ലോകകപ്പിലെ നിര്‍ണായക മൽസരത്തില്‍ 3-0ന് പരാജയപ്പെടുമ്പോള്‍ അര്‍ജന്റീനിയ ‘പെണ്‍കുട്ടികളെ പോലെ കരയുകയായിരുന്നു’ എന്ന് ക്രൊയേഷ്യന്‍ പ്രതിരോധ താരം സൈം വ്രാസല്‍ജോ. പ്രതിരോധവും മുന്നേറ്റവും അമ്പേ പരാജയപ്പെട്ട് പോയ മൽസരത്തിലായിരുന്നു ക്രൊയേഷ്യയോട് മെസിപ്പട തോറ്റുപോയത്.

അര്‍ജന്റീനിയന്‍ താരങ്ങളാണ് കളിയില്‍ ആധിപത്യം പുലര്‍ത്തിയതെന്ന അര്‍ജന്റീനിയയുടെ പരിശീലകന്‍ ജോര്‍ജി സംബോളിയുടെ അവകാശവാദത്തേയും സൈം വ്രാസല്‍ജോ തളളിക്കളഞ്ഞു. ‘എന്ത് കളിയാണ് അദ്ദേഹം കണ്ടതെന്ന് എനിക്ക് അറിയില്ല’ എന്നായിരുന്നു സൈം ഇതിനോട് പ്രതികരിച്ചത്. ‘അവര്‍ ആധിപത്യം പുലര്‍ത്തിയെന്ന് പറയുന്നതെങ്ങനെയാണ്. നിലത്തിരുന്ന് പെണ്‍കുട്ടികളെ പോലെ കരയുന്ന അര്‍ജന്റീനിയന്‍ ടീമിനെയാണ് ഞാന്‍ കണ്ടത്. ഞങ്ങളായിരുന്നു മികവ് പുലര്‍ത്തിയത്. ഞങ്ങളായിരുന്നു നന്നായി കളിച്ചത്. നല്ല അവസരങ്ങളും ലഭിച്ചു. രണ്ടാം റൗണ്ടില്‍ എത്തണമെങ്കില്‍ നൈജീരിയയ്‌ക്ക് എതിരായ മൽസരമെങ്കിലും അവര്‍ നന്നായി കളിക്കണം’, സൈം പറഞ്ഞു.

സൈം വ്രാസല്‍ജോ

ഗോൾ രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു അർജന്‍റീനക്കെതിരെ ക്രൊയേഷ്യ മൂന്ന് ഗോളുകളും നേടിയത്. 53-ാം മിനിറ്റിൽ അർജന്‍റീനയുടെ ഗോളി വില്ലി കബല്ലെറോയുടെ പിഴവിലൂടെയായിരുന്നു ആദ്യഗോള്‍ ക്രൊയേഷ്യയ്‌ക്ക് വീണു കിട്ടിയത്. പന്ത് മധ്യവരപിന്നിട്ട് അര്‍ജന്‍റൈൻ ബോക്‌സിലേക്ക് എത്തുമ്പോൾ ഗോള്‍ ഏരിയയില്‍ ഉണ്ടായിരുന്നത് രണ്ട് ഡിഫന്‍ഡര്‍മാര്‍. എങ്കിലും അത്ര വലിയ അപകടമൊന്നും ഉണ്ടായിരുന്നില്ല. പ്രതിരോധ താരം മെര്‍ക്കാഡോ ഗോളി വില്ലി കബല്ലെറോയ്‌ക്കു പന്ത് മറിച്ചുനൽകുന്നു. കബല്ലെറോ ആ ബാക് പാസ് മെര്‍ക്കാഡോയ്‌ക്കു തന്നെ മറിച്ചുനൽകാൻ ശ്രമിക്കുന്നു. എന്നാൽ കബല്ലെറോയ്‌ക്കു പിഴയ്‌ക്കുന്നു. പന്ത് നേരെ ക്രൊയേഷ്യയുടെ റെബിച്ചിന്‍റെ നേരെ. ഉയർന്നുവന്ന പന്ത് നിലംതൊടുംമുമ്പ് റെബിച്ചിന്‍റെ കിടിലൻ വോളി. അർജന്‍റീനയുടെ നെഞ്ച് പിളർന്ന് പന്ത് വലയിൽ.

രണ്ടാം ഗോൾ, ലൂക്കാ മോഡ്രിച്ച് റയൽ മാഡ്രിഡിന്‍റെ മധ്യനിര ജനറൽ, 80-ാം മിനിറ്റിൽ അർജന്‍റീനയുടെ ബോക്‌സിലേക്ക് പന്തുമായി. മോഡ്രിച്ചിനെ ബോക്‌സിലേക്ക് വിടാതെ മുന്നിൽ ഓട്ടമെന്‍ഡി. പന്തുമായി ഇടത്തോട്ടും വലത്തോട്ടും പഴുതുനോക്കി വെട്ടിത്തിരിയുന്ന മോഡ്രിച്ച്. പിന്നെ ബോക്‌സിലേക്ക് കയറാതെ വലതുവശത്തേക്ക് പന്തിനെ തള്ളിവിട്ട് ഓടിയടുത്ത് കനത്തൊരു ഷോട്ട്. വലതുപോസ്റ്റിനു വെളിയിലേക്ക് പറന്നുപോയ പന്ത് റാപോലെ വളഞ്ഞ് വലയിലേക്ക്.

രണ്ടു ഗോൾ വീണതോടെ കിളിപോയ അർജന്‍റീന എക്സ്ട്രാ ടൈമിൽ കൂട്ടത്തോടെ എതിർ ബോക്‌സിലേക്ക്. തുറന്നു കിടന്ന അർജന്‍റീനയുടെ ഗോൾ ഏരീയയിലേക്ക് വീണ്ടും ക്രൊയേഷ്യയുടെ കൗണ്ടർ. റാട്ടിക്കിച്ച് അടിച്ച ആദ്യ ഷോട്ട് കാബല്ലെറൊ തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് കൊവിസിച്ചിനു നേരെ. കൊവിസിച്ച് അത് റാട്ടിക്കിച്ചിന് വീണ്ടും മറിച്ചു. പന്തിനെ നിയന്ത്രിച്ച് വലയിലേക്ക് റാട്ടിക്കിച്ച് പറഞ്ഞുവിട്ടു. അർജന്‍റീനയുടെ നെഞ്ചിൽ അവസാന ആണി. ക്രൊയേഷ്യ അവരുടെ ഗോൾ പട്ടിക പൂർത്തിയാക്കി. കളി കൈവിട്ട മെസിയും സംഘവും കളത്തിൽ അലഞ്ഞുതിരിഞ്ഞപ്പോൾ ഫൈനൽ വിസിൽ മുഴങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