Latest News

കപ്പിലേക്ക് ക്രൊയേഷ്യയ്ക്ക് ഒരു കാല്‍പ്പാദം മുന്‍തൂക്കം; എന്തുകൊണ്ട് ഡാലിച്ചിന്റെ ചെകുത്താന്മാര്‍!

‘ധൈര്യവും മനക്കരുത്തും ഇല്ലെങ്കില്‍ അവര്‍ ഫൈനലില്‍ എത്തിയിട്ടുണ്ടാവില്ല’ എന്ന ഡാലിച്ചിന്റെ വാക്കുകള്‍ ടീമിന്റെ ആത്മവിശ്വാസം എത്രത്തോളമാണെന്ന് കാണിക്കുന്നു

ക്രൊയോഷ്യയ്ക്കും ഫ്രാന്‍സിനും ലോകകപ്പ് കിരീടത്തില്‍ മുത്തം വെയ്ക്കാന്‍ ഒരു മത്സരദൂരം മാത്രമാണ് ബാക്കി. ആദ്യ കിരീടം ലക്ഷ്യമിട്ട് ക്രൊയേഷ്യ ഇറങ്ങുമ്പോള്‍ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ക്രൊയോഷ്യ ബൂട്ടണിയുന്നത്. ഒന്നും നഷ്ടപ്പെടാനില്ലാതെ ലോകകപ്പിലെത്തിയ ക്രൊയേഷ്യ വമ്പന്മാരേക്കാളും ഏറെ മുന്നേറിയാണ് ലോകകപ്പ് ഫൈനലില്‍ എത്തിയത്. ഒന്നും നഷ്ടപ്പെടാനില്ലെന്ന തിരിച്ചറിവ് തന്നെ ടീമിന് ധൈര്യം നല്‍കും. ‘ആര് ധൈര്യപ്പെടുന്നുവോ, അവര്‍ വിജയിക്കും’ എന്നായിരുന്നു ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത്. ‘ലോകകപ്പിനു മുമ്പ് ഞങ്ങള്‍ക്ക് മൂന്നാം സ്ഥാനം നല്‍കാമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനത് ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. ഇപ്പോള്‍ അതിനു പറ്റില്ല.’ സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടും മുമ്പ് ഡാലിച്ച് പറഞ്ഞ വാക്കുകളാണിത്.

ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം നിറഞ്ഞുനില്‍ക്കുന്ന വാക്കുകളായിരുന്നു അത്. ഇതേ ആത്മവിശ്വാസം തന്നെയായിരുന്നു ക്രൊയോഷ്യന്‍ താരങ്ങളിലേക്കും പകര്‍ന്നത്. ‘ധൈര്യവും മനക്കരുത്തും ഇല്ലെങ്കില്‍ അവര്‍ ഫൈനലില്‍ എത്തിയിട്ടുണ്ടാവില്ല’ എന്ന ഡാലിച്ചിന്റെ വാക്കുകള്‍ ടീമിന്റെ ആത്മവിശ്വാസം എത്രത്തോളമാണെന്ന് കാണിക്കുന്നു. 1991 മുതല്‍ 95 വരെ നീണ്ടു നിന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ജീവന്‍ ത്യജിച്ച 10,000ത്തില്‍ അധികം വരുന്നവര്‍ക്കുളള സമര്‍പ്പണം കൂടിയാകും ക്രൊയോഷ്യയുടെ വിജയം. ക്രൊയോഷ്യയ്ക്ക് വിജയ സാധ്യത കാണാനുളള നാല് കാരണങ്ങള്‍ പരിശോധിക്കാം.

