കാൽപ്പന്ത് കളി മാമാങ്കാത്തിന്റെ ആവേശത്തിമിർപ്പിലാണ് ലോകം. ആ മൈതാനത്തിൽ സ്വന്തം പേര് ചേർത്തെഴുതിയ ഇതിഹാസ ക്രിക്കറ്റ് താരങ്ങളുടെ നീണ്ട നിര തന്നെയുണ്ടെന്ന്, കേട്ടാൽ അദ്ഭുതപ്പെടരുത്. അതാണ് സത്യം.
ക്രിക്കറ്റിന്റെ കുലപതികളിലൊരാളായ വിവിയൻ റിച്ചാർഡ്സ് മുതൽ ഓസീസ് വനിത ക്രിക്കറ്റ് ടീം ഓൾറൗണ്ടർ എലിസ പെരി വരെ നീളുന്ന വലിയൊരു പട്ടിക തന്നെയുണ്ട്. ലോകകപ്പിലും ക്ലബ് ഫുട്ബോളിലും തിളങ്ങിനിന്ന സൂപ്പർ താരങ്ങളാണ് അവരോരോ പേരും.
ചാൾസ് ബർഗസ് ഫ്രൈ
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ എന്നാണ് ചാൾസ് ബർഗസ് ഫ്രൈ വിശേഷിപ്പിക്കപ്പെടുന്നത്. ലോങ് ജംപർ, വേട്ടക്കാരൻ, റഗ്ബി കളിക്കാരൻ, എഴുത്തുകാരൻ, പൊതുപ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിലെല്ലാം തിളങ്ങിയ ഇംഗ്ലണ്ടിലെ ഈ പ്രമുഖൻ കോറിന്ത്യൻ കാഷ്വൽസ് ഫുട്ബോൾ ക്ലബിന്റെ നായകനായിരുന്നു. ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം, സതാംപ്ടൺ ഫുട്ബോൾ ക്ലബ് എന്നിവയ്ക്കു വേണ്ടിയും ബൂട്ടണിഞ്ഞ സിബി ഫ്രൈ റൈറ്റ് ബാക് പൊസിഷനിലാണ് കളിച്ചിരുന്നത്. ക്രിക്കറ്റിൽ 26 ടെസ്റ്റ് മൽസരങ്ങളിൽ നിന്ന് 1223 റൺസാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.

ആർതർ മിൽട്ടൻ
ഇംഗ്ലീഷ് ക്ലബായ ഗ്ലൂസെസ്റ്റർഷെയറിന് വേണ്ടി 620 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മൽസരങ്ങളിൽ നിന്ന് 32150 റൺസാണ് മിൽട്ടൻ അടിച്ചുകൂട്ടിയത്. 1958 നും 1959 നും ഇടയിൽ ആറ് രാജ്യാന്തര ടെസ്റ്റ് മൽസരങ്ങൾ മാത്രമേ അദ്ദേഹം കളിച്ചിട്ടുളളൂ. 1945 മുതൽ അദ്ദേഹം ആർസണലിന്റെ താരമായിരുന്നു. 80 മൽസരങ്ങളിലാണ് ആർഴ്സണലിന് വേണ്ടി ബൂട്ടണിഞ്ഞത്. പിന്നീട് മുഴുവനായും ക്രിക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുൻപ് ഇദ്ദേഹം ബ്രിസ്റ്റൽ സിറ്റിക്ക് വേണ്ടിയും പന്ത് തട്ടി.

വിവിയൻ റിച്ചാർഡ്സ്
ക്രിക്കറ്റിലും ഫുട്ബോളിലും ലോകകപ്പ് കളിച്ച ഏക പുരുഷ താരമെന്ന നേട്ടമാണ് വിവിയൻ റിച്ചാർഡ്സിന്റെ പേരിനൊപ്പം ഉളളത്. ക്രിക്കറ്റിലേക്ക് വരുന്നതിന് മുൻപായിരുന്നു ഇത്. 1974 ലെ ലോകകപ്പ് ഫുട്ബോൾ ക്വാളിഫൈയർ മൽസരങ്ങളിൽ ആന്റിഗ്വയ്ക്ക് വേണ്ടിയാണ് ഇദ്ദേഹം ബൂട്ടണിഞ്ഞത്. പിന്നീട് ബാത് സിറ്റി എഫ്സിയുടെ ട്രയലിൽ പങ്കെടുത്തെങ്കിലും ടീമിൽ ഇടംകിട്ടിയില്ല. ഇംഗ്ലണ്ടിലെ തന്നെ മൈൻഹെഡ് അസോസിയേഷൻ എഫ്സിയുമായി കരാറൊപ്പിട്ടു. പക്ഷെ പിൽക്കാലത്ത് അദ്ദേഹം ക്രിക്കറ്റിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

