ഇംഗ്ലീഷ് പണ്ഡിതന്മാരും മാധ്യമപ്രവര്‍ത്തകരും ക്രൊയേഷ്യന്‍ ടീമിനെ വിലകുറച്ച് കണ്ടെന്ന് ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്‍റിച്ച്. തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളാണ് ഇംഗ്ലണ്ടിനെതിരായ വിജയത്തിലേക്കുളള പ്രചോദനമായി എടുത്തതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇംഗ്ലണ്ടിന് അനായാസ വിജയം ഉണ്ടാവുമെന്ന് പ്രവചനം നടത്തിയ മാധ്യമങ്ങളേയും ഇംഗ്ലീഷ് മുന്‍താരങ്ങളേയും വിമര്‍ശിച്ചായിരുന്നു ക്രൊയേഷ്യയുടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയ ലൂക്ക മോഡ്‍റിച്ചിന്റെ വാക്കുകള്‍.
‘ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകരും പണ്ഡിതന്മാരും ടിവിയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ക്രൊയേഷ്യയെ ഇന്ന് രാത്രി അവര്‍ വില കുറച്ച് കണ്ടതാണ് അവര്‍ ചെയ്ത വലിയ തെറ്റ്. അവര്‍ ഇതൊക്കെ പറയുമ്പോള്‍ ഞങ്ങള്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ആരാണ് തളര്‍ന്ന് പോകുന്നതെന്ന് ഇന്ന് രാത്രി കാണാം എന്നായിരുന്നു ഞങ്ങള്‍ കണക്കുകൂട്ടിയിരുന്നത്. എതിരാളിയോട് വിനയവും ബഹുമാനവും കാണിക്കണമായിരുന്നു അവര്‍’, മോഡ്‍റിച്ച് പറഞ്ഞു.
‘ഞങ്ങള്‍ തളര്‍ന്നിട്ടില്ലെന്ന് ഞങ്ങള്‍ വീണ്ടും കാണിച്ചു. ശാരീരികമായും മാനസികമായും കളിയില്‍ ഞങ്ങള്‍ ആധിപത്യം പുലര്‍ത്തി. എക്സ്ട്രാ ടൈമിന് മുമ്പ് തന്നെ ഞങ്ങള്‍ മുന്നിലെത്തണമായിരുന്നു. വളരെ വലിയൊരു നേട്ടമാണ് ഞങ്ങള്‍ക്കിത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വപ്നം യാഥാര്‍ത്ഥ്യമായി. ക്രൊയോഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം ആണിത്. ഞങ്ങള്‍ അഭിമാനിക്കുന്നു’, ലൂക്ക മോഡ്‍റിച്ച് പറഞ്ഞു.
ടീം അംഗങ്ങള്‍ എല്ലാവരും തളരാതെ കളിച്ചതായി ഇംഗ്ലണ്ടിന്റെ ആദ്യ ഗോളിന് മറുപടി നല്‍കിയ ഇവാന്‍ പെരിസിച്ച് പറഞ്ഞു. ‘ഞങ്ങളെ പോലെ ഒരു ചെറിയ രാജ്യത്തിന് ലോകകപ്പ് സെമിഫൈനല്‍ എത്രമാത്രം വലുതാണെന്ന് ടീമിന് ബോധ്യമുണ്ടായിരുന്നു. ഞങ്ങള്‍ പതിയെ ആണ് തുടങ്ങിയത്. കഴിഞ്ഞ നോക്കൗട്ടില്‍ കണ്ടത് പോലെ പിന്നില്‍ നിന്ന് മുന്നോട്ട് വന്നാണ് ഞങ്ങള്‍ ജയിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രൊയേഷ്യയുടെ ജഴ്സി അണിഞ്ഞ് ലോകകപ്പിന് ഇറങ്ങുന്ന സ്വപ്നം എനിക്കുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തിന് വേണ്ടി ഒരു ഗോളടിച്ച് ഫൈനലിലെത്തിയതും ഇപ്പോള്‍ സ്വപ്നം പോലെ തോന്നുന്നു’, ഇവാന്‍ പെരിസിച്ച് പറഞ്ഞു.
‘LM 10’ ; ബോംബ് വീണ തെരുവുകളില്‍ പന്ത് തട്ടി വളര്‍ന്ന മാന്ത്രികന്‍
എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയില്‍ 2-1നായിരുന്നു ക്രൊയേഷ്യയുടെ വിജയം. ഇതാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്‍റെ ഫൈനലിലെത്തുന്നത്. ആവേശപ്പോരില്‍ ആദ്യം മുന്നിലെത്തിയത് ഇംഗ്ലണ്ടാണ്. കളി തുടങ്ങി അഞ്ചാം മിനിറ്റിലാണ് ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടിയത്.
