FIFA World Cup 2018 : ഫൈനലിന് മുന്നോടിയായി ആദ്യ ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന ഫിഫാ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടില്‍ ഇന്ന് ബ്രസീലും ബെല്‍ജിയവും ഏറ്റുമുട്ടും. കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച് അജയരായി എത്തുന്ന ഇരുടീമുകളും വ്യത്യസ്ത തന്ത്രങ്ങളാവും പുറത്തെടുക്കുന്നത്.

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറങ്ങുന്ന ആദ്യ ഇലവന്‍ ആരാണെന്ന് ബ്രസീല്‍ ഇതിനോടകം തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. അലിസണ്‍ ഗോളില്‍ തുടരുമ്പോള്‍ പ്രതിരോധം കോട്ടകെട്ടാന്‍ ഫാഗ്നര്‍, മിറാണ്ട, തിയാഗോ സില്‍വ എന്നിവരോടൊപ്പം പരുക്ക് മോചിതനായ മാഴ്സലോ മടങ്ങിയെത്തും. കസ്മെയ്‌രോയ്ക്ക് പകരം ഫെര്‍ണാണ്ടീഞ്ഞോയാകും മധ്യനിരയില്‍ പൗളീഞ്ഞോയുടെ പങ്കാളിയാവുക. മുന്‍ മത്സരങ്ങളിലെ പോലെ വില്ല്യന്‍, കുട്ടീഞ്ഞോ, നെയ്മര്‍, ജീസസ് എന്നിവരാകും ബ്രസീലിന്റെ മുന്നേറ്റനിര.

പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനോട് പിന്നിട്ടു നിന്ന ശേഷം വിജയത്തിലേക്ക് മടങ്ങി വന്ന ബെല്‍ജിയം ആദ്യ ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വിങ്ങില്‍ കരാസ്കോയ്ക്ക് പകരം കഴിഞ്ഞ മത്സരത്തില്‍ അവസാന ഗോള്‍ നേടിയ ചാഡ്‌ലിയെ ഉള്‍പ്പെടുത്തിയേക്കും. ഫെല്ലിനിയുടെ അനുഭവസമ്പത്തിനേയും പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് കണക്കിലെടുത്തെന്നുവരും.

ഒരേ ക്ലബ്ബില്‍ കളിക്കുന്ന ഒരുപാട് താരങ്ങള്‍ തമ്മില്‍ കൂടിയാണ് ഈ ക്വാര്‍ട്ടറില്‍ കൊമ്പ് കോര്‍ക്കുന്നത്. ക്ലബ് നായകനായ ബെല്‍ജിയം താരം വിന്‍സെന്റ് കമ്പനിക്കും മധ്യനിര മാന്ത്രികന്‍ ഡി ബ്രൂയ്‌നുമൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കളിക്കുന്നവരാണ് ബ്രസീലിന്റെ ഫെര്‍ണാണ്ടീഞ്ഞോയും ജീസസും. ബ്രസീലിന്റെ ഇടത് വിങ്ങില്‍ കളിക്കുന്ന സൂപ്പര്‍താരം നെയ്മറും ബെല്‍ജിയത്തിന്റെ മ്യൂനറും പിഎസ്‌ജി താരങ്ങള്‍. ബെല്‍ജിയം നായകന്‍ ഈഡന്‍ ഹസാര്‍ഡും ഗോള്‍കീപ്പര്‍ കോട്ട്വയും ബറ്റ്ഷുവായിയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയുടെ താരമാണ്. ഇതേ ക്ലബ്ബില്‍ അഞ്ച് വര്‍ഷമായി കളിക്കുന്ന താരമാണ് വില്ല്യന്‍. ആദ്യ ഇലവനില്‍ ഇടം നേടാന്‍ സാധ്യത ഇല്ലെങ്കിലും ബെല്‍ജിയത്തിന്റെ താരമായ വെര്‍മേലന്‍ കളിക്കുന്നത് ബ്രസീലിലെ ബാഴ്‌സലോണ സാന്നിധ്യങ്ങളായ പൗളീഞ്ഞോയ്ക്കും കുട്ടീഞ്ഞോയ്ക്കും ഒപ്പം.

മൂന്ന് സെന്റര്‍ ബാക്കുകള്‍ അടങ്ങുന്ന പ്രതിരോധനിരയും ആവശ്യം വരുമ്പോള്‍ പിന്നോട്ട് വലിയാനും അല്ലാത്തപ്പോള്‍ മുന്നേറ്റത്തെ സഹായിക്കുവാനും വിങ്ങുകളിലായി രണ്ട് പേരെയും വിന്യസിപ്പിക്കുന്ന 3-4-3 എന്ന ഫോര്‍മേഷനാണ് ബെല്‍ജിയം ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ സ്വീകരിച്ചത്. വിങ്ങുകളില്‍ മുന്നേറ്റം മെനയുന്ന ബ്രസീലിനോടാണ് ഏറ്റുമുട്ടുന്നത് എന്നത് പരിഗണിച്ച് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് തന്റെ തന്ത്രങ്ങള്‍ മാറ്റിയേക്കും. ചാഡ്‌ലിക്ക് പുറമേ ഫെല്ലിനിയേയും പരിഗണിക്കുകയാണ് എങ്കില്‍ ടീമില്‍ ഒരു അഴിച്ചുപണിയുടെ സാധ്യതയും നിലനില്‍ക്കുന്നു.

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ പാലിച്ച 4-2-3-1 എന്ന ഫോര്‍മേഷന്‍ തന്നെയാകും ടിറ്റോയുടെ പരിശീലനത്തിന് കീഴിലുള്ള ബ്രസീല്‍ പുറത്തെടുക്കുക. ലോകകപ്പില്‍ ഏറ്റവും ക്രിയാത്മകവും ശക്തവുമായ മുന്നേറ്റങ്ങള്‍ മെനയുന്ന ബെല്‍ജിയം ബ്രസീലിയന്‍ പ്രതിരോധത്തെ എത്രത്തോളം സമ്മര്‍ദത്തിലാഴ്ത്തും എന്ന സംശയം നിലനിര്‍ക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരേക്കും ഏറ്റവും മികച്ച സോണല്‍ മാര്‍ക്കിങ് തങ്ങളുടെത് ആയിരുന്നു എന്ന് അവകാശപ്പെട്ട ബ്രസീലിന്റെ സഹപരിശീലകന്‍ ക്ലെബര്‍ ബെല്‍ജിയത്തെ തടുത്ത് നിര്‍ത്തുന്നത്തിലും തങ്ങള്‍ ശക്തരാണ് എന്നും ഓര്‍മിപ്പിച്ചു. ബ്രസീലിന്റെ ഹൈ പ്രസ്സിങ്ങ് പ്രതിരോധത്തില്‍ നിന്ന് തന്നെയാണ് ഓരോ മുന്നേറ്റവും ആരംഭിക്കുന്നത്. ഇതുവരെയുമുള്ള പ്രകടനം വിലയിരുത്തിയാല്‍ ടൂര്‍ണമെന്റിലെ ഏറ്റവും സന്തുലിതമായ ടീം കൂടിയാണ് ബ്രസീല്‍.

എന്തിരുന്നാലും ഒരു കാര്യം ഈ ലോകകപ്പിലെ ഏറ്റവും തീപ്പാറും പോരാട്ടമാകാന്‍ പോവുകയാണ് ഈ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