എല്ലിസ പെരി
വെറും 16 വയസ് മാത്രം പ്രായമായിരിക്കേയാണ് ഓസീസിന്റെ വനിത ക്രിക്കറ്റ് ടീമിലെ പേസ് നിരയിലേക്ക് എലിസ പെരിയുടെ കടന്നുവരവ്. അതേസമയത്ത് തന്നെ ദേശീയ ഫുട്ബോൾ ടീമിലും പെരി ഇടം നേടി. 2014 വരെ എട്ട് വർഷത്തിലേറെ ഇരു ടീമിലും അംഗമായിരുന്നു പെരി. ക്രിക്കറ്റിൽ ഓൾ റൗണ്ടർ ആയ പെരി ഫുട്ബോൾ ടീമിൽ പ്രതിരോധത്തിലെ ശക്തികേന്ദ്രമായിരുന്നു. 2011 ലെ വനിത ലോകകപ്പ് ഫുട്ബോളിലെ ക്വാർട്ടറിൽ ജർമ്മനിക്കെതിരെ നേടിയ ഗോളും പെരിയുടെ കരിയറിലെ പൊൻതൂവലാണ്.

ഡെന്നിസ് കോംപ്ടൺ
ഇംഗ്ലണ്ടിന് വേണ്ടി 78 ടെസ്റ്റ് മൽസരങ്ങൾ കളിച്ചിട്ടുണ്ട് ഇദ്ദേഹം. എന്നാൽ 1933-34 കാലത്ത് ആഴ്സണലിലെത്തിയ ഡെന്നിസ് കോംപ്ടൺ ഈ ടീമിലെ പ്രധാന താരമായിരുന്നു. നൻഹെഡ് എഫ് സിയിൽ നിന്നാണ് അദ്ദേഹം യൂറോപ്പിലെ വമ്പന്മാരായ ആഴ്സണലിലേക്ക് എത്തുന്നത്. പിൽക്കാലത്ത് ഗണ്ണേർസിനൊപ്പം കളിച്ച ഡെന്നിസ് ലീഗ് കിരീടവും, 1950 ലെ എഫ്എ കപ്പും നേടി. ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന് വേണ്ടിയും ബൂട്ടണിഞ്ഞെങ്കിലും ഈ 16 മൽസരവും രാജ്യാന്തര മൽസരങ്ങളായിരുന്നില്ല. ക്രിക്കറ്റ് മൈതാനത്ത് 50.06 റൺസ് ശരാശരിയിൽ 5807 റൺസാണ് ഡെന്നിസിന്റെ സമ്പാദ്യം.

മൈക് ഗാറ്റിങ്
ഇംഗ്ലണ്ടിന് വേണ്ടി 92 ഏകദിനങ്ങളും 79 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ടീമായ വാറ്റ്ഫോർഡ് എഫ്സിയുടെ താരമായിരുന്നു മൈക് ഗാറ്റിങ്. എന്നാൽ പിൽക്കാലത്ത് ക്രിക്കറ്റിൽ കൂടുതൽ താത്പര്യം ജനിച്ചതോടെ അദ്ദേഹം ചുവട് മാറ്റുകയായിരുന്നു.

