ദൈനംദിന ജീവിതത്തിനായി ആയിരങ്ങളാണ് വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നത്. ആട്, പശു തുടങ്ങിയ വരുമാനം തരുന്ന മൃഗങ്ങളും പലരും ഉപജീവനത്തിനായി വളർത്തുമ്പോൾ പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾ ഇല്ലാത്ത വീടുകൾ കുറവായിരിക്കും. ഇവ നമ്മുടെ ജീവിതത്തിൽ അത്രമേൽ പ്രിയപ്പെട്ടതാവുമ്പോഴും നമുക്ക് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും കുറവല്ല.
ജന്തുജന്യ രോഗ ദിനമായി ആചരിക്കുകയാണ് ഇന്ന്. മനുഷ്യരിലുണ്ടാകുന്ന പകര്‍ച്ചവ്യാധികളില്‍ 60 ശതമാനവും ജന്തുക്കളില്‍നിന്നും പകരുന്നവയാണ്. പുതുതായുണ്ടാകുന്ന രോഗങ്ങളുടെ 70 ശതമാനവും ജന്തുക്കളില്‍നിന്നാണ് ആവിര്‍ഭവിക്കുന്നത്. ഇരുന്നൂറിലധികം ജന്തുജന്യ രോഗങ്ങളുണ്ട്. ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ട കാലമാണിതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
”എലിപ്പനി, പേവിഷബാധ, നിപ, ആന്ത്രാക്സ് തുടങ്ങിയ പല ജന്തുജന്യ രോഗങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മനുഷ്യരുടെ ആരോഗ്യം ജന്തു ജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ ആശ്രയിച്ചാണ്. ഇതു മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് രാജ്യത്താദ്യമായി ഏക ലോകം ഏകാരോഗ്യം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കി. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം തന്നെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിര്‍ത്തി രോഗ പ്രതിരോധമാണ് വണ്‍ ഹെല്‍ത്തിലൂടെ ലക്ഷ്യമിടുന്നത്,” മന്ത്രി പറഞ്ഞു.
പേവിഷബാധയ്ക്കെതിരെ ലൂയി പാസ്ചര്‍ വാക്സിന്‍ കണ്ടുപിടിച്ചതിന്റെ ആദര സൂചകമായാണ് ജൂലൈ ആറ് ജന്തുജന്യ രോഗ ദിനമായി ആചരിക്കുന്നത്. ജന്തുജന്യ രോഗങ്ങളക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുവാനും രോഗങ്ങളെ തിരിച്ചറിയുവാനും ശരിയായ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കാനുമാണ് ദിനാചരണം ലക്ഷ്യമിടുന്നത്.
എന്താണ് ജന്തുജന്യ രോഗങ്ങള്‍?
ജന്തുക്കളില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളാണ് ജന്തുജന്യ രോഗങ്ങള്‍. എബോള, മങ്കി പോക്സ് തുടങ്ങിയവയും ഇക്കൂട്ടത്തില്‍ പെടുന്നു. അശാസ്ത്രീയമായ മൃഗപരിപാലനം മൂലവും മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കള്ള കടന്നുകയറ്റം മൂലവുമാണ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് രോഗങ്ങള്‍ പകരുന്നത്. നേരിട്ടുള്ള സമ്പര്‍ക്കം, ആഹാരം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെയാണ് രോഗാണു മനുഷ്യരിലെത്തുന്നു.
മൃഗങ്ങളുമായുള്ള സ്വാഭാവിക സഹവാസം, വിനോദം, ലാളന, കൃഷി, ഭക്ഷണം എന്നിവയ്ക്കായി വളര്‍ത്തുക തുടങ്ങിയ സാഹചര്യങ്ങളിലൂടെ രോഗാണു മനുഷ്യരിലേക്കു പകരുന്നത്.
അന്തര്‍ദേശീയ യാത്രക്കാര്‍ കൂടുതലുള്ളതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള രോഗങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത കൂടുതലാണ്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളിലുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ രോഗ സാധ്യത കൂടുതലുള്ളവരാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
- മൃഗപരിപാലന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഇതിലൂടെ ഇറച്ചി, മുട്ട, പാല്‍, പച്ചക്കറികള്‍ എന്നിവയില്‍നിന്നും രോഗം ഉണ്ടാകുന്നതും പടരുന്നതും തടയും
- ശുദ്ധമായ കുടിവെള്ളം, മാലിന്യ സംസ്‌കരണം, ജലാശയങ്ങളുടെയും കുടിവെള്ള സ്രോതസുകളുടെയും വൃത്തിയാക്കല്‍ എന്നിവയും രോഗപ്രതിരോധത്തില്‍ പ്രധാനമാണ്
- മൃഗങ്ങളുമായി ഇടപഴകൂകയോ അവയുടെ സമീപത്ത് പോകുകയോ ചെയ്തിട്ടുണ്ടങ്കില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
- എലിപ്പനിയ്ക്കെതിരെ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിയ്ക്കുക
- പട്ടിയോ പൂച്ചയോ മറ്റ് മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിന്‍ എടുക്കണം
- കൊതുക്, ചെള്ള്, പ്രാണികള്‍ തുടങ്ങിയവയുടെ കടി ഒഴിവാക്കുക
- ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുക. നന്നായി വേവിച്ച് മാത്രം കഴിക്കുക
ക്ഷീര കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം
- പശു, ആട്, പന്നി തുടങ്ങിയ മൃഗങ്ങളെ വളര്‍ത്തുന്ന സ്ഥലങ്ങളില്‍ മൃഗങ്ങളുടെ കാഷ്ഠം, മൂത്രം മറ്റ് ജൈവമാലിന്യങ്ങള്‍ എന്നിവ ശരിയായി സംസ്‌കരിക്കുന്നതിലൂടെ കൊതുകുകളെ നിയന്ത്രിക്കാനാകും. ഫാമുകള്‍ക്കു ചുറ്റുമുള്ള വെളളക്കെട്ടുകള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. കൃത്യമായ ഇടവേളകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതുവഴി ഡെങ്കിപ്പനി പ്രതിരോധിക്കാനാവും
- എലിയുടെ മല – മൂത്ര വിസര്‍ജ്യത്തിലൂടെയാണ് എലിപ്പനിക്കു കാരണമാകുന്ന രോഗാണു പുറത്തെത്തുന്നത്. വിസര്‍ജ്യങ്ങളാല്‍ മലിനമാക്കപ്പെട്ട കെട്ടിക്കിടക്കുന്ന വെള്ളം, അഴുക്ക് ചാലുകള്‍, ചെളി പ്രദേശം തുടങ്ങി ഈര്‍പ്പമുള്ള ഇടങ്ങളിലെല്ലാം രോഗാണുക്കള്‍ ഉണ്ടാകാം. വളര്‍ത്തു മൃഗങ്ങള്‍ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണം.
