/indian-express-malayalam/media/media_files/uploads/2023/09/Kerala-Mp-from-Kerala-KErala-woman-mp-womens-reservation-bill.jpg)
Representative Image
കേരളത്തിലെ ജനസംഖ്യാ അനുപാതം എന്നത് ഇന്ത്യയിലേക്കും തന്നെ ഏറ്റവും മികച്ച സ്ത്രീ പുരുഷ അനുപാതം ആണ്. അതിന്റെ പേരിൽ മലയാളികൾ ഏറെ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. 1951 ൽ 1000 പുരുഷന്മാർക്ക് 1028 സ്ത്രീകളായിരുന്നുവെങ്കിൽ 2011ൽ ആയപ്പോൾ അത് ആയിരം പുരുഷന്മാർക്ക് 1084 സ്ത്രീകൾ എന്നായി മാറി. അതായത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 52.02 ശതമാനം സ്ത്രീകളാണ് എന്നാണ് 2011ലെ സെൻസസ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽ തന്നെ 19 വയസ്സിനും 80 വയസ്സിന് മുകളിലുളളതുമായ പുരുഷന്മാരുടേതിനേക്കാൾ 15, 45, 591 സ്ത്രീകൾ കൂടുതലാണ് കേരളത്തിൽ.
ഇനി വോട്ടർപട്ടിക പരിശോധിച്ചാലും ഇതു പോലെ സ്ത്രീകളുടെ മുൻതൂക്കം കാണാൻ സാധ്യമാകും. എന്നിട്ടും കേരളത്തിൽ നിന്നും ജയിക്കുന്ന സ്ത്രീകളുടെ എണ്ണത്തിന് എന്താണ് സംഭവിക്കുന്നത്. 1951 ൽ നിന്നും 2019ൽ എത്തി നിൽക്കുമ്പോൾ കേരളത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിച്ച സ്ത്രീകളുടെ എണ്ണം വെറും 152 മാത്രമാണ്. ജയിച്ച് എം പി മാരായവരോ ഒമ്പത് പേർ മാത്രം. അതിൽ തന്നെ രസകരമായ ഒരു കാര്യം ഒരാൾ മൂന്ന് തവണയും രണ്ടു പേർ രണ്ട് തവണയും എം പിമാരായി. ബാക്കിയുളളവർ ഓരോ തവണയും. എന്തു കൊണ്ടാണ് കേരളത്തിൽ ഇത്രയധികം സ്ത്രീ വോട്ടർമാരുണ്ടായിട്ടും സ്ത്രീകൾ തിരഞ്ഞെടുപ്പുകളിൽ തോൽക്കുന്നത്. കേരളത്തിലെ സ്ത്രീകളുടെ തിരഞ്ഞെടുപ്പ് ചരിത്രം ഇതാണ്.
കേരളത്തിലെ സ്ത്രീകളുടെ തിരഞ്ഞെടുപ്പ് ചരിത്രം
തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്ത്രീകളുടെ വർത്തമാനം ഇങ്ങനെയാണ്. 1951 ൽ ജയിച്ച ഏക വനിത ആനി മസ്ക്രീൻ ആയിരുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ചായിരുന്നു ആനി മസ്ക്രീനിന്റെ ജയം. പക്ഷേ, അന്ന് കേരളം രൂപീകരിച്ചിരുന്നില്ല. തിരു- കൊച്ചി സംസ്ഥാനത്തിൻറെ ഭാഗമായിരുന്നു തിരുവനന്തപുരം മണ്ഡലം. തിരു-കൊച്ചി, മലബാർ പ്രദേശങ്ങളിൽ നിന്നും ഡൽഹിയിലേക്ക് പോയ ഏകവനിത എന്ന സ്ഥാനം ആനി മസ്ക്രീനിന് സ്വന്തം.
1962 ൽ ആകെ മത്സരിച്ചത് ഒരു സ്ത്രീയാണ്. കൊല്ലം മണ്ഡലത്തിൽ നിന്നും കോൺഗ്രസിന്റെ സരോജിനി. എന്നാൽ ആർ എസ് പിയിലെ ശ്രീകണ്ഠൻ നായരോട് സരോജിനി 64,955 വോട്ടുകൾക്ക് തോറ്റു.
1967 ആയപ്പോൾ മത്സരിക്കാനുള്ള സ്ത്രീകളുടെ എണ്ണം കൂടി. അത്തവണ മൂന്ന് സ്ത്രീകളാണ് മത്സരിച്ചത്. 15 വർഷത്തിന് ശേഷം ഒരു സ്ത്രീ കേരളത്തിൽ നിന്നും ലോകസഭയിലേക്ക് പോയതും ഈ വർഷമായിരുന്നു. സി പി എമ്മിലെ സുശീലാ ഗോപാലൻ, മഞ്ചരിയിൽ നിന്നും കോൺഗ്രസിലെ എ നഫീസത്ത് ബീവി, മൂവാറ്റുപുഴയിൽ നിന്നും എഴുത്തുകാരി ആനി തയ്യിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായും മത്സരിച്ചു. ഇതിൽ സുശീലാ ഗോപാലൻ മാത്രമാണ് ജയിച്ചത്. 1967 ൽ സുശീലാ ഗോപാലൻ കോൺഗ്രസിലെ പി എസ് കാർത്തികേയനെ അമ്പലുപ്പുഴ ലോകസഭാ മണ്ഡലത്തിൽ 50,277 വോട്ടിന് തോൽപ്പിച്ചു. മഞ്ചേരിയിൽ മുസ്‌ലിം ലീഗിന്റെ എം എം ഇസ്മായിലിനോട് എ നഫീസത്തു ബീവി തോറ്റു. മൂവാറ്റുപുഴയിൽ ആനി തയ്യിൽ 70,010 വോട്ട് നേടി മൂന്നാം സ്ഥാനാത്താണ് എത്തിയത്. ഇവിടെ സി പി എമ്മിന്റെ പി. പി എസ്തോസ് ആണ് ജയിച്ചത്.
