കാൽപന്തുകളിയുടെ കളിക്കളം എന്നത്, കൃത്യമായ നിയമാവലിയുടെ കീഴിലുളള കളിയാണ്. എന്നാൽ അതിന്റെ വഴികളെ ചാടിക്കടന്ന് പലതരം കളികൾ കളിക്കളത്തിനകത്തും പുറത്തും നടക്കുന്നു. ചിലവ കളിക്കളത്തിൽ ചുവപ്പ് കാർഡ് കാണുന്നു. ചിലത് ആരുമറിയാതെ വിജയിയുടെ വഴിതുറക്കുന്നു. മറ്റ് ചിലത് ചിലരുടെ ജീവിതത്തിന്റെ ചുവപ്പ് കാർഡായി മാറുന്നു അങ്ങനെയുളള സംഭവങ്ങൾ ചരിത്രത്തിന്റെ ഭാഗവുമാകുന്നു.

കളിയിൽ ലഹരിയും ആവേശവും കയറുന്നതിനിടയിൽ കളിക്കളത്തിൽ നടക്കുന്ന നിർഭാഗ്യ സംഭവങ്ങളും, തമാശകളും, കയ്യാങ്കളികളും, കളിക്കളത്തിന് പുറത്തേയ്ക്കും വ്യാപിക്കുന്ന അനന്തരസംഭവങ്ങളാലും ഫുട്ബാൾ പലപ്പോഴും സംഭവബഹുലമായി മാറാറുണ്ട്. കളിക്കാർ തമ്മിൽ തമ്മിൽ നടക്കുന്ന വൈകാരിക പ്രശ്നങ്ങൾ ചിലപ്പോഴൊക്കെ കളികടന്ന് കാര്യമാകാറുണ്ട്.

രണ്ടാഴ്ചകൾക്ക് മുമ്പാണ് മെക്സിക്കോയിലെ രണ്ടു പ്രാദേശിക ക്ലബുകൾ തമ്മിലുള്ള ഫുട്ബാൾ മത്സരത്തിനിടയിൽ, ഒരു ഗോളിന്റെ തീർപ്പുകൽപ്പിക്കുന്നതിനിടയിൽ റഫറിയായ ഹോസേ കപ്പേറ്റിലോയെ മിൽട്ടൺ എന്ന കളിക്കാരൻ തലയ്ക്ക് മർദ്ദിക്കുകയും, തലച്ചോറിനേറ്റ ക്ഷതത്തിന്റെ ഭാഗമായി ആശുപത്രിയിൽ വച്ച് അദ്ദേഹം മരിക്കുകയും ചെയ്തത്.

എത്യോപ്യൻ ഫുട്ബാൾ ലീഗ് മത്സരങ്ങൾ റദ്ദ് ചെയ്തത് കഴിഞ്ഞ മാസമാണ്. കളിക്കിടയിലെ നിയന്ത്രണത്തിനിടയിൽ റഫറിയെ കുറെ കളിക്കാർ ഓടിച്ചിട്ട് മർദ്ദിച്ചതാണ് കാരണം. ഓടുന്നതിനിടയിൽ കോർണറിലെ പതാക സ്റ്റിക്ക് വലിച്ചെടുത്ത് കളിക്കാരെ പ്രതിരോധിക്കാൻ റഫറി വികല ശ്രമങ്ങൾ നടത്തുന്നതും ദയനീയമായ കാഴ്ചയാണ്.

