Fifa World Cup 2018: ഫിഫ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ന് ജപ്പാനെ നേരിടുന്ന കൊളംബിയ ഇറങ്ങുക സൂപ്പര്‍ താരമില്ലാതെയെന്ന് സൂചന. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ ടോപ്സ്കോററായ ഹേമസ് റോഡ്രിഗസിനെ കാഫ് മസിലിനേറ്റ പരുക്കിനെ തുടര്‍ന്ന് കളിപ്പിക്കില്ല എന്നാണ് സൂചന.
കൊളംബിയന്‍ മധ്യനിരയില്‍ കളി മെനയുന്ന ബയേണ്‍ മ്യൂണിക് താരം കഴിഞ്ഞ ലോകകപ്പില്‍ അഞ്ച് കളികളില്‍ നിന്ന് ആറ് ഗോളുകളോട് കൂടി ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായിരുന്നു. ലാറ്റിനമേരിക്കന്‍ കരുത്തരുടെ മധ്യനിരയിലും അക്രമത്തിലും കുന്തമുനയാണ് ഇരുപത്തിയാറുകാരന്‍. കഴിഞ്ഞ ദിവസം പരിശീലനത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും ഇന്നത്തെ മൽസരത്തില്‍ ഹേമസ് കളിക്കുന്ന കാര്യത്തില്‍ പരിശീലകന്‍ ഹോസെ പെര്‍ക്ക്മാന്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഹേമസിന്റെ ഒഴിവില്‍ കൊളംബിയയുടെ മധ്യനിരയുടെ ചുമതല യുവന്‍റസ് താരമായ ഹുവാന്‍ കുവഡ്രഡോയ്‌ക്ക് ആയിരിക്കും. നായകന്‍ റാഡമേല്‍ ഫല്‍കാവോയും കാര്‍ലോസ് ബക്കയും അടങ്ങിയ മികച്ചൊരു മുന്നേറ്റനിര തന്നെയാണ് കൊളംബിയയ്‌ക്കുള്ളത്. 2014 ലോകകപ്പിലെ ഗ്രൂപ്പ് മൽസരത്തില്‍ ജപ്പാനെ 4-1ന് പരാജയപ്പെടുത്തിയ ടീമാണ് കൊളംബിയ.