FIFA World Cup 2018: ലോകകപ്പില്‍ അര്‍ജന്റീന ഇന്ന് ജീവന്‍ മരണപോരാട്ടത്തിനിറങ്ങുന്നു. നൈജീരിയയാണ് എതിരാളികള്‍. രാത്രി 11.30നാണ് രണ്ട് മൽസരങ്ങളും. അര്‍ജന്റീനയ്‌ക്ക് ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കണമെങ്കില്‍ മറ്റു ടീമുകള്‍ കൂടി കനിയണം. ക്രെയേഷ്യയെ കൂടാതെ ഐസ്‌ലന്‍ഡ്, നൈജീരിയ ടീമുകളാണ് ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയ്ക്കൊപ്പം ഉള്ളത്. ഇന്ന് നൈജീരിയയെ നല്ല മാര്‍ജിനില്‍ തോല്‍പ്പിക്കുകയും, ഐസ്‌ലന്‍ഡ് ക്രെയേഷ്യയോട് തോല്‍ക്കുകയും ചെയ്‌താല്‍ മാത്രമേ മെസിക്കും കൂട്ടര്‍ക്കും അടുത്ത റൗണ്ടില്‍ പ്രവേശിക്കാനാവൂ, മറിച്ചാണ് ഫലം എങ്കില്‍ നിലവിലെ ഫൈനലിസ്റ്റുകള്‍ക്കു ആദ്യ റൗണ്ടില്‍ പുറത്തായി മടങ്ങാം.
ലോകകപ്പിലെ കന്നിക്കാരായ ഐസ്‌ലന്‍ഡിനോട് ആദ്യകളിയില്‍ അപ്രതീക്ഷിത സമനിലയുടെ ഞെട്ടല്‍ മാറും മുമ്പാണ് കരുത്തരായ ക്രെയേഷ്യയോട് മൂന്ന് ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വിയും ഉണ്ടായത്. പ്രീ ക്വാര്‍ട്ടറിലേക്ക് അനായാസം കടക്കാമെന്ന് കണക്കുകൂട്ടിയെത്തിയ അര്‍ജന്റീനയുടെ വഴിമുടക്കിയത് ഇവരായിരുന്നു.
ഒടുവില്‍ നൈജീരിയ നല്‍കിയ അവസാന ശ്വാസത്തില്‍ അവര്‍ക്കെതിരെ തന്നെ അര്‍ജന്റീന ഇറങ്ങുന്നു. തോറ്റാല്‍ മെസിയുടെ അര്‍ജന്റീനക്ക് നാട്ടിലേക്ക് മടങ്ങാം. മൂന്നാം അങ്കത്തില്‍ വലിയ വിജയം നേടിയാല്‍ ഐസ്‌ലന്‍ഡിനുമുണ്ട് പ്രതീക്ഷ ബാക്കി. പക്ഷേ നേരിടാനുള്ളത് ഗ്രൂപ്പിലെ ഏറ്റവും കരുത്തരായ ക്രെയേഷ്യയെയാണെന്നു മാത്രം.