കയ്യേറ്റങ്ങൾക്കും മർദ്ദനങ്ങൾക്കും കൊലപാതകങ്ങൾക്കും ഫുട്ബാൾ രംഗം സാക്ഷ്യം വഹിച്ചീട്ടുണ്ട്. അതിൽ ഏറ്റവും ക്രൂരമായ കൊലപാതകം നടന്നത് കൊളംബിയയിലാണ്. കൊളംബിയൻ പ്രതിരോധനിരയിലെ പ്രതിഭാധനനായ കളിക്കാരൻ ആന്ദ്രേ എസ്‌കോബാറിനെ 1994 ജൂൺ രണ്ടിന് ഒരു നിശാബാറിൽ വച്ച് വെടിവച്ചുകൊന്നു. കാരണം അതിന് രണ്ടാഴ്ച മുമ്പ് നടന്ന ലോകകപ്പ് മത്സരത്തിൽ കൊളമ്പിയ ആദ്യറൗണ്ടിൽ തോറ്റു മടങ്ങിയതും, ആ കളിയിൽ ഗോൾ പ്രതിരോധിക്കുന്നതിനിടയിൽ അദ്ദേഹത്തിൻറെ കാൽ തട്ടി സെൽഫ് ഗോളായതുമാണ് കാരണം. ലഹരിമരുന്ന്, വാതുവയ്പ്പ് സംഘങ്ങൾക്കുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.

ദയനീയമായ ഒറ്റപ്പെടലിന്റെ ചരിത്രം

1950 ലെ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ബ്രസീലും ഉറുഗ്വേയും ഏറ്റുമുട്ടിയപ്പോൾ ഉറുഗ്വേ 2 – 1 നിലയിൽ വിജയിച്ചു. ആദ്യ ഗോളടിച്ചത് ബ്രസീൽ ആയിരുന്നതിനാലും പിന്നീട് ഉറുഗ്വേ 15 മിനിറ്റിനുള്ളിൽ രണ്ടെണ്ണം തിരിച്ചടിച്ചതിനാലും ബ്രസീലിയൻ ഗോൾകീപ്പറായ ബാർബോസയ്ക്ക് അത് തടയാൻ കഴിയാത്തതിനാലും, അദ്ദേഹത്തിന് മേൽ തോൽവിയുടെ ഉത്തരവാദിത്വം ചാർത്തപ്പെട്ടു. നാടും നാട്ടുകാരും അദ്ദേഹത്തെ വെറുത്തു, ഒറ്റപ്പെടുത്തി. മികച്ച ഗോൾകീപ്പറായിരുന്നിട്ടും അയാൾ പിന്നീടുള്ള അമ്പതു വർഷക്കാലം ഒറ്റപ്പെട്ടു കഴിഞ്ഞു. 2000 ത്തിൽ മരണപ്പെടുകയും ചെയ്തു.

കളിക്കളത്തിൽ പരിക്കേറ്റ് നിരവധി കളിക്കാർ മരണമടഞ്ഞീട്ടുണ്ട്. ഇറ്റലിക്കാരനും ഫിയോറെന്റീന ക്ലബിന്റെ ക്യാപ്റ്റനുമായ ഡേവിഡ് ആസ്‌ട്രോയ് കളിക്കളത്തിൽ ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങിയത് ഈ വർഷം മാർച്ച് നാലിനാണ്.

മോഹൻ ബഗാനിൽ കളിച്ച ബ്രസീൽ താരം ക്രിസ്റ്റിയാനോ ജൂനിയർ, മറ്റൊരു ബ്രസീൽ താരമായ പൗലോ സിൽവ, അർജെന്റിനയുടെ 21 വയസുള്ള ഇമ്മാനുവൽ ഒർട്ടേഗ, നൈജീരിയൻ താരങ്ങളായ ചിനോൻസോ ഹെൻറി, ഇദാഹാർ, അൾജീരിയൻ താരം ഹോസിൽ ഹാസെമി, ഇന്തോനേഷ്യൻ കളിക്കാരൻ ഫൈറസ്, പിർമാണിയോ മൊസാനി (ഇറ്റലി), സെർഫി പോർട്ടൻ (ഉക്രയിൻ), മാർക്ക് വിവിയൻ ഫോ (കാമറൂൺ), ക്രൊയേഷ്യയുടെ ഹാർമോയ്‌ കുസ്റ്റിച്, സ്കോട്ട്ലാന്ഡിന്റെ ഫിൽ ഒഡോണേൽ, സ്പെയിനിന്റെ പ്യൂവർട്ട, എന്നീ ഫുട്ബാളർമാരെല്ലാം പുതിയ നൂറ്റാണ്ടിൽ കളിക്കളത്തിലും, പരിക്കേറ്റ് അധികം വൈകാതെ കളിക്കളത്തിന് പുറത്തുമായി മരണപെട്ടവരാണ്. അമിതമായ പരിശീലനം മൂലമാകാം, ഇതിൽ ഭൂരിഭാഗം പേരും മരിച്ചത് ഹൃദയാഘാതം മൂലമാണ്.

