ഒരു മത്സരത്തില്‍ പോലും മൈതാനത്ത് ഇറങ്ങിയില്ലെങ്കിലും ഈ ലോകകപ്പിന്റെ താരങ്ങളിലൊരാളാണ് ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്റ ഗ്രബാര്‍ കിറ്ററോവിച്ച്. ക്രോട്ടുകള്‍ക്ക് ആവേശം പകരാന്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞ് ഗ്യാലറിയിലെത്തിയായിരുന്നു കൊളിന്റ ആദ്യം അത്ഭുതപ്പെടുത്തിയത്. പിന്നീട് ടീമിനൊപ്പം നൃത്തം ചെയ്ത് വിജയം ആഘോഷിച്ചും ഓരോ ഗോള്‍ വീഴുമ്പോള്‍ ഗ്യാലറിയില്‍ ചാടി എഴുന്നേറ്റ് ആരവം മുഴക്കിയുമെല്ലാം അവര്‍ കാണികളുടെ പ്രിയങ്കരിയായി മാറി.
ഇന്നലെ ഫ്രാന്‍സിനോട് തോറ്റ് ക്രൊയേഷ്യ മടങ്ങുമ്പോള്‍ ഫൈനലിലെ ഏറ്റവും മനോഹരമായ കാഴ്‌ചകളിലൊന്നായിരുന്നു ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിനെ ആശ്ലേഷിക്കുന്ന കൊളിന്റ. അടുത്ത സുഹൃത്തിനോടെന്ന പോലെയോ കുടുംബാംഗത്തോടെന്ന പോലെയോ എല്ലാ താരങ്ങളോടും സംസാരിച്ച് അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന കൊളിന്റ തളരാതെ ക്രൊയേഷ്യന്‍ വീര്യത്തിന്റെ അടയാളമായി മാറി.
ഇതുപോലൊരു പ്രസിഡന്റുള്ളപ്പോള്‍ പിന്നെ ആ നാട്ടിലെങ്ങനെ കായിക രംഗം പിന്നോട്ടു പോകുമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇതുപോലെ പിന്തുണയ്ക്കുന്ന ഭരണാധികാരികള്‍ ഉണ്ടെങ്കില്‍ നമ്മുടെ നാടും ഒരുപാട് മുന്നിലെത്തുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ഇന്നലെ മത്സരശേഷം ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ചുംബിക്കുകയും അദ്ദേഹത്തോടൊപ്പം കൈ പിടിച്ച് മൈതാനത്തേക്ക് എത്തിയ കൊളിന്റ തോല്‍വിയ്ക്കും ജയത്തിനും അപ്പുറമാണ് സ്‌പോര്‍ട്‌സ് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. പ്രസിഡന്റായാല്‍ ഇങ്ങനെ വേണം. രാജ്യം ആഹ്ലാദിക്കുമ്പോള്‍ പ്രോട്ടോക്കോള്‍ മറന്ന് ആനന്ദ നൃത്തമാടണം, സങ്കടപ്പെടുമ്പോള്‍ അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കണം, അവരിലൊരാളാവണം. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ അവരെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.
രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫൈനലില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനല്‍ കളിച്ച ക്രോട്ടുകളെ തകര്‍ത്ത് തങ്ങളുടെ രണ്ടാമത്തെ ലോകകപ്പാണ് ഫ്രാന്‍സ് നേടിയത്. ഫ്രാന്‍സിന്റെ തന്നെ കിലിയന്‍ എംബാപ്പെയാണ് ലോകകപ്പിലെ മികച്ച യുവതാരം. അതേസമയം ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ടും നേടി.
Did you see @KolindaGK? She is the President of Croatia… I have no words! pic.twitter.com/sWds11qpKk
— Paz Segura (@pazsegura) July 15, 2018