‘പോര്‍ക്കളത്തിലേക്ക് അയക്കരുത്, അയാളെ മൈതാനത്തിന് വേണം’; കൊറിയന്‍ സര്‍ക്കാരിനോട് ആരാധകര്‍

FIFA World Cup 2018: ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിന്റെ ശിക്ഷ എന്ന നിലയിലാണ് നടപടി

ലോകകപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മറക്കാനാവത്ത കാഴ്ച്ചകളിലൊന്നാണ് മൈതാനത്ത് പൊട്ടിക്കരയുന്ന കൊറിയന്‍ താരം ഹ്യൂങ് മിന്‍ സണ്‍. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് സണ്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്.

താരത്തിന്റെ കരച്ചിലിന് പിന്നില്‍ ലോകകപ്പില്‍ നിന്നും പുറത്തായതിന്റെ വേദനമാത്രമല്ലെന്നും വേറേയും കാരണങ്ങളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എല്ലാവരും നിര്‍ബന്ധമായും രണ്ട് വര്‍ഷത്തെ സൈനിക സേവനം നടത്തണമെന്ന് നിയമമുണ്ട് ദക്ഷിണ കൊറിയയില്‍. എന്നാല്‍ വിദേശത്ത് കളിക്കുന്ന ഫുട്‌ബോള്‍ താരമായതിനാല്‍ സണ്ണിന് ഇതുവരേയും അത് ചെയ്യേണ്ടി വന്നിട്ടില്ല.

പരാജയത്തോടെ താരത്തെ നിര്‍ബന്ധമായ സൈനിക സേവനത്തിന് നിയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതും താരത്തിന്റെ കണ്ണീരിന് കാരണമായെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ താന്‍ കരഞ്ഞതിന് പിന്നില്‍ ടീമിന്റെ പരാജയം മാത്രമായിരുന്നുവെന്നാണ് സണ്‍ പറഞ്ഞത്.

മെക്‌സിക്കോയ്‌ക്കെതിരായ 2-1 ന്റെ പരാജയത്തിന് പിന്നാലെ ഡ്രസ്സിംഗ് റൂമിലെത്തിയ സണ്‍ കൊറിയന്‍ പ്രസിഡന്റിന് മുന്നില്‍ പൊട്ടിക്കരയുന്നതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. ടീമിലെ ചിലര്‍ ആദ്യ ലോകകപ്പാണ് കളിച്ചതെന്നും അവരുടെ വേദന കണ്ടപ്പോള്‍ തനിക്ക് സഹിക്കാന്‍ സാധിച്ചില്ലെന്നുമായിരുന്നു സണ്‍ പറഞ്ഞത്.

എന്തായാലും ആ കണ്ണീരിനെ അടുത്ത മത്സരത്തില്‍ സണ്‍ പുഞ്ചിരിയാക്കി മാറ്റി. ചാമ്പ്യന്മാരായ ജര്‍മ്മനിക്കെതിരായ ചരിത്ര വിജയത്തിലേക്ക് കൊറിയയെ നയിച്ചുകൊണ്ടായിരുന്നു സണ്‍ മടങ്ങി വന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ഏഷ്യന്‍ ടീം ചാമ്പ്യന്‍ ടീമിനെ പരാജയപ്പെടുത്തുന്നത്.

എന്നാല്‍ വിജയത്തോടെ മടങ്ങിയെങ്കിലും ടീമിനു മുകളിലുള്ള അനശ്ചിതത്വം ഒഴിഞ്ഞു മാറിയിട്ടില്ല. സണ്ണിനേയും മറ്റ് താരങ്ങളേയും കൊറിയ നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയരാക്കുമെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ആശങ്ക. ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിന്റെ ശിക്ഷ എന്ന നിലയിലാണ് നടപടി. 18 നും 35 നും ഇടയില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരും രണ്ട് വര്‍ഷമെങ്കിലും സൈന്യത്തില്‍ സേവനം അനുഷ്ഠിക്കണമെന്നാണ് കൊറിയയിലെ നിയമം.

നേരത്തെ 2002 ല്‍ ലോകകപ്പിന്റെ സെമി ഫൈനലിലെത്തിയ ടീമിനെ ഈ നിയമത്തില്‍ നിന്നും അന്ന് ഒഴിവാക്കിയിരുന്നു എന്നതു ചരിത്രമാണ്. ഒളിമ്പിക്‌സിലും ബേസ് ബോളിലും നേട്ടങ്ങള്‍ കൊയ്തവര്‍ക്കും ഇളവ് ലഭിച്ചിരുന്നു. ഈ അനുകൂല്യം പക്ഷെ ഇപ്പോഴത്തെ ഫുട്‌ബോള്‍ ടീമിന് ലഭിക്കില്ലെന്ന ആശങ്കയിലാണ് ആരാധകര്‍.

ഇതോടെ സണ്ണിനും ടീമിനുമെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ടീമിന്റെ ഭാവിയിലെ പ്രകടനത്തെ തീരുമാനം ബാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ട് കൊറിയന്‍ പ്രസിഡന്റിന്റെ ഓദ്യോഗിക വെബ്ബ് സൈറ്റില്‍ ആരാധകര്‍ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, കൊറിയയുടെ പുറത്താകലിനെ പ്രതീക്ഷകള്‍ തകര്‍ത്ത നിമിഷം എന്നു മാത്രമാണ് പ്രസിഡന്റ് ലീ നാക് യോന്‍ വിശേഷിപ്പിച്ചത്.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Fans sends petition asking not send son to military services

Next Story
FIFA World Cup 2018: ‘ആനന്ദലബ്‌ധിയ്‌ക്ക് ഇനിയെന്ത് വേണം’; ചെല്ലാനത്തെ ആരാധകരെ തേടി മെസിയുടെ സമ്മാനം
The moderation of comments is automated and not cleared manually by malayalam.indianexpress.com