ഒട്ടേറെ അപകടങ്ങളും ഫുട്ബാൾ കളിക്കളത്തിൽ നടന്നീട്ടുണ്ട്. ഫുട്ബാൾ ലീഗ് മത്സരം നടക്കുന്നതിനിടയിൽ ലണ്ടണിലെ ബ്രാഡ്ഫോർഡ് സ്റ്റേഡിയത്തിലെ ഗാലറിയിൽ തീപിടിച്ചതാണ് അപകടമുണ്ടായത്. 56 പേരുടെ മരണത്തിനിടയാക്കിയ ഈ വലിയ സംഭവം നടന്നത് 1985 മെയ് മാസത്തിലാണ്.

കൗതുകത്തിനപ്പുറം ചില ക്രൂരതകൾ

ഉറുഗ്വെയുടെ സൂപ്പർ താരം ലൂയി സുവാരസ് മികച്ച കളിക്കാരനാണെങ്കിലും `ചീത്ത കുട്ടി` എന്ന പേരുദോഷമുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഉറുഗ്വേ ഇറ്റലി മത്സരത്തിനിടയിലാണ് സുവാരസ് ഇറ്റലിയുടെ ജോർജ്ജിയോ ചെല്ലിനിയുടെ ഇടതു തോളിൽ കടിച്ചത്. അതിന്റെ പേരിൽ സുവാരസിനെ നാല് മാസക്കാലത്തേയ്ക്ക് അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നും ഫിഫ വിലക്കി. അതിനാൽ ഒമ്പത് മത്സരങ്ങളിൽ സുവാരസിന് കളിക്കാനായില്ല. പ്രീമിയർ ലീഗ് മത്സരത്തിനിടയിൽ ലിവർപൂളിലെ ഇവാനോവിച്ചിനെയും സുവാരസ് കടിച്ചിട്ടുണ്ട്. സുവാരസിന്റെ കടി ലോകവാർത്തയായതോടെ കൊച്ചിയിലെ ഒരു റെസ്റ്റോറന്റിൽ ചായക്കുള്ള കടിയ്ക്ക് (പലഹാരത്തിന്‌) സുവാരസ് എന്ന് പേര് നൽകി മലയാളി തിരിച്ചും കടിച്ചു.

ബെൽജിയത്തിന്റെ സൂപ്പർ താരം ഈഡൻ ഹസാർഡ് ചെൽസിയയുടെ പത്താം നമ്പർ കളിക്കാരനാണ്. ചെൽസിയക്ക് വേണ്ടി കളിക്കുമ്പോൾ കളിക്കിടയിൽ ഗ്രൗണ്ട് അതിർത്തിയിൽ നിന്ന 17 വയസുള്ള ബാൾബോയിയെ മാരകമായി കാലിനു തൊഴിച്ചത് ടീം അംഗങ്ങളെ പോലും ഞെട്ടിച്ചു. ആ ക്രൂരതയ്ക്ക് ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടി വരികയും ചെയ്തു. പിന്നീട് പൊലീസ് കേസിൽ നിന്ന് രക്ഷപെടുകയുണ്ടായി.

