ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ബുധനാഴ്ച, ദക്ഷിണാഫ്രിക്കയിലേക്ക് യാത്രാ ചെയ്ത, 50 വയസ്സുള്ള സ്ത്രീക്ക് കോവിഡിന്റെ പുതിയ ‘എക്സ്ഇ’ വകഭേദം ബാധിച്ചതായി പ്രഖ്യാപിച്ചിരുന്നു.
കോവിഡ് -19 ന്റെ മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദമായ എക്സ്ഇ ഇതുവരെ ഇന്ത്യയിൽ കണ്ടെത്തിയിരുന്നില്ല. കോവിഡ് കേസുകൾ ദിനംപ്രതി കുറഞ്ഞുവരുന്ന ഇന്ത്യയിൽ, പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന വാർത്ത ഏറെ ആശങ്ക സൃഷ്ടിച്ചു.
എന്നാൽ, ഏതാണ്ട് ഉടനടി, ആ രോഗിയിൽ എക്സ്ഇ വകഭേദം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ന്യൂഡൽഹിയിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. രോഗിയിൽ കണ്ടെത്തിയ വൈറസ് എക്സ്ഇ വകഭേദം അല്ലെന്നാണ് പ്രാഥമിക വിശകലനത്തിലെ സൂചന. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇതില് സ്ഥിരീകരണം ലഭിച്ചേക്കും.
കൊറോണ വൈറസിന്റെ എക്സ്ഇ വകഭേദം എന്താണ്?
ഈ വർഷമുണ്ടായ 90 ശതമാനത്തിലധികം കേസുകൾക്കും കാരണമായ ഒമിക്രോൺ വകഭേദത്തിന് ബിഎ.1, ബിഎ.2 എന്നിങ്ങനെ രണ്ട് പ്രധാന ഉപ വകഭേദങ്ങളുണ്ട്. ഒപ്പം ബിഎ.3 എന്നൊരു ഉപ വകഭേദവുമുണ്ട്, എന്നാൽ അത് വളരെ കുറവാണ്.
ആദ്യ ഘട്ടത്തിൽ, ബിഎ.1 ഉപ വകഭേദമാണ് ഏറ്റവും വ്യാപകമായത്. എന്നാൽ, ഇന്ത്യയിലെ മൂന്നാം തരംഗത്തിൽ ഏറ്റവും പ്രബലമായി കണ്ടത് ബിഎ.2 ആയിരുന്നു.
ബിഎ.2 കൂടുതൽ അപകടകാരിയല്ലെങ്കിലും ബിഎ.1 നേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതായി കണ്ടെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, കഴിഞ്ഞ രണ്ട് മാസങ്ങളിൽ, ലോകമെമ്പാടും ഏറ്റവും വ്യാപകമായത് ബിഎ. 2 ആയിരുന്നു, കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്ത 94 ശതമാനം കേസുകളും ഇത് മൂലമാണ്. അതേസമയം ബിഎ.1 വിന്റെ ആധിക്യം കുത്തനെ കുറഞ്ഞുവരികയാണ്.
എക്സ്ഇ വകഭേദത്തെ ‘റീകോമ്പിനന്റ്’ അഥവാ പുനഃസംയോജിച്ചവ എന്ന് വിളിക്കുന്നു. ഇതിനർത്ഥം ബിഎ.1, ബിഎ.2 എന്നീ ഒമിക്രോണുകളിൽ കാണപ്പെടുന്ന മ്യൂട്ടേഷനുകൾ ഇതിൽ അടങ്ങിയിരിക്കുന്നു എന്നാണ്. ജനുവരിയിൽ യുകെയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്, ഇതുവരെ വിവിധ രാജ്യങ്ങളിലെ 600-ലധികം സാമ്പിളുകൾ എക്സ്ഇ കണ്ടെത്തിയിട്ടുണ്ട്.
