FIFA World Cup 2018: മോസ്‌കോ: ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡെ. കിരീടം പ്രതീക്ഷയുമായി ബ്രസീല്‍ ഇന്നിറങ്ങും. രാത്രി 11.30 ന് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റാണ് ബ്രസീലിന്റെ എതിരാളികള്‍.
സൂപ്പര്‍ താരം നെയ്മര്‍ പൂര്‍ണ്ണമായും സജ്ജനല്ലെന്ന കോച്ചിന്റെ വാക്കുകള്‍ ആരാധകര്‍ക്ക് ആശങ്ക നല്‍കുന്നതാണ്. താരം ഇറങ്ങുമെന്നു തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണ്ണീരിന് ഇത്തവണ കപ്പിലൂടെ മറി കടക്കുക എന്നതാണ് നെയ്മറുടേയും സംഘത്തിന്റേയും ലക്ഷ്യം.
യോഗ്യതാ മത്സരങ്ങളില്‍ 18 ല്‍ 12 ഉം ജയിച്ചതിന്റെ ആത്മവിശ്വാസമാണ് ബ്രസീലിന്റെ കരുത്ത്. റഷ്യയിലേക്ക് എത്തുമ്പോള്‍ ആറാം കിരീടമാണ് കാനറികള്‍ക്ക് മുന്നിലുള്ള സ്വപ്നം. 2014 ല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വന്‍ തോല്‍വി വഴങ്ങി തകര്‍ന്നടിഞ്ഞ ടീമല്ല ഇപ്പോഴത്തേത് എന്നത് അവരുടെ കിരീട പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
നെയ്മറാണ് മുഖ്യതാരമെങ്കിലും അദ്ദേഹത്തിലല്ല ബ്രസീലിന്റെ മുഴുവന്‍ പ്രതീക്ഷയും എന്നതാണ് അവരുടെ കരുത്ത്. കുട്ടിഞ്ഞോയും ജീസസുമുള്ള മുന്നേറ്റ നിര ക്രിയാത്മകമാണ്.
പൗളീഞ്ഞ്യോ, വില്യന്‍, കാസ്മിറോ, ഫിര്‍മിനോ, നായക പദവി ഏറ്റെടുത്ത പ്രതിരോധ താരം മാഴ്സലോ എല്ലാവരും ഇന്ന് ലോകത്തുള്ള ഏറ്റവും മികച്ച താരങ്ങളാണ്. അതേസമയം, ആക്രമണത്തിലൂന്നി കളിക്കാനാകും ശ്രമമെന്ന് പരിശീലകന്‍ ടിറ്റെ വ്യക്തമാക്കിയിട്ടുണ്ട്. ടിറ്റെക്ക് കീഴില്‍ ടീം സമീപകാലത്ത് നേടിയ വളര്‍ച്ച വലുതാണ്.
ഗൂപ്പ് ഇയില്‍ സെര്‍ബിയയും കോസ്റ്ററിക്കയുമാണ് മറ്റ് ടീമുകള്‍. എഴുതിത്തള്ളാന്‍ ആകില്ല മറുവശത്തുള്ള സ്വിസ് ടീമിനെ. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിനെ തകര്‍ത്താണ് തുടങ്ങിയത്. പ്രതിരോധമാണ് അവരുടെ കരുത്ത്. ആഴ്സണല്‍ താരം ഗ്രാനിറ്റ് സാക്കയാണ് ശ്രദ്ധാ കേന്ദ്രം.