ഫുട്ബോള്‍ താരങ്ങള്‍ക്ക് പെനാല്‍റ്റി വെറും ജയവും തോല്‍വിയും മാത്രമല്ല പലപ്പോഴും ജീവിതവും മരണവുമാണ്. അതുകൊണ്ടാണ് പെനാല്‍റ്റി നഷ്ടപ്പെടുമ്പോല്‍ അവര്‍ പൊട്ടിക്കരയുന്നതും വിശ്വസിക്കാനാവാതെ വീണു കിടക്കുന്നതുമെല്ലാം. ഇന്നലെ കൊളംബിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോള്‍ വിജയിയെ കണ്ടെത്തിയത് പെനാല്‍റ്റിയിലൂടെയായിരുന്നു.
മൽസരശേഷം മൈതാനത്തിരുന്നു വിതുമ്പുന്ന കൊളംബിയന്‍ താരങ്ങളെ ആശ്വസിപ്പിക്കാന്‍ ഇംഗ്ലണ്ടിന്റെ പരിശീലകന് ഗാരെത് സൗത്ത്ഗേറ്റ് തന്നെ എത്തിയതോടെ അത് ഫുട്ബോളില്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ്വ നിമിഷമായി മാറി. കൊളംബിയയ്ക്കായി പെനാല്‍റ്റി എടുത്ത മാത്തേയസ് ഉറിബെയെയാണ് സൗത്ത്ഗേറ്റ് ആശ്വസിപ്പിച്ചത്.
പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മത്തേസ് മൈതാനത്തിരുന്നു പൊട്ടിക്കരയുമ്പോഴായിരുന്നു സൗത്ത്ഗേറ്റ് അരികിലെത്തി ആശ്വസിപ്പിച്ചത്. 1996 ലെ യൂറോ കപ്പില്‍ ഇതുപോലെ നിന്നതിന്റെ ഓര്‍മ്മകള്‍ ഇന്നും സൗത്ത്ഗേറ്റിനെ അലട്ടുന്നുണ്ട്. അതായിരുന്നു അദ്ദേഹത്തെ മത്തേയസിന് അരികിലെത്തിച്ചതും.
സൗത്ത്ഗേറ്റ് അന്ന് നഷ്ടപ്പെടുത്തിയ പെനാല്‍റ്റിയാണ് ഇംഗ്ലണ്ടിനെ യൂറോ കപ്പില്‍ നിന്നും പുറത്തേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ ആ വേദന അദ്ദേഹത്തിന് നന്നായി അറിയാം. മൽസരശേഷം കരയുന്ന, കൊളംബിയയുടെ നായകന് ഫാല്‍ക്കാവോയ്ക്ക് അരികിലെത്തി ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല.
റോഡ്രിഗ്വസില്ലാതെ ഇറങ്ങിയ കൊളംബിയ മൽസരത്തിലുടനീളം പരുക്കന്‍ കളിയായിരുന്നു പുറത്തെടുത്തിരുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, തങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ പെനാല്‍റ്റിയിലൂടെ ജയിക്കുന്നത്.