ഇന്നലെ ഒരു സുഹൃത്ത് എന്നോട് ഫുട്ബോളിനെ കുറിച്ച് എന്തെങ്കിലും എഴുതാമോ എന്ന് ചോദിച്ചു. എന്നോട് !! പന്ത് കളിയോട് ഒരൽപ്പം പോലും നൂൽ ബന്ധമോ ഒരു തരി പോലും പുല ബന്ധവും ഇല്ലാത്ത എന്നോട് !

ഈ അഭ്യർത്ഥന കേട്ടപ്പോൾ എനിക്ക് കൈച്ചുതാത്താനെ ഓർമവന്നു. ഇളയ മോൻ ജനിച്ചപ്പോൾ എനിക്ക് ഈറ്റ് കാരത്തി ആയി വന്ന കൈചുത്താത്ത. സംസാരം തുടങ്ങിയാൽ നിർത്താൻ ബുദ്ധിമുട്ടുള്ള കൂട്ടത്തിൽ ആയിരുന്നു കൈച്ചു താത്ത ജോലി കഴിഞ്ഞു ക്ഷീണിച്ചു വീട്ടിൽ എത്തുന്ന എന്നെ വർത്തമാനം പറഞ്ഞു തളർത്തും !

സംസാര പ്രിയയായ കൈച്ചുതാത്തയുടെ ഒരു പ്രധാന സംസാര വിഷയം അവർക്ക് സംസാരം തീരെ കുറവാണ് എന്നതാണ്. തനിക്ക് സംസാരം തീരെ കുറവാണ് എന്ന വിഷയത്തെ പറ്റി വാ തോരാതെ, മണിക്കൂറുകളോളം സംസാരിക്കും ഈ ഈറ്റുകാരത്തി! കൈച്ചുതാത്തയുടെ എല്ലാ കുടുംബക്കാരും ഇടയ്ക്കിടെ പറയുമത്രെ അവർ മിതഭാഷി ആണെന്ന്. നാട്ടുകാർക്കും ഇതേ അഭിപ്രായം ആണത്രേ. കൊടുവള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വരെ അവരുടെ വീട്ടിൽ വന്നു പറയും അവർ തീരെ സംസാരിക്കില്ല എന്ന് ! അങ്ങനെ താൻ തീരെ സംസാരം കുറവാണ് എന്ന വിഷയം രണ്ടു മണിക്കൂർ സംസാരിക്കും! അത് പോലെയാണ് ഞാനും ഫുട്ബോളും തമ്മിലുള്ള ബന്ധം. എനിക്ക് ഫുട്ബോൾ എത്രത്തോളം അറിവില്ല എന്ന വിഷയത്തെ പറ്റി രണ്ടു പേജിൽ കുറയാതെ എനിക്ക് എഴുതാൻ പറ്റും !

ഫുട്ബോൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത ജനനം ആയിരുന്നു എന്റേത് . കോഴിക്കോട് മേരികുന്ന് ആശുപത്രിയിൽ. തീർന്നില്ല, കുറ്റസമ്മതം. ബാല്യവും കൗമാരവും , യൗവ്വനവും എല്ലാം തഥൈവ. ഈ പാപഭാരം (അതീവ രഹസ്യമായി) പേറി ജീവിക്കുന്ന എന്നോട് ഫുട്ബോളിനെ പറ്റിയൊക്കെ എഴുതാൻ ആവശ്യപ്പെടാൻ പാടുണ്ടോ? എന്നിരുന്നാലും, ചോദിച്ച സ്ഥിതിക്ക് ഒരു കൈ നോക്കിയാലോ. മനസ്സിൽ ഒരാഗ്രഹം പന്തുപോലെ ഉരുണ്ടു.

ഒരു വിഷയത്തെ പറ്റി എഴുതണമെങ്കിൽ അടിസ്ഥാന വിവരം വേണമല്ലോ. ചുറ്റും ഉള്ള നാട്ടുകാരോട് ചോദിക്കാൻ ധൈര്യമില്ല. ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഈ നാട്ടുകാർ എന്റെ അറിവില്ലായ്മയുടെ നിജസ്ഥിതി അറിഞ്ഞാൽ ചിലപ്പോൾ നാട് കടത്തും. അത് കൊണ്ട് ഗൂഗിളിനോട് ചോദിക്കാൻ തീരുമാനിച്ചു. ആദ്യം തന്നെ അറിയേണ്ടത് കഴിഞ്ഞ വേൾഡ് കപ്പ്‌ ആരാണ് ജയിച്ചത്‌ എന്നാണ്.

