കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെ കളിച്ചെത്തിയ ടീമായിരുന്നു അർജന്റീന. തകർപ്പൻ ഫോമിലല്ലാതിരുന്നിട്ടും താരങ്ങളുടെ കഠിന പരിശ്രമത്തിന്റെ ബലത്തിലായിരുന്നു ടീം അന്ന് മുന്നേറിയത്. അന്ന് വിങ്ങിലൂടെ മുന്നേറ്റത്തിലേക്ക് പന്തെത്തിക്കുന്നതിലും എതിർടീമിനെ പ്രതിരോധിക്കുന്നതിലും എല്ലാം മികച്ച കളി പുറത്തെടുത്ത താരമായിരുന്നു ഡി മരിയ. പക്ഷെ ആ താരം ജർമ്മനിക്കെതിരായ ഫൈനൽ മൽസരം കളിച്ചില്ല!

ഡി മരിയക്കന്ന് പരിക്കേറ്റിരുന്നുവെന്നാണ് ആരാധകരറിഞ്ഞത്. എന്നാൽ അതങ്ങിനെയായിരുന്നില്ലെന്നാണ് ദി പ്ലേയേർസ് ട്രിബ്യൂൺ എന്ന മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അർജന്റീന താരം പറയുന്നത്.

“അന്ന് റയൽ മാഡ്രിഡിൽ നിന്ന് ആ കത്ത് ലഭിക്കുന്നതും, ഉടനെ ഞാനത് കീറിക്കളഞ്ഞതും ഞാനോർക്കുന്നു.” ഡി മരിയ ആ സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ.

“2014 ലെ ലോകകപ്പ് ഫൈനലിന് തലേ ദിവസം രാവിലെയാണ് ആ സംഭവം. ഞാൻ ട്രെയിനറുടെ മുറിയിൽ കാലിന് ഇഞ്ചക്ഷൻ എടുക്കാനിരിക്കുകയായിരുന്നു. അന്ന് തുടയ്‌ക്കാണ് എനിക്ക് പരുക്കേറ്റിരുന്നത്. എന്നാൽ വേദനസംഹാരി കഴിച്ചാൽ എനിക്ക് യാതൊരു കുഴപ്പവുമില്ലാതെ കളിക്കാൻ സാധിച്ചിരുന്നു. അന്ന് ഞാൻ ട്രെയിനർമാരോട് പറഞ്ഞ വാക്കുകൾ ഇതാണ്. “എന്റെ എല്ലൊടിയുന്നുണ്ടെങ്കിൽ ഒടിയട്ടെ. അതിനേക്കാൾ വലുതാണ് എനിക്കീ മൽസരം. എനിക്ക് കളിച്ചേ പറ്റൂ,” എന്നായിരുന്നു ഞാൻ പറഞ്ഞത്.

ആ മുറിയിൽ കാലിന് ഐസ് വച്ച് ഞാനിരിക്കുമ്പോഴാണ് റയൽ മാഡ്രിഡിൽ നിന്നുളള കത്തുമായി ടീം ഡോക്‌ടർ ഡാനിയൽ മാർട്ടിനസ് അങ്ങോട്ട് വന്നത്. “നോക്കൂ ഏയ്ഞ്ചൽ, ഈ കത്ത് റയൽ മാഡ്രിഡിൽ നിന്നാണ്,” അദ്ദേഹം പറഞ്ഞു.

താങ്കളെന്താണ് പറയുന്നതെന്ന് ഞാൻ ചോദിച്ചു.

“അവർ പറയുന്നു താങ്കൾ കളിക്കാൻ സാധിക്കുന്ന സ്ഥിതിയിലല്ല, അതുകൊണ്ട് താങ്കളെ ഇന്നത്തെ മൽസരം കളിപ്പിക്കരുതെന്ന്.”