റീകോമ്പിനന്റ് വകഭേദങ്ങൾ അസാധാരണമല്ല. അറിയപ്പെടുന്ന രണ്ടോ അതിലധികമോ വേരിയന്റുകളുടെ മ്യൂട്ടേഷൻ സവിശേഷതകൾ അടങ്ങിയിരിക്കുന്ന പുതിയ വകഭേദങ്ങൾ എപ്പോഴും ഉണ്ടാവാറുണ്ട്. സത്യത്തിൽ, ഡെൽറ്റയുടെയും ഒമിക്രോണിന്റെയും സ്വഭാവമുളള മ്യൂട്ടേഷനുകൾ അടങ്ങിയ വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വൈറസുകളിലും മറ്റ് ജീവജാലങ്ങളിലും ജനിതകമാറ്റങ്ങളുടെ ക്രമരഹിതമായ പ്രക്രിയ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ ഈ മ്യൂട്ടേഷനുകളുടെ ഒരു ചെറിയ അംശം മാത്രമേ വൈറസിനെ ബാധിക്കുകയോ ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കാനുള്ള കഴിവുകളെ ബാധിക്കുന്നുമുള്ളു.
“ലോകമെമ്പാടുമുള്ള നിലവിലെ വലിയ രോഗവ്യാപനം കണക്കിലെടുക്കുമ്പോൾ, റീകോമ്പിനന്റുകൾ ഉൾപ്പെടെയുള്ള കൂടുതൽ വകഭേദങ്ങൾ ഉണ്ടായിവരുന്നത് തുടരാൻ സാധ്യതയുണ്ട്. കൊറോണ വൈറസുകൾക്കിടയിൽ പുനഃസംയോജനം സാധാരണമാണ്, ഇതിനെ പ്രതീക്ഷിച്ച മ്യൂട്ടേഷൻ സംഭവമായി കണക്കാക്കപ്പെടുന്നു,” ഡബ്ല്യുഎച്ച്ഒ അടുത്തിടെ ഒരു അപ്‌ഡേറ്റിൽ പറഞ്ഞു.
അപ്പോൾ എക്സ്ഇ ഭീഷണി ഉയർത്തുന്നുണ്ടോ?
നിലവിൽ, എക്സ്ഇ വകഭേദം മറ്റ് ഒമിക്രോൺ വകഭേദങ്ങളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല.
ബിഎ.2 വകഭേദത്തേക്കാൾ പത്ത് ശതമാനം കൂടുതൽ വ്യാപനശേഷി എക്സ്ഇ യ്ക്ക് ഉണ്ട് എന്നതാണ് ശ്രദ്ധിക്കപ്പെട്ട കാര്യം. എന്നാൽ ഇത് എക്സ്ഇ യുടെ ഏറ്റവും നിസാരമായ നേട്ടമാണ്, എന്നാൽ ഇത് പോലും ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
മൂന്ന് മാസം മുമ്പ് കണ്ടെത്തിയ എക്സ്ഇ കാര്യമായ രോഗ വ്യാപനത്തിന് കാരണമായിട്ടില്ല എന്നതാണ് ഇപ്പോൾ ഭയപ്പെടേണ്ട എന്നതിന് കാരണം.
എക്സ്ഇ വേരിയന്റിന്റെ ക്ലിനിക്കൽ പരിശോധനകളിൽ ബിഎ.1 അല്ലെങ്കിൽ ബിഎ.2 യിൽ നിന്ന് വ്യത്യസ്തമാണെന്ന് കണ്ടെത്തിയിട്ടില്ല. മറ്റ് ഒമിക്രോൺ വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അതിതീവ്രമായ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്നും കണ്ടെത്തിയിട്ടില്ല. അതുപോലെ, എക്സ്ഇ വകഭേദത്തെ ഒമിക്രോണിൽ നിന്ന് വ്യത്യസ്തമായും പരിഗണിക്കുന്നില്ല.
“പ്രചരണത്തിലും രോഗ സ്വഭാവത്തിലും കാര്യമായ വ്യത്യാസങ്ങൾ, തീവ്രത ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെടുന്നതുവരെ, എക്സ്ഇ ഒമിക്രോൺ വകഭേദത്തിൽ തന്നെയാവും ഉൾപ്പെടുക,” ലോകാരോഗ്യ സംഘടന പറഞ്ഞു.
