മോസ്‌കോ: നിർണായകമായ മൽസരത്തില്‍ നൈജീരിയയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ അര്‍ജന്റീനന്‍ താരങ്ങളുടെ മനസ് നാല് കൊല്ലം പിന്നിലേക്ക് പോകുമെന്നുറപ്പ്. കഴിഞ്ഞ ലോകകപ്പില്‍ നൈജീരിയയ്‌ക്കെതിരെ 3-2 ന് അര്‍ജന്റീന ജയിക്കുകയായിരുന്നില്ല മറിച്ച് രക്ഷപ്പെടുകയായിരുന്നു. അന്ന് അര്‍ജന്റീനയെ വിറപ്പിച്ച് രണ്ട് ഗോളുകള്‍ നേടിയ നൈജീരിയക്കാരന്‍ ഇന്നലെ വീണ്ടും ലോകകപ്പിലില്‍ പ്രകമ്പനം സൃഷ്‌ടിച്ചു.

അര്‍ജന്റീന ഒരിക്കലും മറക്കാത്ത ആ പേരാണ് മൂസ. കഴിഞ്ഞ ലോകകപ്പില്‍ വെടിയുണ്ട പോലെ രണ്ട് ഗോളുകളാണ് ഇദ്ദേഹം ആര്‍ജന്റീനയുടെ വലയിലാക്കിയത്. എന്നാല്‍ ഇന്നലത്തെ ജയത്തോടെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നൈജീരിയ അര്‍ജന്റീനയെ നേരിടുക. വീണ്ടുമൊരിക്കല്‍ കൂടി മൂസയും മെസിയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ അര്‍ജന്റീന ഭയക്കുന്നത് സ്വാഭാവികമാണ്.

ഫിനിഷിങ്ങിലെ കൃത്യതയും മൈതാനത്തെ വേഗതയും മൂസയെ അപകടകാരിയാക്കുന്നു. വെള്ളത്തില്‍ വരച്ച വര പോലെയുള്ള പ്രതിരോധവുമായി മൂസയെ നേരിടാന്‍ അര്‍ജന്റീന ഇറങ്ങിയാല്‍ പണി പാളുമെന്നുറപ്പാണ്. മൂസയെ മറി കടക്കാനുള്ള തന്ത്രങ്ങളൊന്നും തന്റെ പക്കലുണ്ടെന്ന് സാംപോളിയുടെ ഫോര്‍മേഷനുകള്‍ തോന്നിപ്പിക്കുന്നുമില്ല.

ഇന്നലെ ലോകകപ്പിലെ ഗ്രൂപ്പ് ഡിയിലെ മൽസരത്തില്‍ ഐസ്‌ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് നൈജീരിയ വിജയച്ചത്. നിർണായക പോരാട്ടത്തില്‍ നൈജീരിയയുടെ വിജയശിൽപി ആയത് അഹ്മദ് മൂസ എന്ന ഏഴാം നമ്പറുകാരന്‍ ആയിരുന്നു.

ക്രെയേഷ്യയ്‌ക്ക് എതിരായ ആദ്യ മൽസരത്തില്‍ കളത്തിന് പുറത്തിരുന്ന അഹമ്മദ് മൂസയുടെ ടീമിലേക്കുള്ള മടങ്ങിവരവാണ് ആഫ്രിക്കന്‍ ശക്തികള്‍ക്ക് കരുത്തായത്. രണ്ടാം പകുതിയില്‍ 49-ാം മിനുറ്റിലാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ ഐസ്‌ലന്‍ഡിന്റെ വലകുലുക്കിയത്.

ഗ്രൂപ്പ് ഡിയില്‍ രണ്ട് മൽസരങ്ങളില്‍ നിന്ന് ക്രെയേഷ്യയ്‌ക്ക് ആറ് പോയിന്റും നൈജീരിയക്ക് മൂന്ന് പോയിന്റുമായി. മൂന്നും നാലും സ്ഥാനത്തുള്ള ഐസ്‌ലന്‍ഡിനും അര്‍ജന്റീനയ്‌ക്കും ഓരോ പോയിന്റ് വീതമാണുള്ളത്. മൂന്നാം മൽസരത്തില്‍ ഐസ്‌ലന്‍ഡും ക്രെയേഷ്യയും, നൈജീരിയയും അര്‍ജന്റീനയുമായാണ് ഏറ്റുമുട്ടുക. ഈ മൽസരത്തില്‍ ഐസ്‌ലന്‍ഡും നൈജീരിയയും തോറ്റാല്‍ മെസിക്കും സംഘത്തിനും പ്രീക്വാര്‍ട്ടറില്‍ എത്താം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