തിരിച്ചുവരവുകള്‍:

ഒരു ടീമിനേയും എഴുതി തള്ളാന്‍ കഴിയില്ല എന്ന പാഠമാണ് ഈ ലോകകപ്പ് പകര്‍ന്ന് നല്‍കുന്നത്. വളരെ സുഗമമായാണ് ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ 3-0ത്തിന് തകര്‍ത്ത് ക്രൊയോഷ്യ മുന്നേറിയത്. അര്‍ജന്ൻീനയില്‍ നിന്നും കൂടുതല്‍ ഭീഷണി നേരിടേണ്ടി വന്നില്ലെങ്കിലും പിന്നീട് കൂടുതല്‍ കടുത്ത പരീക്ഷണങ്ങളായിരുന്നു. തുടര്‍ന്നുണ്ടായ മൂന്ന് നോക്കൗട്ട് മത്സരങ്ങളിലും ആദ്യം പിന്നിലായതിന് ശേഷമാണ് ക്രൊയേഷ്യ മുന്നിലേക്ക് ഓടിക്കയറിയത്. ഡെന്‍മാര്‍ക്കിനെതിരെ പെനാള്‍ട്ടിയിലേക്ക് നീണ്ട മത്സരത്തില്‍ മരിയോ മാന്‍സൂകിച്ചായിരുന്നു ഗതി മാറ്റി മറിച്ചത്. മറ്റൊരു ഷൂട്ടൗട്ടില്‍ ആതിഥേയരായ റഷ്യയെ അടിയറവ് പറയിച്ചതും ഷൂട്ടൗട്ടില്‍. ഇംഗ്ലണ്ടിനെതിരെ സെമിയില്‍ ജയിച്ചതും പിന്നില്‍ നിന്ന് ഓടിക്കയറി. ക്രൊയേഷ്യയുടെ ആദ്യപകുതിയിലെ കളി ഏറെക്കുറെ ദുരൂഹമായിരുന്നു. ഒരു ഗോളിന് പിന്നിലായിട്ടും ഇംഗ്ലണ്ടിന്റെ ഗോള്‍ ഏരിയക്കുചുറ്റും കളി മെനയാനും ഉയരക്കാരനായ മാന്ദ്‌സുകിച്ചിന് പന്തെത്തിക്കാനും അവര്‍ ശ്രമിച്ചില്ല. പകരം ലോങ് റേഞ്ചറുകളിലൂടെയുള്ള ഭാഗ്യപരീക്ഷണങ്ങളാണ് ശ്രമിച്ചത്. അവയ്ക്കാകട്ടെ വലകുലുക്കാനുള്ള കൃത്യതയുമുണ്ടായിരുന്നില്ല. ലൂക്കാ മോഡ്രിച്ചിനെ ഇംഗ്ലണ്ട് നന്നായി മാര്‍ക്ക് ചെയ്തതും ഇനിയുമൊരു ഗോള്‍ വഴങ്ങേണ്ടെന്ന് നിര്‍ദേശം ലഭിച്ചതുമായിരിക്കണം ഇതിനു കാരണം.

രണ്ടാം പകുതിയില്‍ ക്രൊയേഷ്യയുടെ നീക്കങ്ങള്‍ക്ക് കുറച്ചുകൂടി ലക്ഷ്യബോധം കൈവന്നു. വലതുഭാഗത്തു നിന്ന് വിര്‍സാല്‍കോ തൊടുത്ത ക്രോസാണ് കളിയുടെ ഗതിമാറ്റിയത്. ബോക്‌സിലേക്ക് പന്ത് തൂങ്ങിയിറങ്ങുമ്പോള്‍ ഇംഗ്ലണ്ടുകാര്‍ മരിയോ മാന്ദ്‌സുകിച്ചിനെ മാര്‍ക്ക് ചെയ്യാന്‍ ജാഗ്രത പുലര്‍ത്തവെ ഫ്രീയായി ഓടിക്കയറിയ പെരിസിച്ച് പണിപറ്റിച്ചു. ഹെഡ്ഡ് ചെയ്‌തൊഴിവാക്കാനായി ഡൈവ് ചെയ്ത കെയ്ല്‍ വാക്കറുടെ തലയില്‍ കൊള്ളുന്നതിന്റെ തൊട്ടുമുന്നത്തെ അര്‍ധനിമിഷത്തില്‍ പെരിസിച്ചിന്റെ ബൂട്ട് പന്തിന് അന്ത്യചുംബനം നല്‍കി. കൃത്യസമയത്തു തന്നെയായിരുന്നു ക്രൊയേഷ്യക്കാര്‍ ഗോള്‍ കണ്ടെത്തിയത്. ആ ഗോളോടെ, ഇംഗ്ലണ്ട് അതുവരെ സംഭരിച്ചുനിന്ന ആത്മവിശ്വാസം ചോര്‍ന്നുപോയി. മാത്രവുമല്ല, അവര്‍ക്ക് മോഡ്രിച്ചിനെ സ്വതന്ത്രനാക്കേണ്ടിയും വന്നു. ക്ഷീണിതനായിരുന്നെങ്കിലും മോഡ്രിച്ച് അവസാന ഘട്ടങ്ങളില്‍ ക്രൊയേഷ്യന്‍ നീക്കങ്ങളില്‍ സജീവമായി പങ്കെടുത്തു. റെബിച്ചിന്റെ ഹെഡ്ഡറോടെ ഇംഗ്ലണ്ട് പുറത്ത്. അവസാന നിമിഷങ്ങളിലെ അക്ഷീണപ്രകടനം അങ്ങനെ ക്രൊയോഷ്യയ്ക്ക് ഗുണകരമാകുന്നു.