ഗൂഗിളിൽ 2014 നോക്കിയപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി !
ജർമ്മനി !!
അപ്പൊ ജനം മുഴുക്കെ അർജന്റീന, ബ്രസീൽ, മെസ്സി, നെയ്മർ എന്നൊക്കെ പറഞ്ഞു ഹാൽ ഇളകി നടക്കുന്നതോ? ഇത് വരെ കണ്ടു കൊണ്ടിരുന്നത് മുഴുവനായി ഫേക്ക് ന്യൂസ്‌ പറയുന്ന, ഫേക്ക് മാത്രം ഉരുവിടുന്ന ഒരു ടോട്ടൽ ഫേക്ക് ചാനൽ ആയിരുന്നോ ?? !!
കഴിഞ്ഞത് പോട്ടെ, അതിനു മുമ്പുള്ള വേൾഡ് കപ്പോ? 2010?
സ്പെയിൻ !! ഞെട്ടലിന് ശക്തി വർധിച്ചു.football,world cup, memories

“പന്ത്രണ്ട് വയസ്സുള്ള ഈ പെൺകുട്ടിയെ ആണോ മുതലാളി കഴിഞ്ഞ പതിമ്മൂന്നു കൊല്ലമായി സ്നേഹിച്ചു കൊണ്ടിരിക്കുന്നത്” എന്ന് ശ്രീനിവാസൻ മോഹൻലാലിനോട് “മിഥുനം” എന്ന സിനിമയിൽ ചോദിച്ചത് ഓർമ വന്നു.അത് പോലെ മുപ്പത്തി രണ്ടു വർഷമായി കപ്പ്‌ ജയിക്കാത്ത അർജന്റീനയുടെ കാര്യം പറഞ്ഞിട്ടാണോ നാട്ടിൽ ആളുകൾ ഇത്രകൊല്ലമായി ലഹള കൂട്ടുന്നത്? ഫ്ലെക്സ് ഉണ്ടാക്കുന്നു, അർജന്റീന ഫ്ലാഗ് നിറത്തിൽ വണ്ടികൾ പെയിന്റ് ചെയ്യുന്നു, എന്തൊക്കെ പുകില് ! ഏതായാലും ഇതിന്റെ കാരണം അറിയണമല്ലോ

മേരെ പ്യാരേ ഭർത്താവിനോട് ചോദിച്ചു. ബുദ്ധിരാക്ഷസൻ ആണ് എന്റെ ഭർത്താവ്. എല്ലാ ദിവസവും അർധരാത്രി വരെ നാനാവിധ ഡോക്യൂമെന്ററികൾ കണ്ടു ബുദ്ധി പെരുപ്പിച്ചു കൊണ്ടേ ഇരിക്കും. ഫുട്ബോളിൽ അമിത താൽപര്യം ഇല്ലെങ്കിലും എല്ലാ വിഷയങ്ങളെപ്പറ്റിയും ഒരു അടിസ്ഥാന ജ്ഞാനം ഉണ്ട്.

അവിടെ നിന്നും ജ്ഞാനം ചെയ്തുകിട്ടിയ അറിവ് ഇങ്ങനെയാണ് : ജർമനി, സ്പെയിൻ എന്ന വികസിത രാഷ്ട്രങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ബ്രസീൽ, അർജന്റീന എന്ന വികസ്വര രാഷ്ട്രങ്ങളിലെ ജനങ്ങൾക്ക്‌ കായിക മേഖലയിൽ അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വളരെ കുറവാണ്. പല താരങ്ങളും വഴിയോരങ്ങളിലും വയലുകളിലും ബൂട്ടോ ജേഴ്‌സിയോ ഇല്ലാതെ നാടൻ രീതിയിൽ പന്ത് കളിച്ചു വളർന്നവരാണ്. ഈ മൂന്നാം ലോകരാഷ്ട്രങ്ങളാണ് ജന്മം മുതൽ മികച്ച ട്രെയിനിങ്ങും എല്ലാ വിധ സൗകര്യങ്ങളും ഉള്ള യൂറോപ്യൻ രാജ്യങ്ങളെ വെല്ലുവിളിച്ചു ജയിച്ചു കീഴടക്കുന്നത്

ലോകകപ്പ് വിജയിക്കുന്നത് പോയിട്ട് അതിനുവേണ്ടി യൂറോപ്യൻ രാജ്യങ്ങൾക്കു നേരെ വെല്ലുവിളി ഉയർത്തുന്നത് തന്നെ ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രയത്‌നഫലം ആണ് . പരിശ്രമിച്ചാൽ എത്ര പ്രതികൂല സാഹചര്യത്തെയും തങ്ങൾക്കും മറികടക്കാമെന്ന ജനങ്ങളുടെ പ്രതീക്ഷയാണ് പെലെയിലൂടെയും മറഡോണയിലൂടെയും മെസ്സിയിലൂടെയും ചിറകു മുളയ്ക്കുന്നത്. അല്ല, ചിറകു വിരിച്ചു വെണ്മാനം വെട്ടിപ്പിടിക്കുന്നത്!

ഇപ്പോൾ ഈ താരരാജാക്കന്മാർ കോടികളുടെ അധിപരെങ്കിലും ബാല്യത്തിലും കൗമാരത്തിലും ജീവിതക്ലേശങ്ങൾ അനുഭവിച്ചവരാണ്,അവസരങ്ങളുടെ ദാരിദ്ര്യം അതിജീവിച്ചവരാണ്.