സ്പാനിഷ് കളിക്കാരനായ ഹോസേ ജിമ്മിനെസ് അർജന്റീനയിൽ സോക്കർ ലീഗിൽ കളിക്കുമ്പോൾ, ഗ്രൗണ്ടിൽ എങ്ങിനെയോ എത്തപ്പെട്ട പട്ടിയെ കഴുത്തിനു തൂക്കിയെടുത്ത് പുറത്തേക്കെറിഞ്ഞു. എന്നാൽ ഇരുമ്പുത്തൂണിൽ തട്ടി പട്ടി വീണ്ടും താഴെ വീണു. ഇത് കണ്ടു ക്ഷുഭിതരായ കാണികളിൽ ചിലർ വാട്ടർ ബോട്ടിലുകൾ കൊണ്ട് ജിമ്മിനെസിനെ എറിഞ്ഞു. കളിക്കളം എതിരായി. റഫറി ചുവപ്പുകാർഡ് കാണിച്ചു പുറത്താക്കി. ലോകത്തെ ഒട്ടേറെ മൃഗസംഘടനകൾ ഇതിനെതിരെ രംഗത്തുവരികയുമുണ്ടായി.

ബ്രസീൽ താരം ആന്ദ്രേ ലൂയിസ് ഗാർസിയക്കെതിരെ മഞ്ഞകാർഡ് കാണിച്ച റഫറിയുടെ പക്കൽനിന്നും കാർഡ് തട്ടിയെടുത്ത് ചോദ്യം ചെയ്തപ്പോൾ തന്നെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നതോടെ ടീം സംഘർഷം അയഞ്ഞു.

തുപ്പി തോൽപ്പിക്കൽ

നെതർലാൻഡും വെസ്റ്റ് ജർമ്മനിയും 1990 ലെ പ്രീ ക്വർട്ടർ മത്സരത്തിൽ ഏറ്റുമുട്ടുമ്പോഴാണ് സംഭവം. നെതർലാൻഡിന്റെ ഫ്രാൻക് റൈക്കാർഡ് ജർമ്മനിയുടെ റൂഡി വോളരുടെ ദേഹത്തു തുപ്പി. തുപ്പിയത് വിവാദമായെങ്കിലും തുപ്പി തോൽപ്പിക്കാൻ കഴിഞ്ഞില്ല. ജർമ്മനി 2 – 1 നു റിക്കാഡിനെയും ടീമിനെയും തോൽപ്പിച്ചു.

2005 ൽ ഫ്രഞ്ച് ഗോൾകീപ്പറായ ഫാബിയൻ ബർത്തേസിന്റെ തുപ്പലാണ് അടുത്തത്, മാർസെല്ലേ -കസബ്‌ളാങ്ക മത്സരം നടക്കുമ്പോൾ മാർസെല്ലേയുടെ ഗോളിയായിരുന്ന ബാർതേസ് റഫറിയെ തുപ്പി. ഞാൻ മുഖത്തല്ലാ തുപ്പിയത്, ദേഹത്താണ് എന്നൊക്കെ ബർത്തേസ് പറഞ്ഞു നോക്കിയെങ്കിലും, ഫിഫ ആറുമാസത്തേയ്ക്ക് ബാർത്തേസിനെ സസ്‌പെന്റ് ചെയ്യുകയാണുണ്ടായത്.

ഇറ്റലിയുടെ ടോട്ടി ഡെന്മാർക്കിന്റെ പോൾസണെ തുപ്പിയതും ഫുട്ബാൾ ചരിത്രത്തിലെ മറ്റൊരു വൃത്തികേടാണ്. നിലവിലെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ മാഞ്ചെസ്റ്റർ യൂണൈറ്റഡിലെ ഡെർബിയെ തുപ്പിയതും, ലിയോണൽ മെസ്സി, ഡുഡായുടെ ജേഴ്സിയിൽ തുപ്പിയതും തുപ്പൽ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ്.

കാൽപന്തിന് പകരം തലപന്താക്കിയപ്പോൾ ?

