FIFA World Cup 2018:’ആളുകളെന്നെ കാണുമ്പോള്‍ ആദ്യം ചോദിക്കുക, നിങ്ങളെന്താണ് കഴിക്കുന്നത് എന്നാണ്,’ ജെയിംസേട്ടന്‍ എന്ന ജെയിംസ് പിഎച്ചിന്റെ ഈ വാക്കുകള്‍ വെറുതെയല്ല. ആളുടെ കളി കണ്ടാല്‍ ആരും ചോദിച്ചു പോകും. 60 വയസായി കക്ഷിക്ക് പക്ഷെ ഇപ്പോഴും ദിവസവും തന്റെ കൊച്ചുമക്കളാകാന്‍ പ്രായമുള്ള പതിനഞ്ചും പതിനേഴുമൊക്കെ വയസുള്ള പിള്ളേര്‍ക്കൊപ്പം ജെയിസ് ഫുട്‌ബോള്‍ കളിക്കാനെത്തും. 90 മിനുറ്റും കളിക്കുകയും ചെയ്യും. വയനാട് അമ്പലവയലില്‍ നിന്നുമുള്ള ഈ 60 കാരന്‍ കളി കാണാനെത്തുന്നവര്‍ക്ക് ഇന്നും ഒരത്ഭുതം തന്നെയാണ്.

കേരളാ ടൂറിസം വകുപ്പ് തയ്യാറാക്കിയ വീഡിയോയിലൂടെയാണ് ജെയിംസിന്റെ കഥ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ആവേശമായി മാറുന്നത്. ” ഫുട്‌ബോളിന്റെ പ്രത്യേകതയാണത്. എനിക്കിപ്പോള്‍ 60 വയസായി. ചെറുപ്പക്കാര്‍ക്കൊപ്പം ഞാനിന്നും ഫുട്‌ബോള്‍ കളിക്കുന്നു. അവരുടെ അത്ര സ്പീഡില്ലെങ്കിലും 90 മിനുറ്റ് തികച്ചു തന്നെ കളിക്കും. എല്ലാ ദിവസവും വൈകുന്നേരം അവരേക്കാള്‍ മുമ്പ് തന്നെ ഞാന്‍ ഗ്രൗണ്ടിലെത്തി പ്രാക്ടീസ് തുടങ്ങും. പിന്നെ എല്ലാവരുമൊത്ത് മനസ് തുറന്ന് കളിക്കും.” ജെയിംസ് പറയുന്നു.

ഈ പ്രായത്തിലും എങ്ങനെ ഇത്ര ചെറുപ്പമായിരിക്കുന്നു എന്നു ചോദിക്കുന്നവരാണ് ജെയിംസിന് ചുറ്റും.” എല്ലാവര്‍ക്കും അറിയേണ്ടത് ഞാനെന്താണ് കഴിക്കുന്നത് എന്നാണ്. എന്റെ സ്റ്റാമിനയുടെ രഹസ്യം കടലയാണ്. വറുത്ത കടല നല്ലതാണ്. തടിമില്ലിലെ ലോറി ഡ്രൈവറായിട്ടാണ് ഞാന്‍ ജോലി ചെയ്യുന്നത്.പക്ഷെ പണിയില്ലെങ്കിലും വൈകിട്ട് കളിക്കാന്‍ എത്തണമെന്ന് നിര്‍ബന്ധമാണ്. അവരൊക്കെ അഞ്ച് മണിക്ക് എത്തുമ്പോള്‍ ഞാന്‍ നാല് മണിക്കു തന്നെ എത്തി പ്രാക്ടീസ് തുടങ്ങും. ആ കാര്യത്തില്‍ യാതൊരു കോമ്പര്‍മെയ്‌സുമില്ല.” അദ്ദേഹം പറയുന്നു.

ഫുട്‌ബോള്‍ കളിയെന്ന പോലെ ജെയിംസിന്റെ ഫ്രീസ്റ്റൈല്‍ സ്‌കില്ലുകളും പ്രശസ്തമാണ്. മുണ്ടുടുത്ത് പന്ത് കൊണ്ട് അഭ്യാസം കളിക്കുന്ന ജെയിംസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ ടൂറിസം വിഭാഗം ഈ വയനാട്ടുകാരനെ തേടിയെത്തുന്നത്.

കാലം ഒരുപാട് മുന്നോട്ട് പോയെങ്കിലും ഇന്നും ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ക്കുന്ന ജെയിംസിന് ലോകകപ്പ് എന്നും ഓര്‍മ്മകളുടെ കൂടെ ഉത്സവമാണ്.” പണ്ടൊക്കെ കിലോ മീറ്ററോളം നടന്നു പോയായിരുന്നു ലോകകപ്പ് കണ്ടിരുന്നത്. ചെറിയ ബ്ലാക്ക് ആന്റ് വൈറ്റ് ടിവിയിലായിരുന്നു കളി കണ്ടിരുന്നത്. ഇന്ന് ടൗണിലൊക്കെ വലിയ സ്‌ക്രീനില്‍ കളി കാണിക്കാന്‍ തുടങ്ങി. പക്ഷെ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് കളികാണുന്നതിനേക്കാള്‍ വലുതായൊന്നുമില്ല.” അദ്ദേഹം പറയുന്നു.

ഇന്നത്തെ വയനാട്ടിലെ മിക്ക യുവതാരങ്ങളുടേയും പഴയകാല ഹീറോയായിരുന്നു ജെയിംസ്. 1980 കളില്‍ വയനാട്ടിലെ പ്രശസ്തമായ അമ്പലവയല്‍ എഫ്‌സിയുടെ താരമായിരുന്നു ജെയിംസ്. ഡിഫന്‍ഡറായിരുന്നു ജെയിംസ്. തനിക്കൊപ്പം അന്ന് പന്ത് തട്ടിയിരുന്നവരേയും ജെയിംസ് വീഡിയോയില്‍ അവതരിപ്പിക്കുന്നുണ്ട്. അവരെല്ലാം ഇന്ന് ജീവിതത്തിന്റെ മറ്റു തുറകളില്‍ തിരക്കുള്ളവരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