മോസ്കോ: റഷ്യൻ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം. സെമിഫൈനലിൽ ഫ്രാൻസിനോട് തോറ്റ ബെൽജിയവും ക്രൊയേഷ്യയോട് തോറ്റ ഇംഗ്ലണ്ടും അവസാന മത്സരം ജയിക്കാനുറച്ചാവും കളത്തിലിറങ്ങുക. ഈ ലോകകപ്പിൽ ഗ്രൂപ്പ് തലത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ബെൽജിയത്തിനൊപ്പമായിരുന്നു.
ഫ്രാൻസിനെതിരെ ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ഗോളടിക്കാൻ സാധിക്കാതിരുന്നതാണ് ബെൽജിയത്തെ വലച്ചത്. ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച് ഫ്രാൻസ് ഫൈനലിലേക്ക് മുന്നേറി. എന്നാൽ ഇംഗ്ലണ്ടിന്റെ കഥ മറ്റൊന്നായിരുന്നു. രണ്ടാം സെമിയിൽ അഞ്ചാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് ലീഡ് പിടിച്ചു. എന്നാൽ 71-ാം മിനിറ്റിൽ സമനില പിടിച്ച ക്രൊയേഷ്യ അധികം വൈകാതെ രണ്ടാം ഗോളും നേടി വിജയം സ്വന്തമാക്കി.
ഇതോടെ ലോകകപ്പിന്റെ ഫൈനലിലേക്ക് കടക്കുന്ന ഒൻപതാമത്തെ രാജ്യമായി ക്രൊയേഷ്യ. ആക്രമണത്തിൽ ഒപ്പത്തോടൊപ്പം നിൽക്കുമെങ്കിലും ഡിഫൻസിലെ പോരായ്മകളാണ് ബെൽജിയത്തെ വലയ്ക്കുന്നത്. പക്ഷെ ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലെ വിജയം അവർക്ക് കരുത്തേകുന്നുണ്ട്.
പക്ഷെ ഇനിയൊരു തോൽവി കൂടി വഴങ്ങാനുളള ശേഷിയില്ല ഇംഗ്ലീഷ് പടയ്ക്ക്. മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയാണ് അവർക്ക് മുന്നിലുളള ഏക വഴിയും. ബെൽജിയത്തോട് ഗ്രൂപ്പ് മത്സരത്തിലേറ്റ തോൽവിക്ക് കണക്ക് തീർക്കാൻ ഈ മത്സരം അവർ ഉപയോഗപ്പെടുത്തിയാൽ കളിയിൽ തീപാറുമെന്ന് ഉറപ്പ്.