ് സ്കോററായ ഗുവെരേരോയിൽ നിന്നാണ് ലാറ്റിനമേരിക്കാന്‍ രാജ്യം ഒരിക്കൽ നഷ്ടപ്പെട്ട പെറുവിന്റെ ഫുടബോളിങ് പാരമ്പര്യം വീണ്ടെടുത്ത് തുടങ്ങുന്നത്.
2014 ലും 2015ലും വമ്പന്മാർ മാറ്റുരച്ച കോപ്പാ അമേരിക്കയിൽ പെറു മൂന്നാംസ്ഥാനക്കാരാകുന്നത് ജർമൻ ബുണ്ടസ്ലീഗയിൽ പയറ്റി തെളിഞ്ഞ ആ കാലുകളെ ആശ്രയിച്ചാണ്. അർജെന്റിനയെ തോൽപ്പിച്ച് ചിലി കപ്പ് നേടിയ 2015 കോപ്പയിൽ ചിലിയുടെ വാർഗസിനൊപ്പം ടൂർണമെന്റിലെ ടോപ്സ്കോറർ ആയതും ഗുവെരേരോയാണ്.

റഷ്യയിലേക്കുള്ള പാതയിലും പെറുവിനെ മുന്നില്‍ നിന്നും നയിച്ചത് ശരീരമാകെ പച്ചകുത്തിയ ഈ ഫ്ലമെംഗോ താരത്തിന്റെ മികവാണ്. 17 കളികളിൽ നിന്നും 5 ഗോളുകളാണ് അദ്ദേഹം അടിച്ചു കൂട്ടിയത്. ഒരു നാടിന്റെ സ്വപ്നം പേറിയുള്ള കുതിപ്പ്.. മുപ്പത്തിയഞ്ച് വര്‍ഷത്തെ സ്വപ്നം.. പെറു ഫുട്ബോള്‍ പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് യാത്ര തുടരവേയാണ് അപ്രതീക്ഷിതമായ തിരിച്ചടി അവരെ തേടിയെത്തുന്നത്. നായകന്‍ ഗുവെരേരോ ഡ്രഗ് ടെസ്റ്റില്‍ പരാജയപ്പെടുന്നു. ശരീരത്തില്‍ കൊക്കെയ്ന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുവെരേരോയ്ക്ക് ഫിഫ നല്‍കിയത് ഒരു വര്‍ഷത്തെ ബാന്‍ !
പിന്നീട് ഗുവെരേരോ നടത്തിയത കേട്ടുകേൾവിയില്ലാത്ത പോരാട്ടങ്ങളായിരുന്നു. ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയോട് അയാള്‍ നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടു. മാസങ്ങളോളം നീണ്ട യുദ്ധത്തിനൊടുവില്‍ വിധി വന്നു, ഗുവെരേരോയ്ക്ക് മാച്ച് ബാനില്‍ ഇളവ്. അതിന് അയാള്‍ സഞ്ചരിച്ചത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പുറകിലേക്കായിരുന്നു. ആയിരമടി ഉയരത്തിലേക്കായിരുന്നു.
ആറായിരം അടി ഉയരമുള്ള പെറൂവിയൻ മല നിരകളിലെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഇൻകാ മമ്മികളെ മുൻനിർത്തിയായിരുന്നു ഗുവേരെരോയുടെ പോരാട്ടങ്ങള്‍. ഇൻകാ മമ്മികളുടെ ശരീരത്തിൽ കൊക്കെയ്നിൽ അടങ്ങിയിരിക്കുന്ന രാസപഥാർത്ഥങ്ങള്‍ ഉണ്ടെന്ന ശാസ്ത്രീയ പരിശോധനയുടെ തെളിവുകള്‍ അണിനിരത്തി. പെറുക്കാര്‍ പതിവായി ഉപയോഗിക്കുന്ന കൊക്കോവാ ഇലകളാണ് ഈ പാദാർത്ഥം ഉത്പാദിപ്പിച്ചത് എന്ന് വാദിച്ചു. നാനൂറോളം വര്‍ഷം മുന്‍പ് മാത്രം കണ്ടെത്തിയ കൊക്കെയ്ന്‍ ഒടുവില്‍ കൊക്കൊവാ ഇലകളോട് പരാജയപ്പെട്ടു. ഫിഫയ്ക്ക് തങ്ങളുടെ ബാന്‍ ഒഴിവാക്കേണ്ടി വന്നു.