ഇയാൻ ബോതം
ക്രിക്കറ്റ് മൈതാനത്ത് ഇയാൻ ബോതത്തിന് സാധിക്കാത്ത ചുരുക്കം കാര്യങ്ങൾ മാത്രമേയുളളൂവെന്നാണ് കരുതപ്പെടുന്നത്. 528 വിക്കറ്റുകളും 7313 റൺസുമാണ് ഇയാൻ ബോതത്തിന്റെ സമ്പാദ്യം. എന്നാൽ കാൽപ്പന്ത് കളി മൈതാനത്ത് തന്റെ പ്രതിഭയെ അടയാളപ്പെടുത്തിയിട്ടുണ്ട് ഇദ്ദേഹം. മധ്യനിരയിൽ യൂവിൽ ടൗണിന് വേണ്ടി കളിച്ച ഇദ്ദേഹം സ്കന്തോർപ്പ് യുണൈറ്റഡിന് വേണ്ടി 11 മൽസരങ്ങളിലാണ് ഇറങ്ങിയത്.

ടിപ് ഫോസ്റ്റർ
ഇംഗ്ലണ്ടിനെ ക്രിക്കറ്റിലും ഫുട്ബോളിലും നയിച്ച ഏക താരം. ഇംഗ്ലണ്ടി ദേശീയ ടീമിനും കോറിന്ത്യൻസിനും വേണ്ടിയാണ് ടിപ് ഫോസ്റ്റർ ബൂട്ടണിഞ്ഞിട്ടുളളത്. ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന് പുറമെ, വോർസെസ്റ്റ്ർഷെയർ, ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റി ടീമുകൾക്ക് വേണ്ടിയാണ് ബാറ്റേന്തിയത്. 1900 ത്തിൽ ഇംഗ്ലീഷ് ടീമിൽ അരങ്ങേറിയ ടിപ് ഫോസ്റ്റർ 1902 ൽ വെയിൽസിനെതിരായ മൽസരത്തിലാണ് ക്യാപ്റ്റനായി ആദ്യ മൽസരം കളിച്ചത്.
ജെറി ഗോമസ്
ട്രിനിഡാഡിൽ ജനിച്ച ജെറി ഗോമസ് വെസ്റ്റ് ഇൻഡീസിന് വേണ്ടിയാണ് 1939 മുതൽ 1954 വരെ ക്രിക്കറ്റ് കളിച്ചത്. 29 ടെസ്റ്റിൽ നിന്ന് 1203 റൺസും 58 വിക്കറ്റും ഇദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ ഫുട്ബോളിലും മികവ് തെളിയിച്ച ജെറി ഗോമസ് ട്രനിഡാഡിന്റെ ദേശീ ടീമിന് വേണ്ടിയാണ് ബൂട്ടണിഞ്ഞത്. പിന്നീട് ഇദ്ദേഹം ട്രിനിഡാഡിന്റെ ദേശീയ ഫുട്ബോൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായി.
ആർനി സൈഡ്ബോട്ടം
മാഞ്ചസ്റ്റർ യുണൈറ്റഡ്, ഹഡ്ഡേർസ്ഫീൽഡ്, ഹാലിഫക്സ് അങ്ങിനെ നീളുന്നു ആർനി സൈഡ്ബോട്ടത്തിന്റെ ഫുട്ബോൾ ടീമുകളുടെ പേര്. ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ഒന്നിലേറെ മൽസരങ്ങളും ഇദ്ദേഹം കളിച്ചിട്ടുണ്ട്. യോർക്ഷെയറും ഓറഞ്ച് ഫ്രീ സ്റ്റേറ്റുമാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് ക്ലബുകൾ.
കെൻ ഹൂജ്
ന്യൂസിലൻഡിന്റെ മുൻ ദേശീയ ടീമംഗമാണ് കെൻ ഹൂജ്. ന്യൂസിലൻഡിലെ നോർത്തേൺ ഡിസ്ട്രിക്ടിന്റെയും ഓക്ലാൻഡിന്റെയും താരമായാണ് അദ്ദേഹം ദേശീയ ടീമിലേക്ക് കടന്നുവന്നത്. എന്നാൽ പിന്നീട് ഓസ്ട്രേലിയയുടെ ദേശീയ ഫുട്ബോൾ ടീമംഗമായിരുന്നു. പിൽക്കാലത്ത് ന്യൂസിലൻഡിലേക്ക് ചുവടുമാറ്റിയ കെൻ ഹൂജ് ന്യൂസിലൻഡിന്റെ ദേശീയ ഫുട്ബോൾ ടീമിലും കളിച്ചു.