FIFA World Cup 2018: ലോകകപ്പിലെ രണ്ടാം സെമി. ഇംഗ്ലണ്ടിനെതിരെ ക്രൊയേഷ്യയന്‍ സകോര്‍ 1-1 ല്‍ എത്തി നില്‍ക്കെ എല്ലാവരുടേയും ചുണ്ടില്‍ പ്രാര്‍ത്ഥനകള്‍ മാത്രം. റഷ്യയിലെ ലുഷ്‌നികി സ്റ്റേഡിയത്തിലിരുന്ന കളി കാണുന്നവരും വീട്ടിലെ ടിവിയില്‍ കളി കാണുന്നവരും എല്ലാവരും വലിയ ഒരു അത്ഭതത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. തങ്ങളുടെ ടീം ചരിത്രം കുറിക്കുന്നതിന് കാത്തിരിക്കുകയായിരുന്നു അവരെല്ലാം. ഒടുവില്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ക്രൊയേഷ്യയുടെ വിജയ ഗോള്‍ പിറക്കുകയായിരുന്നു.
മരിയോ മാന്‍സുകിച്ചായിരുന്നു ക്രൊയേഷ്യയുടെ വിജയ ഗോള്‍ നേടിയത്. നേരത്തെ അവരെ ഒപ്പമെത്തിച്ച പെരുസിച്ചിന്റെ മനോഹരമായൊരു ഹെഡ്ഡറില്‍ നിന്നുമായിരുന്നു മാന്‍സുകിച്ച് ഗോള്‍ കണ്ടെത്തിയത്. ഇംഗ്ലണ്ടിന്റെ വലയിലേക്ക് മാത്രമായിരുന്നില്ല ക്രൊയേഷ്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലേക്ക് കൂടിയായിരുന്നു മാന്‍സുകിച്ച് ആ ഗോള്‍ ്അടിച്ചു കയറ്റിയത്. 1998 ല്‍ മാത്രം ലോകകപ്പ് കളിച്ചു തുടങ്ങിയ കുഞ്ഞാന്‍ രാജ്യത്തെ തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനിലേക്കാണ് ആ ഗോള്‍ എത്തിച്ചത്.
കടുത്ത ക്രൊയേഷന്‍ ആരാധകര്‍ പോലും മോഡ്രിച്ചും സംഘവും ഇവിടം വരെ എത്തുമെന്ന് പ്രതീക്ഷിച്ചു കാണില്ല. ഫുട്‌ബോള്‍ പണ്ഡിതര്‍ പോലും അവരെ സെമിയ്ക്കപ്പുറം പ്രതീക്ഷിച്ചിരുന്നു. സെമിയിലെ എതിരാളികളായയ ഇംഗ്ലണ്ടിന്റെ ശരീര ഭാഷയിലും അതുണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും മാറ്റി മറിച്ചു കൊണ്ട് ക്രൊയേഷ്യ തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനലിലേക്ക് പ്രവേശനം നേടുകയായിരുന്നു. അതും വീരോചിതമായി തന്നെ.
ഇംഗ്ലണ്ടിനെ പോലെ സമ്പന്നമായൊരു ഫുട്‌ബോള്‍ പാരമ്പര്യമില്ലെങ്കിലും കറുത്ത കുതിരകളെന്ന ലേബലില്‍ റഷ്യയിലെത്തിയ ക്രോട്ടുകള്‍ അതുക്കും മേലെ തന്നെയായിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിന് ആധിപത്യം നേടാന്‍ കഴിഞ്ഞത് ആദ്യ 15 മിനുറ്റുകളില്‍ മാത്രമായിരുന്നു. പിന്നീടങ്ങോട്ട് കളി പൂര്‍ണ്ണമായും ക്രൊയേഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. മാനസികമായും ശാരീരികമായും.
പേരുകേട്ട സൂപ്പര്‍ താരങ്ങളില്ലെങ്കില്‍ പോലും വലിയ മത്സരങ്ങളിലെ സമ്മര്‍ദ്ധങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്നതാണ് ക്രൊയേഷ്യയുടെ മനക്കരുത്ത്. ജീവിതത്തില്‍ അവര്‍ കടന്നുവന്ന സാഹചര്യങ്ങളാണ് അതിനുള്ള കരുത്തവര്‍ക്ക് പകരുന്നത്. യുദ്ധവും വിഭജനത്തിന്റെ അന്തരഫലവുമെല്ലാം കണ്ടാണ് മോഡ്രിച്ചും റാക്കിറ്റിച്ചുമെല്ലാം വളര്‍ന്നത്. അതുകൊണ്ടു തന്നെ എതിരാളികള്‍ എത്ര വലിയ കൊമ്പന്മാരായാലും അവസാനം വരെ പൊരാതനുള്ള ധൈര്യം ക്രൊയേഷ്യയ്ക്കുണ്ട്. നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും കടന്ന് പെനാല്‍റ്റിയിലെത്തിയാലും അവരുടെ പോരാട്ട വീര്യം കടുകിണ പോലും ഉലയില്ല. ഈ ലോകകപ്പില്‍ അവരോളം എക്‌സ്ട്രാ ടൈമില്‍ കളിച്ച് കയറിവന്നവരാരുമില്ല.
