FIFA Worl Cup 2018: തോല്‍വിയേക്കാള്‍ വേദനിപ്പിക്കുന്ന സമനിലയുമായി തുടങ്ങനായിരുന്നു അര്‍ജന്റീനയുടെ വിധി. ഐസ് ലാന്റ് പ്രതിരോധത്തില്‍ തട്ടി വീണ മെസിയും സംഘവും കളിയവസാനിപ്പിച്ചത് 1-1 ന്. ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതീക്ഷകള്‍ക്കാണ് ഇന്നലെ മങ്ങലേറ്റത്.
സമനിലയുടെ വേദനയിലിരിക്കുന്ന മെസിയെ തേടി നാണക്കേടിന്റെ ഒരു റെക്കോര്‍ഡും എത്തി. ഇന്നലെ പതിനൊന്ന് വട്ടമാണ് മെസി ഐസ് ലാന്റ് ഗോള്‍ മുഖത്തേക്ക് നിറയൊഴിച്ചത്. എല്ലാം വിഫലമായി. മഞ്ഞുമലയില്‍ തട്ടി വീഴാനായിരുന്നു മെസിയുടെ ഷോട്ടുകളുടെ വിധി. ഇത് മെസിയ്ക്ക് സമ്മാനിച്ചത് ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡ് കൂടിയാണ്.
1966 ന് ശേഷം ഗോളുകള്‍ സ്‌കോര്‍ ചെയ്യാതെ ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ തൊടുക്കുന്ന അര്‍ജന്റീനന്‍ താരമെന്ന റെക്കോര്‍ഡാണ് ഇന്നലത്തെ മത്സരത്തോടെ മെസിയുടെ പേരിലായത്.
മത്സരത്തിന് പിന്നാലെ വിജയം നഷ്ടപ്പെട്ടത് തന്റെ പിഴവ് കൊണ്ടാണെന്ന് സമ്മതിച്ചിരുന്നു അര്‍ജന്റീനയുടെ നായകനായ ഇതിഹാസ താരം ലയണല്‍ മെസ്സി. ഒരു സമനിലയേക്കാള്‍ മികച്ച ഫലം അര്‍ജന്റീന അര്‍ഹിച്ചിരുന്നുവെന്നാണ് ലയണല്‍ മെസ്സിയുടെ വാദം.
മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മെസ്സിയുടെ ഏറ്റുപറച്ചില്‍. ‘പെനാല്‍റ്റി പാഴായത് ഏറെ വേദനിപ്പിക്കുന്നു. ഇതിനേക്കാള്‍ മികച്ച ഫലം മത്സരത്തില്‍ അര്‍ജന്റീന അര്‍ഹിച്ചതാണ്. എങ്കിലും ഇനിയുളള മത്സരങ്ങള്‍ ജയിക്കാന്‍ അര്‍ജന്റീന ശ്രമിക്കും,’ ലയണല്‍ മെസ്സി പറഞ്ഞു.
ലോകകപ്പിലെ കന്നിക്കാരായ ഐസ്ലന്റിനോട് സമനില വഴങ്ങിയതോടെ അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ സാധ്യതകളും കരിനിഴലിലായിട്ടുണ്ട്. കരുത്തരായ അര്‍ജന്റീനയും ക്രൊയേഷ്യയും ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയ്ക്ക് ചെറിയ പ്രതിസന്ധിയാവില്ല സമ്മാനിക്കുക.
പെനാല്‍റ്റി പാഴാക്കിയതോടെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളില്‍ ബഹുഭൂരിപക്ഷവും സോഷ്യല്‍ മീഡിയയിലൂടെ മെസ്സി ആരാധകരെ ലക്ഷ്യമിട്ട് ട്രോളുകള്‍ കൊണ്ട് ആക്രമണം നടത്തുകയാണ്. ഏതായാലും പെനാല്‍റ്റി മിസ് ആക്കിയതിലെ വേദന തുറന്നുപങ്കുവച്ച താരം അടുത്ത മത്സരങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീനയുടെ ആരാധകര്‍.