FIFA World Cup 2018: ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നിന്റെ അവസാനം കാനറികളുടെ ചിറകരിഞ്ഞ് ചുവന്ന ചെകുത്താന്മാര് സെമിയിലേക്ക്. ആദ്യ പകുതിയില്‍ തന്നെ ലീഡുറപ്പിച്ച ബെല്‍ജിയം കളിക്കളത്തില്‍ നിറഞ്ഞ് കളിച്ചതോടെ ബ്രസീലിന് വിജയം നഷ്ടമാവുകയായിരുന്നു.
കളി തുടങ്ങി 13 ാം മിനുറ്റില്‍ തന്നെ ബെല്‍ജിയം മുന്നിലെത്തിയിരുന്നു. ഫെര്‍ണാണ്ടിഞ്ഞോയുടെ സെല്‍ഫ് ഗോളിലായിരുന്നു ബെല്‍ജിയത്തിന് ലീഡ് ലഭിച്ചത്. തുടരെ തുടരെ ഇരു ടീമും ആക്രമണം നടത്തിയ ആദ്യ പകുതിയില്‍ 31 ാം മിനുറ്റില്‍ ഡിബ്രുയന്റെ എണ്ണം പറഞ്ഞ ഗോളിലൂടെ ബെല്‍ജിയം ലീഡുയര്‍ത്തി. മൈതാന മധ്യത്തില്‍ നിന്നും ലഭിച്ച പന്തുമായി മുന്നോട്ട് ഓടിയെത്തി ലുകാക്കു നല്കിയ പാസ് കൃത്യമായി കണ്ട്രോള് ചെയ്ത് ബ്രസില്‍ ഗോള്‍ മുഖത്തേക്ക് പാഞ്ഞു കയറി ഡിബ്രുയന് ഗോളാക്കി മാറ്റുകയായിരുന്നു.
പിന്നീട് ഗോളടിക്കാനുള്ള ശ്രമം ഇരു ഭാഗത്തു നിന്നുമുണ്ടായി. പലപ്പോഴും ബെല്‍ജിയത്തിന്റെ പ്രതിരോധം തകര്‍ത്ത് ബ്രസീല്‍ മുന്നേറി. എന്നാല്‍ തകര്‍പ്പന്‍ സേവുകളിലൂടെ കോര്‍ട്ടോയ്സ് ബെല്‍ജിയത്തെ രക്ഷിക്കുകയായിരുന്നു. ഗോളെന്നുറച്ച പല ഷോട്ടുകളും അദ്ദേഹം അതിസാഹസികമായി തട്ടിയകറ്റി. എന്നാല്‍ വീണ്ടും വീണ്ടും ആക്രമണങ്ങളിലൂടെ ബ്രസീല്‍ നിരന്തരം ബെല്‍ജിയത്തിന്റെ പ്രതിരോധത്തെ പരീക്ഷിച്ചു.
രണ്ടാം പകുതയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞതും ബെല്‍ജിയത്തിന് വിനയായി. 76ാം മിനുറ്റില്‍ ഓഗസ്റ്റോയായിരുന്നു ബ്രസീലിനായി ആദ്യ ഗോള്‍ നേടുന്നത്. കുട്ടീഞ്ഞോ ഉയര്‍ത്തി നല്കിയ പാസ് ഓഗസ്റ്റോ ഹെഡ് ചെയ്ത് പോസ്റ്റിലെത്തിക്കുകയായിരുന്നു. ബെല്‍ജിയം ഗോള്‍ മുഖത്ത് ചിലന്തി വല തീര്‍ത്ത കോര്‍ട്ടിയോസിന് ഇത്തവണ കൈയ്യെത്തിപ്പിടിക്കാന്‍ സാധിച്ചില്ല.
അതോടെ ബ്രസീല്‍ കൂടുതല്‍ ഉണര്‍ന്നു കളിക്കുകയായിരുന്നു. എന്നാല്‍ ഗോളടിക്കാന്‍ സാധിച്ചില്ല. ശക്തമായ പ്രതിരോധവുമായി ബെല്‍ജിയം ബ്രസീലിനെ തളയ്ക്കുകയായിരുന്നു. അവസാന മിനുറ്റില്‍ നെയ്മറിന്റെ തകർപ്പനൊരു ഷോട്ട് ബെല്‍ജിയം ഗോളി തട്ടിയകറ്റിയതോടെ ബ്രസീലിന്റെ ലോകകപ്പ് മോഹങ്ങളും അസ്തമിച്ചു.