ലൂക്കാ മോഡ്രിച്ചെന്ന പത്താം നമ്പറുകാരന്റെ ചിറകിലേറിയായിരുന്നു ്‌ക്രൊയേഷ്യ ഫൈനലോളം എത്തിയത്. പല പത്താം നമ്പറുകാരും വീണു പോയ ലോകകപ്പില്‍ ആ അക്കത്തിന്റേയും ക്യാപ്റ്റന്‍ എന്ന സ്ഥാനത്തിന്റെ പര്യായമായി മാറുകയായിരുന്നു മോഡ്രിച്ച്. ഈ ലോകകപ്പില്‍ മോഡ്രിച്ച് ഓടി തീര്‍ത്തത് 63 കിലോമീറ്ററുകളാണ്. മറ്റാരാളേക്കാളും മുമ്പില്‍. ഏത് പ്രതിരോധത്തേയും തകര്‍ക്കാ്ന്‍ കഴിയുന്ന ക്രിയേറ്റീവ് പ്ലെയറാണ് ലൂക്കാ.
ലൂക്കയ്ക്ക് പറ്റിയ പങ്കാളിയാണ് ബാഴ്‌സലോണയുടെ ഇവാന്‍ റാക്കിറ്റിച്ച്. ചാന്‍സ് ക്രിയേറ്റ് ചെയ്യുന്നതിലും പാസിംഗിലുമെല്ലാം ലൂക്കയ്ക്ക് മാത്രം പിന്നിലാണ് റാക്കി. ഇരുവരും ചേര്‍ന്ന് നയിക്കുന്ന മധ്യനിരയായിരുന്നു ക്രൊയേഷ്യയുടെ നട്ടെല്ല്. കളിച്ച കളിലെല്ലാം അവരുടെ പ്രകടനം വെറുതേ ഒന്ന് വീക്ഷിച്ചാല്‍ മാത്രം മതിയാകും അത് മനസിലാകാന്‍. മുന്‍ നിര നയിച്ചത് പെരിസിച്ചും മാന്‍സുകിച്ചും. പറയേണ്ടതില്ല ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മാത്രം മതി ഇരുവരും എത്രത്തോളം അധ്വാനിച്ച് കളിക്കുന്നവരാണെന്ന്.
പക്ഷെ ഫെെനലില്‍ മോഡ്രിച്ചിനും ക്രൊയേഷ്യയുടെ സുവർണ തലമുറയ്ക്കും അടിതെറ്റി. ആദ്യ രണ്ട് ഗോളും ക്രൊയേഷ്യയുടെ നിർഭാഗത്തില്‍ നിന്നുമായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. പക്ഷെ പോഗ്ബ നേടിയ മൂന്നാം ഗോളിനും എംബാപ്പെയുടെ നാലാം ഗോളിനും ന്യായീകരണമില്ല. മുന്നോട്ട് മാത്രം പോകുന്ന പോസിറ്റീവ് ഫുട്ബോള്‍ കളിച്ചാണവർ ഇവിടെ വരെ എത്തിയത്. അർജന്‍റീനയും ജർമ്മനിയും ബ്രസീലും ഉറുഗ്വായും സ്പെയിനുമെല്ലാം നേരത്തേ തന്നെ വീണ ലോകകപ്പില്‍ കാല്‍പ്പന്ത് ആരാധകർക്ക് സുന്ദരഫുട്ബോള്‍ കാഴ്ച്ചവെച്ചാണവർ പോകുന്നത്.
പരാജയത്തിലും തലയുയര്‍ത്തി തന്നെയാണ് ക്രൊയേഷ്യ മടങ്ങുന്നത്. പല വമ്പന്മാരും കടലാസില്‍ മാത്രം കളിച്ചപ്പോള്‍ റഷ്യയിലെ മൈതാനത്തും ആരാധകരുടെ ഹൃദയത്തിലുമാണവര്‍ കളിച്ചത്.