ഊര്‍ജ്ജസ്വലത:

ക്രൊയേഷ്യന്‍ താരങ്ങള്‍ തളര്‍ന്നുപോയെന്ന് ഒരിക്കലും പറയരുത്, കാരണം അതും അവര്‍ പ്രചോദനമായി എടുത്ത് വാശിയോടെ പോരാടും. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇതാണ് കണ്ടതും. തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളാണ് ഇംഗ്ലണ്ടിനെതിരായ വിജയത്തിലേക്കുളള പ്രചോദനമായി എടുത്തതെന്ന് ലൂക്ക മോഡ്രിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ‘ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകരും പണ്ഡിതന്മാരും ടിവിയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ക്രൊയേഷ്യയെ ഇന്ന് രാത്രി അവര്‍ വില കുറച്ച് കണ്ടതാണ് അവര്‍ ചെയ്ത വലിയ തെറ്റ്. അവര്‍ ഇതൊക്കെ പറയുമ്പോള്‍ ഞങ്ങള്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ആരാണ് തളര്‍ന്ന് പോകുന്നതെന്ന് ഇന്ന് രാത്രി കാണാം എന്നായിരുന്നു ഞങ്ങള്‍ കണക്കുകൂട്ടിയിരുന്നത്. എതിരാളിയോട് വിനയവും ബഹുമാനവും കാണിക്കണമായിരുന്നു അവര്‍’, മോഡ്‍റിച്ച് പറഞ്ഞു.

ലൂക്ക മോഡ്രിച്ച്

എന്നാല്‍ ഇംഗ്ലണ്ടിനോട് കളിച്ചത്രയും ഊര്‍ജ്ജം ക്രൊയോഷ്യയുടെ കായില്‍ ബാക്കിയുണ്ടോ. ക്രൊയോഷ്യന്‍ താരങ്ങളെ എല്ലാവരേയും എടുത്താല്‍ ആവറേജ് പ്രായം എന്നത് 28 ആണ്. അതേസമയം ഫ്രാന്‍സിന്റേത് 26 ആണ്. ലോകകപ്പിലെ മറ്റേതൊരു ടീമിനേക്കാളാും 90 മിനിറ്റ് കൂടുതല്‍ കളിച്ചവരാണ് ക്രൊയേഷ്യക്കാര്‍. അതായത് മറ്റേതൊരു ടീമിനേക്കാളും എക്സ്ട്രാ ടൈം അനുഭവപാഠം ലഭിച്ചത് ഇവര്‍ക്കാണ്. ഡെന്‍മാര്‍ക്കിനും റഷ്യയ്ക്കും ഇതിരെ 120 മിനിറ്റാണ് ക്രൊയേഷ്യ കളിച്ചിരുന്നത്. ഈ രണ്ട് മത്സരങ്ങളില്‍ അല്ലാതെ എക്സ്ട്രാ ടൈം വരെ ഒരു പകരക്കാരനെ ടീം കളിക്കിടെ ഇറക്കിയിട്ടില്ല. അതായത് തങ്ങളുടെ എതിരാളിയേക്കാളും നന്നായി എങ്ങനെ അവസാനനിമിഷം കളിക്കണമെന്ന പരിശീലനം ലഭിച്ചവരാണ് ക്രൊയോഷ്യന്‍ ടീം.

