FIFA World Cup 2018: റഷ്യയില്‍ ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തിയ ആരാധകരുടെ അതിര് വിട്ട പെരുമാറ്റത്തെ തുടര്‍ന്ന് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന് ഫിഫ വന്‍ തുക പിഴ ചുമത്തി. സ്വവര്‍ഗാനുരാഗികളെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും പരാമര്‍ശിച്ചുളള ചാന്റ് മുഴക്കിയതിനും അക്രമം നടത്തിയതിനും 1,00000 ഡോളറാണ് (ഏകദേശം 70 ലക്ഷം രൂപ) പിഴ ചുമത്തിയത്. ക്രെയോഷ്യയ്ക്കെതിരെ 3-0ന്റെ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു അര്‍ജന്റീനയുടെ ആരാധകര്‍ നിസ്‌നി സ്റ്റേഡിയത്തില്‍ മോശമായി പെരുമാറിയത്.
‘തോല്‍വിക്ക് പിന്നാലെ ആരാധകര്‍ സാധനങ്ങള്‍ എറിയുകയും എതിര്‍ ആരാധകരെ ആക്രമിക്കുകയും സ്വവര്‍ഗാനുരാഗികളുമായി ബന്ധപ്പെട്ട ചാന്റ് മുഴക്കുകയും ചെയ്‌തിട്ടുണ്ട്’, ഫിഫ പ്രസ്‌താവനയില്‍ വ്യക്തമാക്കി. അര്‍ജന്റീന തോറ്റതിന് പിന്നാലെ ക്രെയേഷ്യന്‍ ആരാധകരെ ആക്രമിക്കുകയും ചെയ്‌തിരുന്നു. ഇതില്‍ അക്രമം നടത്തുന്ന നാല് പേരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്‌ത് നാടുകടത്താന്‍ അര്‍ജന്റീനയുടെ സുരക്ഷാകാര്യ മന്ത്രി പട്രീഷിയ ബുല്‍റിച്ച് റഷ്യയോട് ആവശ്യപ്പെട്ടു.
ഇവര്‍ ക്രെയേഷ്യന്‍ ആരാധകരെ മര്‍ദ്ദിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഫുട്ബോള്‍ ഹൂളിഗനിസമാണ് നടന്നതെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഫിഫ അര്‍ജന്റീനയ്‌ക്ക് പിഴ ചുമത്തിയത്. ക്ലബ്ബിനോടോ, രാജ്യത്തോടോ ഉളള സ്‌നേഹം മൂത്ത് ഫുട്ബോള്‍ ഭ്രാന്താകുന്നവരാണ് ഹൂളിഗന്‍സ്.
ലോകകപ്പ് മൽസരങ്ങൾക്കിടയിൽ കൈയ്യാങ്കളി നടത്തുന്നതിൽ കുപ്രസിദ്ധി നേടിയ ഹൂളിഗൻസ് ഫുട്ബോൾ ലോകത്തെ ആരാധകർക്കിടയിൽ കുപ്രസിദ്ധരാണ്. സ്വന്തം ടീമിനെ പിന്തുണയ്‌ക്കാനെത്തുന്നവർ എതിരാളികളുടെ ആരാധകർക്കിടയിൽ ആക്രമണം അഴിച്ചു വിടുന്നത് പതിവാണ്. പലപ്പോഴും രൂക്ഷമായ രക്തച്ചൊരിച്ചിലിലാണ് ഹൂളിഗൻസിന്റെ ആക്രമണം അവസാനിക്കുന്നത്. റഷ്യയില്‍ കളി കാണാനെത്തുന്ന സ്വവര്‍ഗാനുരാഗികളെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും കുത്തിക്കൊല്ലുമെന്ന് റഷ്യന്‍ ഹൂളിഗന്‍സിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അര്‍ജന്റീന ആരാധകര്‍ ചാന്റ് മുഴക്കിയത്.