FIFA World Cup 2018: ആറ് ഗോള്‍ വഴങ്ങിയിട്ടും തലയുയര്‍ത്തി ചിരിച്ചു കൊണ്ടാണ് പനാമ ലോകകപ്പില്‍ നിന്നും മടങ്ങുന്നത്. ആറ് ഗോളിന് പിന്നിട്ടു നിന്നിട്ടും അവര്‍ തളര്‍ന്നില്ലെന്ന് മാത്രമല്ല അവസാന നിമിഷം ഒരെണ്ണം തിരിച്ചടിച്ച് തങ്ങളുടെ പേര് ലോകകപ്പിന്റെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കുകയും ചെയ്‌തു. പനാമയുടെ ആദ്യ ലോകകപ്പാണിത്. അതുകൊണ്ടു തന്നെ പരാജയത്തിലും തങ്ങളുടെ ആദ്യ ഗോള്‍ അവര്‍ ആഘോഷിച്ചു.

ഇംഗ്ലണ്ടിന്റെ ഓഫ് സൈഡ് ട്രാപ്പ് പൊട്ടിച്ച് 37 കാരന്‍ ഫെലിപ്പെ ബലൊയ് നേടിയ ഗോള്‍ ലോക കിരീടം നേടിയ ആവേശത്തോടെയാണ് ആരാധകര്‍ ആഘോഷിച്ചത്. ഗ്യാലറിയില്‍ അവര്‍ ആനന്ദ നൃത്തം ചവിട്ടിയും തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് ജയ് വിളിച്ചും ഉത്സവ പ്രതീതിയിലാക്കി. ജയിച്ച ഇംഗ്ലണ്ടിനേക്കാള്‍ ആവേശമുണ്ടായിരുന്നു തോറ്റിട്ടും തോല്‍ക്കാത്ത പനാമയുടെ ആഘോഷങ്ങള്‍ക്ക്.

ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. നായകന്‍ ഹാരി കേന്‍ ഹാട്രിക് നേടിയ മൽസരത്തില്‍ സെന്റര്‍ ബാക്ക് സ്റ്റോണ്‍സ് രണ്ടും ലിങ്കാര്‍ഡ് ഒരു ഗോളും നേടി. ബലോയ് ആണ് പനാമയ്‌ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

തുടക്കം മുതല്‍ ഇംഗ്ലീഷ് പട സര്‍വാധിപത്യം പുലര്‍ത്തിയ മൽസരത്തില്‍ സൗത്ത് ഗേറ്റിന്റെ പട അക്രമ ഫുട്‌ബോളാണ് പുറത്തെടുത്തത്. എട്ടാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി താരം സ്റ്റോണ്‍സ് ഹെഡ്ഡര്‍ ഗോള്‍ കണ്ടെത്തി. ഇരുപത്തിരണ്ടാം മിനിറ്റില്‍ ലിങ്കാര്‍ഡിനെ പെനാല്‍റ്റി ബോക്‌സില്‍ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി കിക്കിലാണ് ഹാരി കേന്‍ തന്റെ ആദ്യ ഗോള്‍ കണ്ടെത്തിയത്. മുപ്പത്തിയാറാം മിനിറ്റില്‍ ലിങ്കാര്‍ഡ് ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ കണ്ടെത്തി.

നാല്‍പതാം മിനിറ്റില്‍ മറ്റൊരു പന്ത് പനാമാ പോസ്റ്റിലേക്ക് ഹെഡ് ചെയ്‌ത് കൊണ്ട് ഇംഗ്ലീഷ് സെന്റര്‍ ബാക്ക് തന്റെ രണ്ടാം ഗോള്‍ നേടി. ആദ്യപകുതിയുടെ അധികസമയത്തില്‍ ആദ്യ പെനാല്‍റ്റിയുടെ ആവര്‍ത്തനമായി ഹാരി കേനിന്റെ മറ്റൊരു ഗോള്‍.

ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോള്‍ പിറന്ന മൽസരത്തില്‍ യാതൊരു സമ്മര്‍ദവുമില്ലാതെയാണ് ഇംഗ്ലണ്ട് രണ്ടാം പകുതിയിലേക്ക് ഇറങ്ങിയത്. അറുപത്തിരണ്ടാം മിനിറ്റില്‍ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കിക്കൊണ്ട് റഷ്യന്‍ ലോകകപ്പിലെ ടോപ്‌സ്കോററായി ഹാരി കേന്‍. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ബെല്‍ജിയത്തിന്റെ ലുക്കാകുവിനെയും കടത്തിവെട്ടിയാണ് ഹാരി കേന്‍ റഷ്യയിലെ ടോപ്‌ സ്കോററായത്. രണ്ടാം പകുതിയില്‍ ഒരു പരിധിവരെ ഇംഗ്ലീഷ് പ്രതിരോധത്തെ തടഞ്ഞു നിര്‍ത്തുന്ന പ്രകടനമായിരുന്നു പനാമ പുറത്തെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