കോവിഡ്-19 എക്സ്ഇ വകഭേദം ഇന്ത്യയിൽ വരുമോ?
എക്സ്ഇ വകഭേദം ഇന്ത്യയിൽ ആരിൽ എപ്പോൾ കണ്ടെത്തിയാലും അതിശയിക്കാനില്ല. കാരണം യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കി, അന്താരാഷ്‌ട്ര വിമാന യാത്രകൾ കോവിഡിന് മുൻപുള്ളത് പോലെ ഏതാണ്ട് മാറിയിരിക്കുന്നു.
കൂടാതെ, ഇന്ത്യയിൽ എക്സ്ഇ അല്ലെങ്കിൽ ഒമിക്രോണിന്റെ മറ്റേതെങ്കിലും പുനഃസംയോജന ഇനത്തിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല. എക്സ്ഇ ഇതിനകം തന്നെ വ്യാപിച്ചിട്ടുണ്ടാവാനും സാധ്യതയുണ്ട്. എന്നാൽ കണ്ടെത്തിയിട്ടില്ല.
എന്നാൽ, എക്സ്ഇ വകഭേദം കണ്ടെത്തിയാലും അത് ഒരു പുതിയ തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമാകില്ല. നിലവിൽ, ഇത് ഒമിക്രോണിൽ നിന്ന് അത്ര വ്യത്യസ്തമല്ല. ഇവയ്ക്ക് അണുബാധയ്‌ക്കോ പ്രതിരോധശേഷി ഒഴിവാക്കാനോ കൂടുതൽ ഗുരുതരമായ രോഗമുണ്ടാക്കാനോ ഉള്ള പ്രത്യേക കഴിവുകൾ ഉണ്ടാവുന്നില്ലെങ്കിൽ ഇന്ത്യയിൽ ഭീഷണിയാവാനുള്ള സാധ്യത നിലവിൽ കുറവാണ്.
അതുകൊണ്ട് ആശ്വസിക്കാമോ?
വൈറസ് പൂർണമായി ഇല്ലാതായിട്ടില്, കൂടാതെ അവ പുതിയ മ്യൂട്ടേഷനുകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നതിനാൽ ഇന്ത്യയിൽ പുതിയ ഒരു തരംഗത്തിനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനാവില്ല എന്നതാണ് വസ്തുത.
എന്നാൽ ഒരു പുതിയ വകഭേദം ഉണ്ടാവുന്നില്ലെങ്കിൽ പുതിയൊരു വ്യാപനത്തിന് ഉള്ള സാധ്യത കുറവാണ്. കാരണം അവയ്ക്ക് നിലവിലെ പ്രതിരോധശേഷിയെ മറികടക്കാൻ സാധിച്ചേക്കില്ല. ഇന്ത്യൻ ജനസംഖ്യയുടെ വലിയൊരു ഭാഗം, ഏകദേശം 40 മുതൽ 50 ശതമാനം വരെ, അടുത്തിടെ ഒമിക്രോൺ ബാധിച്ചതാണ്. അതിൽ നിന്നുള്ള പ്രതിരോധശേഷി ഇപ്പോഴും ഫലപ്രദമാകാൻ സാധ്യതയുണ്ട്.
സമീപഭാവിയിൽ ഒരു പുത്തൻ തരംഗം വന്നാൽ, മിക്കവാറും ഒമിക്രോൺ വകഭേദത്തിനോട് അത്ര സമാനതകളില്ലാത്ത ഒരു പുതിയ വകഭേദമാകാം. നിലവിൽ മനസിലാക്കിയിടത്തോളം അത് എക്സ്ഇ ആയിരിക്കില്ല.
Also Read: യുക്രൈനിലെ ബുച്ചയില്‍ സംഭവിച്ചതെന്ത്; വംശഹത്യയോ യുദ്ധക്കുറ്റമോ?