- പാടത്തും പറമ്പിലും വെള്ളകെട്ടുകള്‍ക്കു സമീപവും കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍, കൈതച്ചക്കത്തോട്ടത്തിലും കരിമ്പിന്‍ തോട്ടത്തിലും ജോലിയെടുക്കുന്നവര്‍, കന്നുകാലികളെയും പന്നികളെയും വളര്‍ത്തുന്നവര്‍, കന്നുകാലി വില്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, പശുവിനെയും എരുമയേയും കറക്കുന്നവര്‍, കശാപ്പുകാര്‍, കശാപ്പുശാലകളിലെ ജോലിക്കാര്‍, പാലുത്പാദന മേഖലയില്‍ ജോലിചെയ്യുന്നവര്‍, അരുമമൃഗങ്ങളുടെ പരിപാലകര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങിയവരെല്ലാം എലിപ്പനി ബാധിക്കാന്‍ സാധ്യത കൂടുതലുള്ളവരാണ്.
- വളര്‍ത്തുമൃഗങ്ങളില്‍ നായ്ക്കളിലാണ് ഏറ്റവുമധികം എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ നായ്ക്കള്‍ക്കു പേവിഷബാധക്കെതിരായ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതു പോലെ എലിപ്പനിക്കെതിരായ കുത്തിവെയ്പും നിര്‍ബന്ധമായും എടുക്കണം.
- രോഗബാധിതരായ / ലക്ഷണങ്ങളില്ലാത്ത രോഗവാഹകരായ മൃഗങ്ങളുടെ കാഷ്ഠം, മൂത്രം മറ്റ് ശരീരസ്രവങ്ങള്‍, ഗര്‍ഭാവശിഷ്ടങ്ങള്‍, ജനനേന്ദ്രിയസ്രവങ്ങള്‍ എന്നിവ കലര്‍ന്ന മണ്ണും വെള്ളവുമായുള്ള സമ്പര്‍ക്കം വഴിയും മൃഗപരിപാലകര്‍ക്ക് എലിപ്പനി പകരാം.
- ക്ഷീരകര്‍ഷകര്‍ തൊഴുത്തില്‍ കയറുമ്പോള്‍ വെള്ളം കയറാത്ത ഗംബൂട്ട്സ് (കാലുറ), റബ്ബര്‍ കൈയ്യുറ എന്നിവ ധരിക്കണം. മുറിവുകളില്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടി മുറിവിനു പുറത്ത് പ്ലാസ്റ്റര്‍ ഒട്ടിക്കണം
- മൃഗങ്ങളെ പരിപാലിക്കുന്നതിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.
- തൊഴുത്തില്‍ മൃഗങ്ങളുടെ ചാണകം, കാഷ്ടം, മൂത്രം എന്നിവ അടിഞ്ഞു കൂടാതെ ശ്രദ്ധിക്കുക. തൊഴുത്ത് വൃത്തിയാക്കാനായി അലക്കുകാരം, ബ്ലീച്ചിങ്ങ് പൗഡര്‍,കുമ്മായം എന്നിവ ഉപയോഗിക്കാം
- ഓമനമൃഗങ്ങളെ പരിപാലിക്കുന്നവരും ഗ്ലൗസ് സ്ഥിരമായും നിര്‍ബന്ധമായും ഉപയോഗിക്കുക.
- വളര്‍ത്തുമൃഗങ്ങള്‍ക്ക് കൃത്യമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുക.വളര്‍ത്തുമൃഗങ്ങളിലെ പനി പോലെയുള്ള രോഗങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറെ കാണിക്കുക.
- പാടത്തെയും പറമ്പിലെയും കെട്ടിനില്ക്കുന്ന വെള്ളത്തില്‍ ഇറങ്ങുകയും മുഖം കഴുകുകയും ചെയ്യരുത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലും മലിന ജലത്തിലും കുളിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കുന്നതും ഒഴിവാക്കണം.