FIFA World Cup 2018: ക്രെയേഷ്യയ്‌ക്കെതിരായ നാണംകെട്ട തോല്‍വിയില്‍ ആരാധകരോട് മാപ്പ് ചോദിച്ച് അര്‍ജന്റീന പരിശീലകന്‍ സാപോളി. തന്റെ പിഴവാണെന്നും ടീമിനെ ക്രൂശിക്കരുതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ആരാധകരോട് യാചിക്കുന്നു, ക്ഷമിക്കണം, ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, മാപ്പ് നല്‍കണം, തോല്‍വിയുടെ ഏക ഉത്തരവാദി ഞാനാണ്, ആരാധകര്‍ക്ക് ഉണ്ടായ വിഷമം ഞാന്‍ മനസ്സിലാക്കുന്നു, പ്രത്യേകിച്ച് റഷ്യയിലേക്ക് യാത്ര ചെയ്തെത്തിയവര്‍ക്ക്, ഞാന്‍ നന്നായി പരിശ്രമിച്ചിരുന്നു, എന്നാല്‍ അവരാഗ്രഹിച്ച ഫലം ഉണ്ടാക്കാന്‍ എനിക്കായില്ല’ സാംപോളി പറഞ്ഞു.
എന്നാല്‍ നായകന്‍ ലയണല്‍ മെസിയെ പഴിക്കുന്നതിനെയും സാംപോളി എതിര്‍ത്തു. ടീമിന് പരിമിതികളുണ്ടെന്നും മെസിയ്‌ക്കു മുകളില്‍ ആ പരിമിതികളുടെ കരി നിഴലുണ്ടായെന്നും മെസിയോളം ഉയരാന്‍ ടീമിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ പോരായ്മ തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടത് തന്റെ ചുമതലയായിരുന്നുവെന്നും പറഞ്ഞ സാംപോളി കുറ്റം ഏറ്റെടുക്കുന്നു.
തന്റെ തന്ത്രം എതിരാളികളെ സമ്മര്‍ദ്ദമാക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാല്‍ ആദ്യ ഗോളോടെ കളി മാറിയെന്നും പറഞ്ഞ പരിശീലകന്‍ മെസിയ്‌ക്ക് പന്ത് എത്താതെ നോക്കുന്നതില്‍ ക്രെയേഷ്യ വിജയിച്ചെന്നും പറഞ്ഞു. അതേസമയം, താന്‍ ഇത്രയും ദുഃഖം ഇതിന് മുമ്പ് അനുഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
പരാജയത്തില്‍ ആരാധകരും മറ്റുമെല്ലാം ഒരുപോലെ വിമര്‍ശനം ഉന്നയിച്ചത് ഗോളി കാബെല്ലറോയുടെ പിഴവിനെയായിരുന്നു. എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഗോളിയുടെ മേല്‍ കെട്ടി വയ്‌ക്കില്ലെന്നാണ് സാംപോളി പറഞ്ഞത്. ഗോളിയുടെ പിഴവില്‍ നിന്നുമായിരുന്നു ക്രെയേഷ്യ ആദ്യ ഗോള്‍ നേടിയത്. അതുള്‍പ്പടെ നിരവധി പിഴവുകള്‍ അദ്ദേഹം വരുത്തിയത് ടീമിന് കനത്ത തിരിച്ചടിയാവുകയായിരുന്നു.
ക്രെയേഷ്യയ്ക്കെതിരെ മൽസരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന തോറ്റത്. ഇതോടെ മെസിയും സംഘവും ടീം ലോകകപ്പില്‍ നിന്നും പുറത്താകലിന്റെ വക്കിലാണ്.