FIFA World Cup 2018: അര്‍ജന്റീന ഇന്ന് പോര്‍ക്കളത്തില്‍; ഐസ്‌ലാൻഡിനെതിരെ സൂപ്പര്‍താരം കളിക്കില്ല

FIFA World Cup 2018: പ്രതിരോധമാണ് ഐസ്‌ലാൻഡിന്റെ കരുത്ത്. അവരുടെ കോട്ട തകര്‍ക്കാന്‍ മെസിയ്‌ക്കും സംഘത്തിനും വിയര്‍ക്കേണ്ടി വരും

FIFA World Cup 2018: മോസ്‌കോ: കഴിഞ്ഞ ലോകകപ്പ്, കഴിഞ്ഞ കോപ്പാ അമേരിക്ക, കരഞ്ഞ് കലങ്ങിയ മെസിയുടെ മുഖം കണ്ട് കണ്ണു നനയാത്ത ഫുട്‌ബോള്‍ പ്രേമികളുണ്ടാകില്ല. ആ കണ്ണീരുകള്‍ക്ക് ഇത്തവണ കിരീടം കൊണ്ട് മറുപടി പറയാം എന്ന പ്രതീക്ഷയുമായാണ് മെസി റഷ്യയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അത്ര മികവുറ്റ ടീമല്ലെങ്കിലും മെസി എന്ന മാന്ത്രികന്റെ കാലുകളില്‍ അര്‍ജന്റീന ഒരുപാട് വിശ്വസിക്കുന്നുണ്ട്.

തങ്ങളുടെ ആദ്യ മൽസരത്തിന് അര്‍ജന്റീന ഇറങ്ങുമ്പോള്‍ മറുവശത്തുള്ളത് ലോക ഫുട്‌ബോളിലെ ഇന്നത്തെ അത്ഭുത ടീമാണ്. ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ, ഏത് വമ്പന്മാരേയും വിറപ്പിക്കുന്ന ടീമായ ഐസ്‌ലാൻഡ്. കഴിഞ്ഞ യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ വരെ എത്തിയതിന്റെ നല്ല ഓര്‍മ്മകളാണ് അവരുടെ കരുത്ത്.

ഗോളടിക്കുന്നതിനേക്കാള്‍ പ്രതിരോധമാണ് ഐസ്‌ലാൻഡിന്റെ തന്ത്രം. ടീമിനെ മൊത്തം പ്രതിരോധത്തിലേക്ക് വലിക്കുകയും കൗണ്ടര്‍ അറ്റാക്കിനുള്ള അവസരം ലഭിക്കുമ്പോള്‍ കടന്നാക്രമിക്കുകയും ചെയ്യുകയാണ് അവരുടെ ശൈലി. ഗോള്‍ പോസ്റ്റിന് മുന്നില്‍ ഐസ്‌ലാൻഡ് തീര്‍ക്കുന്ന പ്രതിരോധത്തിന്റെ മഞ്ഞുമലയില്‍ തട്ടി ക്രിസ്റ്റ്യാനോ അടക്കമുള്ളവര്‍ വീണിട്ടുണ്ട്.

കഴിഞ്ഞ യൂറോയില്‍ പോര്‍ച്ചുഗലിനെ 1-1 ന് പിടിച്ചു കെട്ടിയ ഐസ്‌ലാൻഡിനെ കുറിച്ച് ക്രിസ്റ്റ്യാനോ പറഞ്ഞത് അവര്‍ പ്രതിരോധിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നവരാണെന്നാണ്. മാന്‍ ടു മാന്‍ മാര്‍ക്കിങില്‍ വലിയ താല്‍പര്യം കാണിക്കാത്ത ഐസ്‌ലാൻഡുകാര്‍ മെസിയെ എങ്ങനെ പൂട്ടുമെന്നത് കണ്ടു തന്നെ അറിയണം. ഐസ്‌ലാൻഡിന്റെ പ്രതിരോധക്കോട്ട തകര്‍ക്കാനുള്ള ക്രിയാത്മകത മെസിയ്‌ക്കുണ്ടെങ്കിലും എന്തും നേരിടാന്‍ തയ്യാറായെത്തുന്ന ഐസ്‌ലാൻഡ് അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുന്നവരാണ്.

മഞ്ഞുമലയുടെ നാട്ടുകാര്‍ക്കെതിരെ ഇറങ്ങുമ്പോള്‍ ടീം ഇലവനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് അര്‍ജന്റീനന്‍ പരിശീലകന്‍ സാംപോളി. മധ്യനിരയില്‍ ഹാവിയര്‍ മഷറാനോയേയും ലൂക്കാസ് ബിഗ്ലിയയേയും ഇറക്കാനാണ് സാംപോളിയുടെ പദ്ധതി. മുന്നേറ്റ നിരയില്‍ നിന്നും ഗോണ്‍സാലോ ഹിഗ്വെയ്‌നെ ഒഴിവാക്കി പകരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയെ ഇറക്കാനാണ് തീരുമാനം. മെസിയും അഗ്യൂറോയുമായിരിക്കും മുന്നേറ്റത്തില്‍.

എഞ്ചല്‍ ഡീ മരിയയും മാക്‌സിമിലിയാനോയും ഇരു വിങ്ങുകളില്‍ കളിക്കുമ്പോള്‍ മഷറാനോയും ബിഗ്ലിയയും മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയും. ഇത്തവണയും മഷറാനോയുടെ കാലുകളില്‍ നിന്നു തന്നെയായിരിക്കും അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ ആരംഭിക്കുക. പരുക്കേറ്റ റൊമോരോയ്ക്ക് പകരക്കാരനായി ഗോള്‍ വല കാക്കാനെത്തുക വില്ലി കാബല്ലെറോയാണ്. നിക്കോളാസ് ഓട്ടമെന്‍ഡിയും മാര്‍ക്കോസ് റോജോയും സെന്റര്‍ ബാക്ക് പൊസിഷനില്‍ കളിക്കും.

ഐസ്‌ലാൻഡും നൈജീരിയയും ക്രൊയേഷ്യയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. രണ്ട് പേരും വെറുതെ കണ്ട് പോകാന്‍ റഷ്യയിലേക്ക് വന്നവരല്ല.

അര്‍ജന്റീനന്‍ ടീം: വില്ലി കാബല്ലെറോ, എഡ്വാര്‍ഡോ സാല്‍വിയോ, നിക്കോളാസ് ഓട്ടമെന്‍ഡി, മാര്‍ക്കോസ് റോജോ, നിക്കോളാസ് ടാഗ്ലിയാഫികോ, ലുക്കാസ് ബിഗ്ലിയ, ഹാവിയര്‍ മഷറാനോ, മാക്‌സിമിലിയാനോ മെസ, ലയണല്‍ മെസി, എയ്ഞ്ചല്‍ ഡീ മരിയ. സെര്‍ജിയോ അഗ്യൂറോ.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: Argentinas jorge sampaoli goes old school for iceland test

The moderation of comments is automated and not cleared manually by malayalam.indianexpress.com