2006 ലെ ലോകകപ്പ് ഫൈനൽ. ഇറ്റലിയും ഫ്രാൻസും തമ്മിൽ തീപാറുന്ന പോരാട്ടം. അതിനിടയിലാണ് ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഫുട്ബാൾ പ്രതിഭയായ സിനദിൻ സിദാനെ ഇറ്റലിയുടെ മാർക്കോ മറ്റരാസിയെ തലകൊണ്ട് നെഞ്ചിലിടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ മറ്റരാസി താഴെ വീണു. സിദാന് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോകേണ്ടിവന്നു, പിന്നീട് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലി കപ്പ് നേടി. കളിക്കിടയിലെ അസ്വാരസ്യത്തിൽ, സിദാനെയുടെ സഹോദരിയെ മോശമായി പരാമർശിച്ചതാണ്‌ സിദാനെയെ പ്രകോപിപ്പിച്ചതും ഇടിച്ചതും, അതിനാലാകണം സിദാനെ മാപ്പുപറഞ്ഞില്ലായെന്നതും ശ്രദ്ധേയമാണ്. പത്തുവർഷങ്ങൾക്കുശേഷം മറ്റരാസി എഴുതിയ ജീവിത കഥയിൽ അത് തുറന്നെഴുതിയെന്നത് ഒരാശ്വാസം.

കൈകൊണ്ട് അടിച്ച ഗോളുകൾ

(റഫറിമാരുടെ കണ്ണെത്താത്ത ഫൗൾ ഗോളുകളൊക്കെ ഗോളായി അംഗീകരിക്കപ്പെടും. റഫറിമാരാണ് അന്തിമ വിധികർത്താക്കൾ. (എന്നാൽ 2018 ലോകകപ്പോടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വീഡിയോ റഫറിയുണ്ട്. ഗോളുകളും പെനാൽറ്റികളും കൃത്യമായി നിരീക്ഷിച്ചു സെക്കന്റുകൾക്കുള്ളിൽ തീരുമാനമെടുക്കും. തെറ്റായ ഗോളുകൾ അംഗീകരിക്കപ്പെട്ടില്ല.)

മറഡോണയുടെ `ദൈവത്തിന്റെ കൈ` കൊണ്ടുള്ള ഗോൾ പ്രസിദ്ധമോ കുപ്രസിദ്ധമോ ആണ്. `86 ലെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഇന്ഗ്ലണ്ടും അർജ്‌റന്റീനയും തമ്മിൽ നടന്ന മത്സരത്തിലാണ് മറഡോണ കൈതട്ടി ഗോളാക്കിയത്. 2 – 1 നാണു അർജന്റീന വിജയിച്ചത്. വിജയഗോൾ നേടിയത് “ദൈവത്തിന്റെ കൈ” ആണെന്നായിരുന്നു മറഡോണയുടെ മറുപടി.

ബാഴ്‌സലോണയ്ക്ക് വേണ്ടി ലയണൽ മെസ്സിയും മറഡോണ തട്ടിയിട്ടതുപോലെ കൈകൊണ്ട് തട്ടി ഗോളാക്കിയിട്ടുണ്ട്. രണ്ടു സാഹചര്യങ്ങളും ഒരുപോലെയാണെന്നുള്ളതും കൗതുകകരമാണ്.

2010 ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യത മത്സരത്തിൽ ഫ്രാൻസും അയർലാൻഡും തമ്മിലുള്ള കളിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന അയർലാൻഡിനെതിരെ തിയറി ഹെൻറി ഗോൾപോസ്റ്റിനു മുന്നിൽ നിരവധി കളിക്കാരുടെ ഇടയിൽ വച്ച് കൈകൊണ്ട് പന്ത് തട്ടിയിട്ട് ഗോളടിച്ചത് അയർലാൻഡിന്റെ ലോകകപ്പ് സ്വപ്നങ്ങളെ തകർത്തു. ഫ്രാൻസ് ലോകകപ്പിൽ എത്തുകയും ചെയ്തു. ആ ഗോൾ അംഗീകരിക്കപ്പെടാതിരുന്നെങ്കിൽ അയർലാൻഡ് ലോകകപ്പിലെത്തുമായിരുന്നു. ഇത്തരത്തിൽ ഫുട്ബാൾ ചരിത്രത്തിലെന്നും വിധി നിർണ്ണയിക്കപ്പെട്ട നിരവധിയായ `പാഴ്`ഗോളുകളുണ്ട്.

