FIFA World Cup 2018; ലോകകപ്പില്‍ നിന്നും തല കുനിച്ച് മടങ്ങിയതോടെ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം തങ്ങളുടെ തിരിച്ചു വരവിനുള്ള ചിന്തകള്‍ ആലോചിച്ചു തുടങ്ങിയിരിക്കുകയാണ്. ഇതിലേക്കുള്ള ആദ്യ ചുവടെന്ന നിലയില്‍ ആരാധകരും കളിയെഴുത്തുകാരും മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം പരിശീലക സ്ഥാനത്തു നിന്നും സാമ്പോളിയെ മാറ്റുക എന്നതാണ്. പരിശീലകനെന്ന നിലയില്‍ പൂര്‍ണ പരാജയമായിരുന്നു സാമ്പോളി റഷ്യയില്‍. അതിനാല്‍ അദ്ദേഹത്തെ മാറ്റണമെന്ന് ആരാധകരില്‍ നിന്നും മുറവിളി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

ആ വാക്കുകള്‍ അര്‍ജന്റീന കേട്ടെന്നാണ് തോന്നുന്നത്. സാമ്പോളിയെ പുറത്താക്കാനും പുതിയ ആളെ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് അര്‍ജന്റീന. സാമ്പോളിയ്ക്ക് പകരക്കാരാനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ പെപ്പ് ഗാര്‍ഡിയോളയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണയുടേയും ബയേണിന്റേയും പരിശീലകനായിരുന്ന ഗാര്‍ഡിയോളയും മെസിയും തമ്മിലുള്ള ആത്മബന്ധം ഈ നീക്കത്തിന് കളമൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരമായ സെര്‍ജിയോ അഗ്യൂറോ ഗാര്‍ഡിയോളയുമായി ഫോണില്‍ സംസാരിച്ചെന്നും അദ്ദേഹം സമ്മതം മൂളിയിട്ടുണ്ടെന്നുമാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസിയുമായും സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

സിറ്റിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയ ഗാര്‍ഡിയോളയ്ക്ക് 2021 വരെ ക്ലബ്ബില്‍ തുടരാമെന്നാണ് കരാര്‍. എന്നാല്‍ അര്‍ജന്റീനയുടെ വിളി വന്നതോടെ അത് ഉപേക്ഷിച്ച് അദ്ദേഹം മെസിക്കൊപ്പം ചേരുമെന്നാണ് ആരാധകരും കായിക ലോകവും പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 12 മില്യണ്‍ ഡോളറാണ് ഗാര്‍ഡിയോളയ്ക്ക് അര്‍ജന്റീന ഓഫര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഗാര്‍ഡിയോളയോ അര്‍ജന്റീനയോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

ഗാര്‍ഡിയോളയുടെ കീഴില്‍ ബാഴ്‌സലോണയ്ക്കായി മെസി നേടിയ നേട്ടങ്ങളും അഗ്യൂറോ മാഞ്ചസ്റ്ററില്‍ നടത്തുന്ന പ്രകടനങ്ങളുമെല്ലാം മനസിലുള്ള ആരാധകര്‍ വാര്‍ത്ത ശരിയാകണമെന്ന് പ്രതീക്ഷിക്കുകയാണ്. വര്‍ഷങ്ങളായി തുടരുന്ന കിരീട വളര്‍ച്ചയ്ക്ക് ഗാര്‍ഡിയോളയുടെ വരവോടെ അവസാനം കുറിക്കാന്‍ അര്‍ജന്റീനയക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