ബിഗ് എം’സ്:

ക്രൊയോഷ്യയുടെ കളിയെ ഇത്രമേല്‍ മനോഹരമാക്കിയതില്‍ വലിയ പങ്കുളളവരാണ് മോഡ്രിച്ചും മാന്ദ്സൂകിച്ചും. ഇരുവരും റാക്കിറ്റിച്ചിനൊപ്പം ചേര്‍ന്ന് വല നെയ്തപ്പോഴാണ് ക്രൊയോഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് തീപ്പിടിച്ചത്. ഇവര്‍ രണ്ട് പേരും ചേര്‍ന്നാണ് മൈതാനത്ത് എല്ലാത്തിനേയും ഒരുമിച്ച് കൂട്ടുന്നതെന്നാണ് മുന്‍ സ്കോട്ട്ലന്റ് താരമായ ആന്‍ഡി റോക്സ്ബര്‍ഗ് പറഞ്ഞത്. വീക്ഷണത്തിലും പാസിംഗിലും കൃത്യതയുളള മോഡ്രിച്ചാണ് ആസൂത്രകന്‍. ‘ബാറ്റണ്‍ കൊണ്ട് മുന്നേ ഓടി എല്ലാവരേയും ഒന്നിപ്പിക്കുന്നവനാണ് മോഡ്രിച്ച്’, എന്നും റോക്സ്ബര്‍ഗ് പറഞ്ഞിരുന്നു. 4-2-3-1 ഫോര്‍മേഷനിലുളള കളിക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നത് പന്ത് വേഗത്തില്‍ തിരിച്ചു പിടിക്കുന്ന മാന്ദ്സൂക്കിച്ചിന്റെ നീക്കങ്ങളാണ്. ‘അദ്ദേഹത്തിന്റെ വിശേഷത ചോദ്യം ചെയ്യാന്‍ കഴിയാത്തതാണ്. അയാളുടെ ആത്മാര്‍ത്ഥതയും പോരാട്ടവും വാക്കുകള്‍ക്ക് അതീതമാണ്’, റോക്സ്ബര്‍ഗ് പറഞ്ഞു.

കായികമായി നേരിടല്‍:

എതിരാളികളെ കായികമായി പ്രതിരോധിക്കുന്ന രീതി ഫ്രാന്‍സിനെതിരേയും പുറത്തെടുത്താല്‍ ദേജന്‍ ലോവ്റന്‍ വിലയായി നല്‍കേണ്ടി വരിക ലോകകപ്പ് ആയിരിക്കും. സെമിഫൈനലില്‍ ഹാരി കെയിനിന്റെ വഴി കായികമായി ദേജന്‍ തടഞ്ഞത് മുഴച്ചുനിന്നതായിരുന്നു. കൈലിയാന്‍ എംബാപ്പെ ആയിരിക്കും ഇത്തവണ ദെജാന് വെല്ലുവിളി ഉയര്‍ത്തുക. വീഡിയോ അസിസ്റ്റിന്റെ സഹായം ഉണ്ടെന്ന് ഓര്‍ത്ത് ദേജന്‍ കലിച്ചാല്‍ ലോകകപ്പ് ക്രൊയോഷ്യയിലേക്ക് തന്നെയാവും പോവുക.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Croatia fifa world cup final france

Next Story
പെട്ടി നിറയെ കാശുമായി ലോകകപ്പ് ജേതാക്കള്‍ വീട്ടിലേക്ക് മടങ്ങും; സമ്മാനത്തുകയുടെ വിവരങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com