ലോകകപ്പിൽ പോർച്ചുഗലിന്റെ വിജയസാധ്യത മുഴുവനും ഒരൊറ്റ താരത്തിന്റെ ചുമലിലാണ്. മറ്റാരുമല്ല, സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ. സ്‌പെയിനിനെതിരെ ലോകകപ്പിലെ ആദ്യ മൽസരത്തിൽ ക്രിസ്റ്റ്യാനോയുടെ ഒറ്റ മികവിലാണ് പോർച്ചുഗൽ സമനില പിടിച്ചത്.

റഷ്യൻ ലോകകപ്പിൽ ഇന്ന് രണ്ടാം മൽസരത്തിനിറങ്ങിയ പോർച്ചുഗലിന് വേണ്ടി നാലാമത്തെ മിനിറ്റിൽ ഇത്തവണത്തെ നാലാമത്തെ ഗോൾ സ്വന്തമാക്കി സൂപ്പർ താരം. മൈതാനം പോർച്ചുഗൽ ആരാധകരുടെ ആഘോഷത്തിൽ മുങ്ങിയ നിമിഷമായിരുന്നു അത്. അനുകൂലമായി ലഭിച്ച കോർണർ കിക്കിനെ കൃത്യമായി ഹെഡ് ചെയ്‌ത് വലയിലാക്കിയ ക്രിസ്റ്റ്യാനോ ഒരിക്കൽ കൂടി തന്റെ മികവ് അടയാളപ്പെടുത്തി.

ഗോളടിച്ച ശേഷം മൈതാനത്തിന്റെ മൂലയിലേക്ക് പാഞ്ഞെത്തിയ ക്രിസ്റ്റ്യാനോ സംഘാംഗങ്ങൾക്കൊപ്പം ഗോൾ ആഘോഷിച്ചു. പിന്നാലെ ക്യാമറകൾ നോക്കി ഊശാൻ താടി തടവുന്നതായി കാണിച്ചു. ഇംഗ്ലീഷിൽ ഗോട്ട് എന്ന പ്രയോഗത്തെ അടയാളപ്പെടുത്തുന്നതായിരുന്നു ഇത്.

“ഗോട്ട്” എന്ന പ്രയോഗം ഏറ്റവും മികച്ചത് എന്ന് അടയാളപ്പെടുത്തുന്നതാണ് ‘ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്നതിന്റെ ചുരുക്കം. പ്രമുഖ സ്‌പോർട്സ് മാസികയായ പേപ്പറിന്റെ മുഖചിത്രത്തിൽ മെസിയെ ഗോട്ടിന് മുകളിലിരുത്തി അഡിഡാസിന്റെ പരസ്യം പ്രസിദ്ധീകരിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. മെസിയാണ് ഏറ്റവും ബെസ്റ്റ് ഫുട്ബോളറെന്നും തങ്ങളാണ് ഏറ്റവും മികച്ച കായിക ഉൽപ്പന്ന നിർമ്മാതാക്കളെന്നും അടയാളപ്പെടുത്തുന്നതായിരുന്നു പരസ്യം.

എന്നാൽ ക്രിസ്റ്റ്യാനോയുടെ ഊശാൻ താടി പ്രയോഗം മെസിക്കിട്ടുളള പണിയാണോയെന്ന് ഇത് കണ്ടപ്പോൾ തന്നെ കമന്റേറ്റർമാർ സംശയിച്ചു. ഈ സംശയത്തിലാണ് ആരാധകരും. മെസിയാണോ ക്രിസ്ത്യാനോ ആണോ എക്കാലത്തെയും മികച്ചത് എന്ന ചോദ്യം എക്കാലത്തും തുടരുക തന്നെ ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