പെറുക്കാർ ‘കൾട്ട് ഹീറോ’ ആയി കണക്കാക്കുന്ന ഗുവെരേരോയ്ക്ക് അതൊരു മടങ്ങിവരവായിരുന്നു. ഗുവെരേരോ ശക്തമായി തന്നെ തിരിച്ചടിച്ചു. ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ സൗദിയെ പെറു 3-0ത്തിന് തോൽപ്പിച്ചപ്പോള്‍ രണ്ട് ഗോളുകളും പിറന്നത് ഗുവെരേരോയുടെ ബൂത്തുകളില്‍ നിന്നായിരുന്നു. റഷ്യയില്‍ നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ അവസാന മിനുട്ടുകൾക്കായി മാത്രം ഇറങ്ങിയപ്പോഴും അയാളുടെ സാന്നിധ്യം ആ ടീമിനെ അത്രമേല്‍ പ്രചോദിപ്പിക്കുന്നുണ്ടായിരുന്നു. ഡെന്മാര്‍ക്ക് പോസ്റ്റില്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ട് ആ അനുഭവസമ്പത്ത് നിലയുറച്ചപ്പോള്‍ സ്കാന്‍ഡിനേവ്യന്‍ രാജ്യം ചെറുതല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
പോസ്റ്റിൽ നിന്നും ഇഞ്ചുകൾ അകലത്തിൽ പോയ ഒരു ബാക്ക് ഹീൽ ഗോൾ ശ്രമത്തോടെയും സഹ കളിക്കാര്‍ക്ക് അവസരമൊരുക്കി കൊടുത്തും ഗുവെരേരോ വിളിച്ചു പറയുന്നുണ്ടായിരുന്നു,തന്റെ യുഗം അവസാനിച്ചിട്ടില്ലെന്ന്.
ചില താരങ്ങള്‍ അങ്ങനെയാണ്. അവര്‍ മൈതാനത്തില്‍ ഉറച്ചുനിന്നുകൊണ്ട് ടീമിലെ മറ്റ് താരങ്ങള്‍ക്ക് അത്രമേല്‍ ആത്മവിശ്വാസം പകരും. അവരുടെ വ്യക്തിപ്രഭാവത്തില്‍ നിന്നും ബാക്കിയുള്ളവര്‍ പ്രചോദനം ഉള്‍ക്കൊള്ളും. ഏത് കൊലക്കൊമ്പന്മാരെയും വെല്ലുവിളിക്കും. വലിയ അവകാശവാദങ്ങൾ ഒന്നുമില്ലെങ്കിലും പെറുവെന്ന കുഞ്ഞുരാജ്യത്തെ വീണ്ടും ഫുട്ബോൾ ഭൂപടത്തിലേക്ക് കൊണ്ടുവന്നത് ഗുവെരേരോ പോരാട്ടമാണ്. ഒടുവില്‍ റഷ്യയിലേക്ക് പറക്കാന്‍ അയാള്‍ നയിച്ച പോരാട്ടവും ചരിത്രതാളുകളില്‍ ഇടംപിടിക്കേണ്ടത്.
ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ വന്യതയുമായി ഗുവെരേരോ കളം നിറയുമ്പോള്‍ കാല്‍പന്തിനെ പ്രേമിക്കുന്നവരെല്ലാം ഒന്ന് നോക്കിപ്പോവും. വഴുതിപ്പോയ ലോകകപ്പ് അവസരം തിരിച്ചുപിടിച്ച ആ യോദ്ധാവിന്റെ കരുത്ത് അവരിലേക്കും സന്നിവേഷിക്കും. ഗുവെരേരോയുടെ മുന്നേറ്റങ്ങൾക്ക് പെറുവിനെ പോലെ നമുക്കും കണ്ണ് നട്ടിരിക്കാം. വിജയിച്ചില്ലെങ്കില്‍ കൂടിയും അത്രമേല്‍ സ്വത്തസിദ്ധമായ ആ ഫുട്ബോളിങ് സൗന്ദര്യം ഓരോരുത്തരുടെയും കണ്ണുകള്‍ക്ക് കുളിര്‍മയാകും. തീര്‍ച്ച !