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായി. ലോകകപ്പിന് ശേഷം ജെയിംസ് റോഡ്രിഗസുമായി റയൽ കരാർ ഒപ്പിടാൻ പോവുകയാണെന്ന് അന്ന് റൂമർ ഉണ്ടായിരുന്നു. എന്നെ വിറ്റിട്ട് റോഡ്രിഗസിന് ഇടംനൽകാൻ പോവുകയാണെന്ന് എനിക്ക് മനസിലായി. നല്ല ഉൽപ്പന്നമായി വിൽക്കാൻ എനിക്ക് പരുക്കേൽക്കാതിരിക്കണം. അതായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. കളിയാരാധകർ അറിയാത്ത ഫുട്ബോളിലെ കച്ചവടം അതാണ്,” ഡി മരിയ പറഞ്ഞു.

ഡാനിയേലിൽ നിന്ന് ആ കത്ത് വാങ്ങി തുറന്നുനോക്കുക പോലും ചെയ്യാതെ ഞാൻ കീറിക്കളഞ്ഞു. അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല. ബ്രസീലിയൻ ആരാധകർ ഹോട്ടലിന് പുറത്ത് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു അന്ന്. അവർ പടക്കം പൊട്ടിച്ചില്ലായിരുന്നുവെങ്കിലും എനിക്ക് ഉറങ്ങാൻ സാധിക്കുമായിരുന്നില്ല. അത്രയും കാലം സ്വപ്‌നം കണ്ട ലോകകപ്പ് ഫൈനൽ എന്ന സ്വപ്‌നമാണ് എനിക്ക് കൈയ്യെത്തും ദൂരെ നഷ്‌ടപ്പെട്ടത്. ആ വികാരം ആർക്കും മനസിലാകണമെന്നില്ല.

എനിക്ക് കളിക്കണമായിരുന്നു. എന്തൊക്കെ സംഭവിച്ചാലും കളിക്കാൻ ഞാൻ തയ്യാറായിരുന്നു. എന്നാൽ ആ പ്രശ്‌നം അർജന്റീന ടീമിനെ കുഴപ്പത്തിൽ ചാടിക്കരുതെന്നും ഞാൻ ആഗ്രഹിച്ചു. അതിരാവിലെ എഴുന്നേറ്റ് ഞാൻ ടീം മാനേജർ സബെല്ലയെ കാണാൻ പോയി. എനിക്ക് കളിക്കണം എന്നുണ്ടെങ്കിൽ അദ്ദേഹം എന്നെ എത്ര സമ്മർദ്ദം ചെലുത്തിയിട്ടായാലും കളിപ്പിക്കുമായിരുന്നു. പക്ഷെ ഞാനത് ചെയ്‌തില്ല,” ഡി മരിയ പറഞ്ഞു.

“താങ്കൾക്ക് ആരെയാണോ കളിപ്പിക്കേണ്ടത്, അയാളെ കളിപ്പിക്കൂ. എന്നെയാണ് കളിപ്പിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ എന്നെ കളിപ്പിക്കൂ. എന്റെ കാലൊടിയും വരെ ഞാൻ കളിക്കും. അല്ലെങ്കിൽ താങ്കൾ തീരുമാനിക്കുന്നത് വരെ ഞാൻ മൈതാനത്തുണ്ടാകും,” ഇത് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് ഞാനദ്ദേഹത്തിന്റെ ചുമലിലേക്ക് വീണു. അത്രയും ഞാൻ തകർന്നുപോയിരുന്നു.

“പെരെസിനെയാണ് കളിക്കാൻ വിളിച്ചത്. അദ്ദേഹം 100 ശതമാനം ഫിറ്റായിരുന്നു. ഞാൻ ഒരു ഇഞ്ചക്ഷനെടുത്ത് കളിക്കാൻ തയ്യാറായിരുന്നു. സെക്കന്റ് ഹാഫിലെങ്കിലും എന്നെ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. ആ വിളി വന്നില്ല, ഞങ്ങൾ തോറ്റു. ആ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായി.”

“ഞാൻ കളിക്കാതിരുന്നതിനെ കുറിച്ച് മാധ്യമങ്ങൾ പലതും എഴുതി. പലരും ഞങ്ങളെ വിമർശിച്ച് മുന്നോട്ട് വന്നു. എന്നാൽ സംഭവിച്ചത് ഇതാണ്. ഞാൻ പറയുന്നത് സത്യമാണ്” അർജന്റീന താരം ആ ദുഃഖം തുറന്നുപറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