Iceland vs Croatia ഐസ്ലന്ഡിനെതിരെ ക്രെയേഷ്യയ്ക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായ ക്രെയേഷ്യ ഐസ്ലന്ഡിനെ തകര്‍ക്കുന്നത്. ബദ്ലെജും പെരിസിച്ചുമാണ് ക്രെയേഷ്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ഐസ്ലന്ഡിന്റെ ഒരേയൊരു ഗോള്‍ പിറന്നത് സിഗര്ഡ്സണ് എടുത്ത പെനാല്‍റ്റിയിലൂടെയാണ്.
ഗ്രൂപ്പ് വിജയികളായ ക്രെയേഷ്യ ഐസ്ലന്ഡിനെ നേരിട്ടത് യാതൊരു സമ്മര്‍ദവുമില്ലാതെയാണ്. കഴിഞ്ഞ മൽസരത്തില്‍ കളിച്ച ലൂക്കാ മോഡ്രിച്ചും ഇവാന് പെരിസിച്ചും മാത്രമാണ് ക്രെയേഷ്യയുടെ ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. അര്‍ജന്റീനക്കെതിരെ സമനില നേടിയ അതേ ടീമുമായാണ് ഐസ്ലന്ഡ് ഇറങ്ങിയത്.
യുവതാരങ്ങള്‍ അണിനിരക്കുന്ന ഒരു ടീമുമായി വന്നിട്ടും തുടക്കം മുതല്‍ മൽസരത്തില്‍ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ക്രെയേഷ്യയ്ക്കായി. ആദ്യപകുതിയില്‍ വന്ന ക്രെയേഷ്യന്‍ അക്രമങ്ങളെയും ഹൈ പ്രസിങ് ഗെയിമിനെയും നിഷ്ക്രിയമാക്കുന്ന ഇടപെടലുകള്‍ ആയിരുന്നു ഐസ്ലന്ഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
രണ്ടാം പകുതിയില്‍ ക്രെയേഷ്യ തങ്ങളുടെ അപ്രമാദിത്വം വീണ്ടെടുത്തു. 53-ാം മിനിറ്റിൽ ബദ്ലേജിലൂടെ ക്രെയേഷ്യ തങ്ങളുടെ അക്കൗണ്ട് തുറന്നു. ഇടത് വിങ്ങില്‍ നിന്ന് വന്ന പന്ത് ബോക്സിലിടം പിടിച്ച താരം പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
ഐസ്ലന്ഡ് പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കുക മാത്രമല്ല, ഗോള്കീപ്പറെയടക്കം മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനമായിരുന്നു ക്രെയേഷ്യയുടെത്.
76-ാം മിനിറ്റില്‍ കാര്യങ്ങള്‍ ഐസ്ലന്ഡിന് അനുകൂലം. ക്രെയേഷ്യയുടെ പ്രതിരോധതാരം ലോവ്റന് പെനാല്‍റ്റി ബോക്സില്‍ വച്ച് പന്ത് ഹാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഐസ്ലന്ഡിന് പെനാല്‍റ്റി. ലിവര്‍പൂള്‍ താരത്തിന്റെ ഹാന്‍ഡ് സിഗര്ഡ്സണിലൂടെ ഐസ്ലന്ഡ് ഗോളാക്കുന്നു.
മൽസരം സമനിലയില്‍ കലാശിക്കും എന്നിരിക്കെ 90-ാം മിനിറ്റില്‍ പെരിസിച്ചിലൂടെ ക്രെയേഷ്യയ്ക്ക് വിജയഗോള്‍. ഇടത് വിങ്ങില്‍ ഒറ്റയ്ക്ക് മുന്നേറിയ താരം ഐസ്ലന്ഡ് ഗോളിയെ മറികടന്ന് പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ക്രെയേഷ്യ പ്രീ ക്വാര്‍ട്ടറിലേക്ക്.