ജപ്പാനെതിരായ മൽസരത്തിലെ ചുവപ്പ് കാര്‍ഡിന് പിന്നാലെ തന്നെ തേടി വന്ന വധഭീഷണികള്‍ കൊളംബിയന്‍ താരം സാഞ്ചസ് മറന്നു കാണില്ല. അത് മറക്കും മുമ്പു തന്നെ താരത്തെ തേടി മറ്റൊരു കാര്‍ഡ് കൂടി എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ പ്രീക്വാര്‍ട്ടര്‍ മൽസരത്തിലാണ് സാഞ്ചസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരിക്കുന്നത്.
ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നെ വീഴ്ത്തിയതിനായിരുന്നു സാഞ്ചസിന് മഞ്ഞക്കാര്‍ഡ് കിട്ടിയത്. അതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി കെയ്ന്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിക്കുകയും ചെയ്‌തു. എന്നാല്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് സാഞ്ചസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനോടുള്ള കൊളംബിയന്‍ അധോലോകത്തിന്റെ പ്രതികരണത്തിലേക്കാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മൽസരത്തില്‍ തോല്‍വിക്ക് കാരണമായവനെ കൊല്ലുമെന്ന് പറഞ്ഞവര്‍ ഇന്നു കൊളംബിയ പുറത്തായാല്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ആശങ്ക.
ജപ്പാനെതിരായ മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതിന് പിന്നാലെയാണ് കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിന് വധഭീഷണി ലഭിച്ചത്. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ സാഞ്ചസിനെ വധിക്കണമെന്ന ആഹ്വാനമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സെല്‍ഫ് ഗോള്‍ അടിച്ചതിനാണ് ആന്ദ്രേ എസ്‌കോബാര്‍ കൊല്ലപ്പെട്ടതെങ്കില്‍ സാഞ്ചസിനെയും വധിക്കണമെന്നാണ് പറയുന്നത്.
ലോകകപ്പിലെ ആദ്യ മല്‍സരത്തിന്റെ മൂന്നാം മിനിറ്റിലാണ് ഷിന്‍ജി കഗാവയുടെ ഗോളെന്നുറച്ച ഷോട്ട് കാര്‍ലോസ് സാഞ്ചസ് കൈ കൊണ്ട് തടഞ്ഞത്. നെറ്റിലേക്ക് നീങ്ങിയ കഗാവയുടെ ഷോട്ട് ബോക്‌സില്‍ വച്ച് സാഞ്ചസ് കൈകൊണ്ട് തട്ടുകയായിരുന്നു.
കാര്‍ലോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയപ്പോള്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ജപ്പാന്‍ ഗോള്‍ നേടി. മല്‍സരം തോറ്റതോടെ സാഞ്ചസ് പ്രതിസ്ഥാനത്താവുകയായിരുന്നു. താരങ്ങള്‍ക്കെതിരായ വധഭീഷണികള്‍ക്ക് കൊളംബിയയില്‍ പഞ്ഞമില്ല. ഇതിഹാസ താരം ആന്ദ്രേ എസ്‌കോബാറിനെ സെല്‍ഫ് അടിച്ച കാരണത്തിന് കൊളംബിയയിലെ തെരുവില്‍ വച്ച് വെടിവച്ച് കൊന്നത് ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ കറുത്ത ഏടാണ്.