FIFA World Cup 2018 Belgium vs Tunisia Score: മോസ്കോ: അറ്റാക്കിങ് ഫുട്ബോളിന്റെ മാന്ത്രിക സൗന്ദര്യം… അതായിരുന്നു ബെൽജിയവും ടുണീഷ്യയും തമ്മിലുളള മൽസരത്തിന്റെ തിളക്കം വർദ്ധിപ്പിച്ചത്. ലുക്കാക്കുവും ഹസാർഡും ഇരട്ടഗോളുകൾ നേടിയ മൽസരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബെൽജിയം ടുണീഷ്യയെ പരാജയപ്പെടുത്തിയത്.

ബാദ്‌ഷുആയി ആണ് ബെൽജിയത്തിന്റെ അഞ്ചാം ഗോൾ നേടിയത്. ടുണീഷ്യയുടെ ആദ്യ ഗോൾ നേടിയ ബ്രോൺ, ഗോൾ നേടി മിനിറ്റുകൾക്കകം പരുക്കേറ്റ് പുറത്തുപോയി. നാല് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ഇഞ്ചുറി ടൈമിലാണ് ടുണീഷ്യൻ താരം കാസ്രി രണ്ടാം ഗോൾ നേടിയത്.

മഴ പെയ്‌ത മൈതാനത്തിൽ ഗോൾമുഖത്തെത്തിയ ബെൽജിയത്തിന്റെ 11 നീക്കങ്ങളാണ് ടുണീഷ്യൻ ഗോളി തട്ടിയകറ്റിയത്. അല്ലായിരുന്നെങ്കിൽ അരഡസനിലേറെയെങ്കിലും ഗോളുകൾ അധികമായി ആ വലയിൽ വന്ന് വീണേനെ.

പക്ഷെ ഗോൾ വഴങ്ങിയിട്ടും പോരാട്ടത്തിൽ ഒരു തരി പോലും പുറകോട്ട് പോയില്ല ടുണീഷ്യ. നിർഭാഗ്യം അവരെ വല്ലാതെ തളർത്തി. ബെൽജിയത്തിന്റെ പ്രതിരോധ നിരയെ മറികടന്ന് മുന്നേറിയ ടുണീഷ്യ ഒരുപിടി തകർപ്പൻ നീക്കങ്ങൾ നടത്തിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.

പക്ഷെ അഞ്ച് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ഇഞ്ചുറി ടൈമിലാണ് കാസ്രിയുടെ തകർപ്പൻ ഗോൾ. ഇതോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന മൽസരവും ബെൽജിയവും ടുണീഷ്യയും തമ്മിലുളളതായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