FIFA World Cup 2018: ഇംഗ്ലണ്ടിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടായിരുന്നു കൊളംബിയ ലോകകപ്പില്‍ നിന്നും പുറത്തായത്. എന്നാല്‍ ആ പരാജയത്തെ അംഗീകരിക്കാന്‍ കൊളംബിയന്‍ ആരാധകര്‍ക്ക് ഇതുവരേയും സാധിച്ചിട്ടില്ല. അതുകൊണ്ട് ഇംഗ്ലണ്ട്-കൊളംബിയ പ്രീക്വാര്‍ട്ടര്‍ മ്്ത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ആരാധകന്‍. കളി വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഫിഫയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 നായിരുന്നു കൊളംബിയയുടെ പരാജയം. നിശ്ചിത സമയത്തിനിടെ ഇംഗ്ലണ്ടിനായി നായകന്‍ ഹാരി കെയ്‌നായിരുന്നു ഗോള്‍ നേടിയത്. ഹാരി കെയ്‌നെ കൊളംബിയന്‍ താരം സാഞ്ചസ് വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയാണ് കെയ്ന്‍ തന്നെ ഗോളാക്കി മാറ്റിയത്. എന്നാല്‍ ഈ പെനാല്‍റ്റി അനാവശ്യമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് നിരവധി പേരാണ് മണിക്കൂറുകള്‍ക്കകം ഫിഫയുടെ ഔദ്യോഗിക സൈറ്റിലെ പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്. ഏകദേശം 235000 പേര്‍ ഇതിനോടകം പരാതിയില്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ ഈ പരാതിയ്ക്ക് സാധുതയില്ലെന്നും അതിനാല്‍ കളി വീണ്ടും നടത്തില്ലെന്നുമാണ് അധികൃതരുടെ നിലപാട്.
ക്വാര്‍ട്ടറില്‍ സ്വീഡനെയാണ് ഇംഗ്ലണ്ട് നേരിടുക. നാളെയായിരിക്കും ഇംഗ്ലണ്ടും സ്വീഡനും തമ്മിലുള്ള മത്സരം.