FIFA World Cup 2018: കളത്തില്‍ മെസി തോറ്റു പോവുകയായിരുന്നു, 11 കളിക്കാരും നിസ്സഹയരായി പരാജയപ്പെട്ടവരുടെ കൂടാരത്തിലേക്ക് ഒന്നൊന്നായി കയറിപ്പോവുകയായിരുന്നു. പ്രതിരോധം തകര്‍ന്നു പോയ അര്‍ജന്റീന മുന്നേറ്റവും മറന്ന് അര്‍ഹിച്ച തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. മെസിയെ പൂട്ടുക എന്ന ഐസ്‌ലന്‍ഡ് തന്ത്രം പയറ്റാതെ മുന്നേറ്റങ്ങള്‍ക്ക് ടീമിനെ നിര്‍ദേശിച്ച പരിശീലകന്‍ സ്ലാട്കോ ഡാലിക്കിന്റെ വിജയം കൂടിയായിരുന്നു ക്രൊയേഷ്യയുടെ വിജയം. അർജന്‍റീനയുടെ വെള്ളയിൽ നീല വരകളുള്ള കുപ്പായത്തെ പ്രണയിക്കുന്ന ആരാധകരുടെ തലകുമ്പിട്ടുപോയ നിമിഷം, കോടിക്കണക്കായ ആരാധകരുടെ ആര്‍ത്തുവിളികള്‍ നിശബ്‌ദമായിപ്പോയ നിമിഷം.

ഫുട്ബോൾ മാന്ത്രികൻ സാക്ഷാൽ ഡീഗോ മറഡോണയെ ഗാലറിയിൽ സാക്ഷിയാക്കി അർജന്‍റീന തോൽവിയുടെ നിലയില്ലാക്കയത്തിലേക്ക് വീണുപോയ നിമിഷം. മെസിയും അഗ്യൂറോയും ഡെബാലയും ഹിഗ്വയിനും, മഷരാനോയും കളിച്ച പേരും പെരുമയുമുള്ള അർജന്‍റീന ക്രൊയേഷ്യയുടെ മൂന്നടിയിൽ നിഷ്‌പ്രഭരായിപ്പോവുകയായിരുന്നു. ആദ്യ റൗണ്ടിൽ തന്നെ പുറത്തേക്കുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. ആദ്യ റൗണ്ടിൽ പുറത്താകുന്നതിന്‍റെ അതിഗംഭീര നാണക്കേട് അർജന്‍റീനയെ തുറിച്ചുനോക്കുന്നു. ചൊവ്വാഴ്‌ച നൈജീരിയയ്‌ക്ക് എതിരെ നടക്കുന്ന മൽസരത്തില്‍ ജയിച്ചാലും മുന്നോട്ടുളള വഴി ടീമിന് ദുഷ്‌കരം. ആദ്യ മൽസരത്തിലെ സമനിലയോടെ അര്‍ജന്റീനയ്‌ക്കും ഐസ്‌ലന്‍ഡിനും ഓരോ പോയിന്‍റ് വീതമാണ് ഉള്ളത്.

ഐസ്‌ലന്‍ഡും നൈജീരിയയും തമ്മിലുള്ള മൽസരമാണ് അര്‍ജന്‍റീനയ്‌ക്ക് നിണായകം. ജയിക്കുന്നത് ഐസ്‌ലന്‍ഡ് ആണെങ്കില്‍ നാലു പോയിന്റുമായി അവര്‍ ക്രൊയേഷ്യയ്‌ക്ക് പിന്നില്‍ എത്തും. സമനിലയായാലും രണ്ട് പോയിന്റുമായി ഐസ്‌ലന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് എത്തും. അപ്പോള്‍ ക്രൊയേഷ്യയുമായുള്ള ഐസ്‌ലന്‍ഡിന്റെ മൽസരം നിണായകമാകും. ക്രൊയേഷ്യയോട് ഐസ്‌ലന്‍ഡ് തോല്‍ക്കുകയും നൈജീരിയയെ വമ്പന്‍ ഗോളെണ്ണത്തില്‍ അര്‍ജന്‍റീന തോല്‍പ്പിക്കുകയും വേണം കാര്യങ്ങള്‍ അനുകൂലമാവാന്‍. ഇനി ഐസ്‌ലന്‍ഡ് നൈജീരിയ മൽസരത്തില്‍ നൈജീരിയയാണ് ജയിക്കുന്നതെങ്കില്‍ നൈജീരിയ മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്ത് കയറും. അപ്പോഴും നേരത്തെ സാധ്യത തന്നെ നടപ്പിലാകണം. അവസാന മൽസരത്തില്‍ അര്‍ജന്‍റീന നൈജീരിയയെ തോല്‍പ്പിക്കണം, ഐസ്‌ലന്‍ഡ് ക്രൊയേഷ്യയോട് തോല്‍ക്കണം.

അര്‍ജന്റീനന്‍ പ്രതിരോധത്തിലെ എല്ലാ പിഴവുകളും മുതലെടുത്ത് കളിച്ച ക്രൊയേഷ്യ മൽസരത്തില്‍ പൂർണമായ ആധിപത്യം പുലര്‍ത്തുകയായിരുന്നു. അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ കാബെല്ലോയുടെ പിഴവ് മുതലെടുത്ത് റെബിച്ചാണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്. ഉജ്ജ്വലമായ ഒരു ലോങ് റേഞ്ചറിലൂടെ ലൂക്കാ മോഡ്രിച്ച് രണ്ടാം ഗോളും നേടി. അര്‍ജന്റീന്‍ പ്രതിരോധത്തെ പൂര്‍ണമായും നാണംകെടുത്തിയാണ് റാക്കിട്ടിച്ച് അവസാന ഗോള്‍ നേടിയത്. ഗോളി പോസ്റ്റിന് അടുത്തെങ്ങുമില്ലാത്തപ്പോള്‍ പന്ത് മെല്ലെ പോസ്റ്റിലേക്ക് തട്ടി ഇടുകയായിരുന്നു.

ചിരിച്ചുല്ലസിച്ച് കളി കാണാനെത്തിയ ഓരോ അര്‍ജന്റീനിയന്‍ ആരാധകനും തലകുമ്പിട്ടു പോവുകയായിരുന്നു. സന്തോഷത്തിന് പകരം ഓരോ മുഖങ്ങളും ഇരുണ്ടു. ആര്‍ത്തുവിളിച്ചവരോട് നീതി പുലര്‍ത്താനാവാതെ അര്‍ജന്റീന കളിച്ചപ്പോള്‍ നീലയിലും വെളളയിലും ലോകം നിറഞ്ഞവര്‍ക്ക് നിരാശയോടെ മടക്കം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