നിര്‍ണായകമായ ഗ്രൂപ്പ് മൽസരത്തില്‍ നൈജീരിയയെ നേരിടുന്ന അര്‍ജന്റീന ഇറങ്ങുക മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം സെര്‍ജിയോ അഗ്വേരോ ഇല്ലാതെയെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ലോകകപ്പിലെ ആദ്യ മൽസരത്തില്‍ ഗോള്‍ സമ്പാദിച്ച താരത്തെ ബെഞ്ചിലിരുത്തുന്നതാണ് സംബോളിയുടെ തന്ത്രമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് ബ്രിട്ടീഷ് പത്രമായ മിറര്‍ ആണ്.
ക്രെയേഷ്യക്കെതിരായ മൽസരത്തില്‍ ഏറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം സംബോളിക്കാണ് എന്ന് അര്‍ജന്റീനന്‍ താരങ്ങള്‍ തന്നെ വിമര്‍ശനമുയര്‍ത്തിയിരുന്നു. 3-4-3 എന്ന ഫോര്‍മേഷനാണ് മൽസരത്തില്‍ സംബോളി സ്വീകരിച്ചിരുന്നത്. നായകന് മെസിയിലേക്ക് പന്ത് എത്താതിരുന്നത് ഈ ഫോര്‍മേഷന്റെ പിഴവാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം. ശക്തരായ മധ്യനിരയും മുന്നേറ്റനിരയുമുള്ള ക്രോയേഷ്യക്കെതിരെ മൂന്ന് പേരടങ്ങിയ പ്രതിരോധത്തെ ഇറക്കിയ തന്ത്രത്തിന്റെ പേരിലും സംബോളി പഴി കേട്ടു.
ക്രോയേഷ്യക്കെതിരായ മൽസരത്തിന് ശേഷം സംബോളിയെ പുറത്താക്കണം എന്ന ആവശ്യവുമായി മഷറാനോ അടക്കമുള്ള താരങ്ങള്‍ മുന്നോട്ട് വന്നിരുന്നു. പാളയത്തില്‍ തന്നെ പട നടക്കുന്നതിനിടയിലാണ് മാറ്റിയ സ്ക്വാഡുമായി നൈജീരിയയെ നേരിടാന്‍ സംബോളി ഒരുങ്ങുന്നന്നത്. അഗ്വേരോയ്ക്ക് പകരം ആദ്യ ഇലവനില്‍ ഗോണ്‍സാലോ ഹിഗ്വേയിനെ ഇറക്കാനാണ് സാധ്യത.