മനോഹരമായൊരു ഫ്രീ കിക്കിലൂടെ ട്രിപ്പിയറാണ് ഇംഗ്ലണ്ടിന് ലീഡ് നേടികൊടുത്തത്. ആദ്യ പകുതിയില്‍ തന്നെ കളം പിടിച്ച് കളി പിടിക്കാന്‍ ക്രൊയേഷ്യയുടെ ശ്രമമുണ്ടായെങ്കിലും മുന്നേറ്റനിരയിലെ മൂര്‍ച്ചക്കുറവു കൊണ്ടുമാത്രം ഗോള്‍ശ്രമങ്ങളെല്ലാം നിഷ്ഫലമാവുകയായിരുന്നു. നാലൂക്ക മോഡ്രിച്ച്, ഇവാന്‍ റാക്കിട്ടിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച് തുടങ്ങിയവര്‍ അണിനിരക്കുന്ന ലോകകപ്പില്‍ ഏറ്റവും മികച്ച മധ്യനിരയുമായാണ് ക്രൊയേഷ്യ ഇറങ്ങിയത്.
ലൂക്കാ മോഡ്രിച്ചും റാക്കിറ്റിച്ചുമായിരുന്നു ക്രൊയേഷ്യന്‍ മുന്നേറ്റങ്ങളുടെ കേന്ദ്രം. അതേസമയം, സൂപ്പർ താരം ഹാരി കെയ്ന്‍ ഗോളെന്നുറച്ച സുവർണാവസരങ്ങള്‍ നഷ്ടമാക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. സെറ്റ് പീസില്‍ നിന്നും ലഭിച്ച ഗോളല്ലാതെ ഇംഗ്ലണ്ടില്‍ നിന്നും ഒരു ഷോട്ട് മാത്രമേ ടാർഗറ്റിലെത്തിയുള്ളൂ എന്നതും അവരുടെ ആക്രമണത്തിന്‍റെ പോരായ്മായി നിലനില്‍ക്കുന്നു.
ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറക്കായതോടെ രണ്ടാം പകുതിയില്‍ ക്രൊയേഷ്യ ആക്രമണത്തിന് വേഗത കൂട്ടുകയായിരുന്നു. നിരന്തര ആക്രമണവുമായി ഇംഗ്ലണ്ട് ഗോള്‍ മുഖത്ത് ക്രൊയേഷ്യയുടെ സുവര്‍ണ തലമുറ അപകടം വിതച്ചു. ഒടുവില്‍ 68-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്റെ മനോഹരമായ ഗോളിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു.
ഇതോടെ ആത്മവിശ്വസം വര്‍ധിച്ച ക്രൊയേഷ്യ വീണ്ടും നിരന്തര ആക്രണം നടത്തിയെങ്കിലും ചാന്‍സുകള്‍ മിസ് ആയതും ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ട്ട് മതിലു പോലെ മുന്നില്‍ നിന്നതും വിനയായി. അതേസമയം, ഇംഗ്ലണ്ട് ആക്രമണത്തില്‍ നിന്നും പിന്നോട്ട് വലിഞ്ഞ് കളി കൂടുതല്‍ ഡിഫന്‍സീവിലാക്കി. എന്നാല്‍ കളി നിശ്ചിത സമയം പിന്നിട്ടപ്പോഴും ഗോള്‍ നില സമാസമമായതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.
എകസ്ട്രാ ടൈമില്‍ 98-ാം മിനിറ്റില്‍ ലഭിച്ച കോർണർ ഗോളാക്കി മാറ്റാന്‍ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും പെനാല്‍റ്റി ബോക്സിന് തൊട്ട് മുന്നില്‍ വച്ച് സാല്‍ക്കോ അതിസാഹസികമായൊരു സേവിലൂടെ ക്രൊയേഷ്യയെ രക്ഷിക്കുകയായിരുന്നു. പെരിസിച്ചിന്‍റെ ഗോളിന് പിന്നിലും സാല്‍ക്കോയായിരുന്നു. എക്സ്ട്രാ ടൈമില്‍ പെരിസിച്ചിന്‍റെ ഭാഗത്തു നിന്നും ഉരിശന്‍ പ്രകടനമായിരുന്നു കണ്ടത്. 105-ാം മിനിറ്റില്‍ മാന്‍സുകിച്ചിന്‍റെ ഗോളെന്നുറച്ച നീക്കം തടഞ്ഞ് പിക്ഫോർഡ് വീണ്ടും ഇംഗ്ലണ്ടിന്‍റെ രക്ഷകനായി മാറി.
എന്നാല്‍ എക്സ്ട്രാ ടൈമിന്‍റെ രണ്ടാം പകുതിയില്‍ ആ പിഴവ് മാന്‍സുകിച്ച് നികത്തി. പെരിസിച്ചിന്‍റെ ഹെഡ്ഡറിനെ ഇംഗ്ലണ്ടിന്‍റെ ഗോള്‍ വലയിലേക്ക് തിരിച്ചു വിട്ട് മാന്‍സുകിച്ച് ക്രൊയേഷ്യയെ മുന്നിലെത്തിക്കുകയായിരുന്നു. കളിയിലെ താരവും പെരിസിച്ചായിരുന്നു.