ഗോളടിക്കുമ്പോഴുണ്ടാകുന്ന വികാര വേലിയേറ്റങ്ങൾ

അതിൽ ഏറ്റവും രസകരമായത് മാസിഡോണിയൻ താരം മാരിയോ ജുറോവ്സ്കിയുടെ പ്രകടനമാണ്. തായ്‌ലാൻഡ് എസ് സി ജി ക്കുവേണ്ടി കളിക്കുമ്പോൾ ഗോളടിച്ച ശേഷം സാധാരണരീതിയിൽ നടന്നുനീങ്ങിയ ശേഷം ഫാൻസിനുമുമ്പിൽ ഷോട്സ് അഴിച്ചു തലയിലിട്ടു നൃത്തം ചെയ്തു. ഷോട്സ് അഴിച്ചതിനാൽ റഫറി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു.

1994 ലെ ലോകകപ്പ് ഫൈനലിൽ ബ്രസീൽ നെതർലാൻഡ് മത്സരം. ബ്രസീലിയൻ താരം ബെബറ്റോ ഗോളടിച്ചതിന് ശേഷം ആ ദിവസങ്ങളിൽ കുട്ടിയുണ്ടായ സന്തോഷത്തിൽ കൈകൊണ്ട് കുട്ടിയെ താരാട്ടു ആട്ടുന്നതുപോലെ ചലിപ്പിക്കുകയും സഹകളിക്കാർ ഒപ്പം ചേർന്ന് അത് അനുകരിക്കുകയും ചെയ്തത്, ലോകകപ്പ് ഫുട്ബാളിലെ ഒരു അവിസ്മരണീയമായ അനുഭവമായി മാറി.

1990 ലെ ലോകകപ്പിൽ കാമറൂൺ താരം റോജർ മില്ല, കൊളംബിയക്കെതിരെ പ്രി ക്വാർട്ടർ മത്സരത്തിൽ രണ്ടു ഗോളുകളടിച്ചു. അന്ന് റോജർ മില്ലയ്ക്ക് 38 വയസുണ്ട്. ഗോളടിച്ച ശേഷം മില്ല കാണികൾക്കരികിലെത്തി നൃത്തം ചെയ്തതും, സഹകളിക്കാർ ഒപ്പം ചുവടുവച്ചതും ഫുട്ബോൾ ചരിത്രത്തിലെ സന്തോഷ സ്മാരകങ്ങളാണ്. മില്ല 42 ആം വയസിൽ 1994 ലെ ലോകകപ്പിലും കളിച്ചു എന്നതും വിസ്മയമാണ്.

ഇങ്ങനെ ഓരോ ഫുട്ബാൾ കളിയിലും ഒട്ടേറെ വ്യത്യസ്തതകളും കൗതുകങ്ങളും, ഉണ്ടാകാറുണ്ട്. ഓരോ വർഷങ്ങൾ കഴിയുമ്പോഴേക്കും ഫുട്ബാൾ വളരുകയാണ്. അത് കളിക്കുന്നവരും അതിന്റെ ആരാധകരും വർധിക്കുകയാണ്. റേസിസത്തിനെതിരെയാണ് ഫുട്ബാൾ നിലകൊള്ളുന്നത്. അത് മാനവീകമാണ്. രാജ്യങ്ങളുടെ അതിർത്തികൾ മായ്ച്ചു കളഞ്ഞു ലോകത്തെ ഒരു കുടക്കീഴിലാക്കുന്ന കായിക മാമാങ്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