പരാജയപ്പെട്ട വിദ്യാർത്ഥിനിയുടെ ഓഫ് സൈഡ്

ഈ സാഹചര്യം എനിക്ക് പെട്ടെന്ന് മനസ്സിലാകും. കൈച്ചുത്താത്ത പറയാറുണ്ട്, വേണ്ടത്ര അവസരങ്ങൾ കിട്ടിയിരുന്നെങ്കിൽ അവർ കോഴിക്കോട് കലക്ടർ ആകുമായിരുന്നു എന്ന്. അവസരങ്ങളുടെ പോരായ്മകൾ കാരണം കോഴിക്കോട് കലക്ടർ ആകേണ്ട കൈച്ചു ത്താത്ത കൊടുവള്ളിയിലെ ഈറ്റുകാരത്തി ആയി ജീവിക്കേണ്ടി വന്നു.jabin jalaludheen ,world cup, memories

ഇത് തന്നെ അർജന്റീനയുടെയും സ്ഥിതി! നിമിഷങ്ങൾ കൊണ്ട് എനിക്ക് അർജന്റീനയുടെ ദുഖവുമായി താദാത്മ്യം പ്രാപിക്കാൻ സാധിച്ചു. അതുകൊണ്ട് ഞാനും അർജന്റീനയെ സപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു മറ്റൊരു ഉറച്ച തീരുമാനം കൂടി ! അടുത്ത ഒരു മാസം കൊണ്ട് ഈ ഓഫ്‌ സൈഡ് എന്താണെന്ന് ആഴത്തിൽ ഒന്ന് പഠിക്കണം എന്നുണ്ട്. ഓരോ വേൾഡ് കപ്പ്‌ വരുമ്പോഴും ഞാൻ ഈ ദൃഢനിശ്ചയം എടുക്കാറുണ്ട്. പിന്നെ ഓരോ പണിത്തിരക്കായിട്ടു അതങ്ങു മറന്നു പോകും. ഓഫ്‌സൈഡ് മാത്രമല്ല, പലതും പഠിക്കാനുണ്ട് അടുത്ത മാസം.ആദ്യം തന്നെ പല തരത്തിൽ ഉള്ള സീൽക്കാര ശബ്ദങ്ങൾ പഠിക്കണം !

ഗോൾ അടിക്കാൻ പോകുമ്പോൾ ഉള്ള കടുത്ത മാനസിക സമ്മർദത്തിലാണ്ട മുരൾച്ചകൾ, ഗോൾ ജസ്റ്റ്‌ മിസ്സ്‌ ആയാലുള്ള പ്രസവവേദനയെ ഓർമ്മപ്പിക്കുന്ന തരത്തിൽ ഉള്ള മുക്കലുകൾ, ഇവയൊക്കെ ഫുട്ബോൾ വിദഗ്ദ്ധരെ നോക്കി അനുകരിക്കണം. അഭിപ്രായപ്രകടനം നടത്തിയാൽ മണ്ടത്തരം ആകാൻ സാധ്യത ഉണ്ട്. എങ്കിലും മെഡിക്കൽ ശാസ്ത്രത്തിന്റെ നൂലാമാലകളെ പറ്റി ഒരു ഡോക്ടർ ആയ എനിക്ക് നിർദാക്ഷിണ്യം ലെക്ചർ ക്ലാസ്സ്‌ എടുത്തിരുന്ന ഈറ്റ്കാരത്തി കൈച്ചുത്താത്ത എനിക്ക് ഈ കാര്യത്തിലും ഒരു മാതൃകയും വഴി കാട്ടിയും ആണ്.

ഏതായാലും ഫുട്ബോൾ തീരെ അറിയാത്ത ഒരു ഫുട്ബോൾ പ്രേമി എന്ന നിലയ്ക്കും നീണ്ട പത്തു വർഷത്തെ ശ്രമത്തിനു ശേഷവും ഓഫ്‌ സൈഡ് എന്താണെന്നറിയാതെ പരാജയപ്പെട്ട ഒരു ഓഫ്‌ സൈഡ് വിദ്യാർത്ഥിനി എന്ന നിലയ്ക്കും യാതന നിറഞ്ഞ ഒരു മാസം എല്ലാവർക്കും ആശംസിക്കട്ടെ. സർവ ശക്തിയും ഉപയോഗിച്ച് ഈ പ്രതിസന്ധിയെ നേരിടാൻ ഞാൻ എന്നേയും സമാനമനസ്കരായ അൽപ്പജ്ഞാനികളെയും ആഹ്വാനം ചെയ്യുന്നു. അതിനോടൊപ്പം തന്നെ, ഈ ലോകത്തിലെ കൈച്ചുതാത്തകൾക്കും കഴിവിന് തത്തുല്യമായി അവസരങ്ങൾ ലഭിക്കാതെ പോയ എല്ലാ ഉശിരൻ കളിക്കാർക്കും നീലയിലും വെള്ളയിലും പൊതിഞ്ഞ അഭിവാദ്യങ്ങളും നേരുന്നു ! വെൺമാനം വെട്ടിപിടിക്കട്ടെ വെള്ളയും നീലയും!

ലേഖിക യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ ജോലി ചെയ്യുന്നു

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