1971 ൽ നാല് വനിതകളാണ് കേരളത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിച്ചത്. അതിൽ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലിയിൽ അംഗമായിരുന്ന ദാക്ഷായണി വേലായുധനും ഉൾപ്പെട്ടിരുന്നു. സ്വതന്ത്രയായി മത്സരിച്ച ദാക്ഷായണി വേലായുധന് പുറമെ, സ്വതന്ത്ര സ്ഥാനാർത്ഥിയായി ലീലാ ദാമോദര മേനോൻ, സി പി എമ്മിന്റെ സുശീലാ ഗോപാലൻ, സി പി ഐയുടെ ഭാർഗവി തങ്കപ്പൻ എന്നിവരാണ് മത്സരിച്ചത്. എന്നാൽ ആകെ ജയിച്ചത് സി പി ഐയുടെ ഭാർഗവി തങ്കപ്പൻ മാത്രമാണ്. അടൂരിൽ നിന്നായിരുന്നു ഭാർഗവി തങ്കപ്പന്റെ വിജയം.
ഒരു ലക്ഷത്തിൽപരം വോട്ടുകൾക്കായിരുന്നു (108897 വോട്ടുകൾ) സി പി എമ്മിലെ പി. കെ. കുഞ്ഞച്ചനെ ഭാർഗവി തങ്കപ്പൻ തോൽപ്പിച്ചത്.
1980 ൽ സുശീലാ ഗോപാലൻ വീണ്ടും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ആലപ്പുഴ മണ്ഡലത്തിൽ നിന്നുമാണ് സുശീലാ ഗോപാലൻ ജയിച്ചത്. 11,4764 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സുശീലയുടെ ജയം. ജനതാപാർട്ടി സ്ഥാനാർത്ഥിയായിരുന്ന ഓമനപ്പിള്ളയെ തോൽപ്പിച്ചായിരുന്നു വിജയം. തീരദേശ റെയിൽവേക്കായി വാദിച്ചിരുന്ന വ്യക്തി എന്ന നിലയിലാണ് ഓമനപ്പിള്ളയെ കേരളം അറിയുന്നത്.
1984ലെ തിരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധി വധത്തെ തുടർന്ന് വന്ന സഹതാപതരംഗത്തിന്റെ പശ്ചാത്തലത്തിലാണ് നടന്നത്. പക്ഷേ, ഒരൊറ്റ സ്ത്രീ പോലും കേരളത്തിൽ നിന്നും ജയിച്ചില്ല. അതുവരെ ഒന്നും രണ്ടും സ്ത്രീകൾ മാത്രം മത്സരിച്ചിരുന്നിടത്ത് ഏഴ് വനിതകളാണ് അത്തവണ ലോകസഭയിലേക്ക് മത്സരിച്ചത് എന്ന കാര്യം കൂടി ഓർമ്മിക്കണം. സാഹിത്യകാരി മാധവിക്കുട്ടി എന്ന കമലാദാസ് സ്വതന്ത്രയായി തിരുവനന്തപുരത്ത് നിന്നും ലോകസഭയിലേക്ക് മത്സരിച്ചതും ഈ തിരഞ്ഞെടുപ്പിലായിരുന്നു. 84ൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഏകസ്ത്രീ സുശീലാ ഗോപാലനായിരുന്നു. ആലപ്പുഴയിൽ സുശീലാ ഗോപാലൻ, കോൺഗ്രസിലെ വക്കം പുരുഷത്തമനോട് തോറ്റു.
1989ൽ എട്ട് വനിതാ സ്ഥാനാർത്ഥികൾ മത്സരിച്ചു. ഇതിൽ സി പി എമ്മിന്റെ രണ്ടു പേരും സി പി ഐയ്ക്കും കോൺഗ്രസിനും ഓരോ സ്ഥാനാർത്ഥികളുമാണ് ഉണ്ടായിരുന്നത്. അതിൽ കോൺഗ്രസിന് മാത്രമാണ് സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ കഴിഞ്ഞത്. മുകുന്ദപുരത്ത് കോൺഗ്രസിലെ സാവിത്രി ലക്ഷ്മണൻ, സി പി എമ്മിലെ സി.ഒ. പൗലോസ് മാസ്റ്ററെ 18, 754 വോട്ടിന് തോൽപ്പിച്ചു. സി പി ഐയുടെ മീനാക്ഷി തമ്പാൻ തൃശൂരിൽ കോൺഗ്രസ്സിലെ പി എ ആൻറണിയോട് 6,235 വോട്ടിന് തോറ്റു. ഇടുക്കിയിൽ സി പി എമ്മിലെ എം സി ജോസഫൈൻ പാല കെ. എം മാത്യുവിനോട് 91,479 വോട്ടുകൾക്ക് തോറ്റു. ചിറയിൻകീഴിൽ സുശീലാ ഗോപാലൻ തലേക്കുന്നിൽ ബഷീറിനോട് 5,130 വോട്ടുകൾക്ക് തോറ്റു.
1991 ൽ ചരിത്രത്തിലാദ്യമായി കേരളത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണം രണ്ടക്കമായി. പത്തു പേർ മത്സരിച്ചു. മറ്റൊരു ചരിത്രം കൂടെ ഈ തിരഞ്ഞെടുപ്പെഴുതി. ആദ്യമായി രണ്ട് സ്ത്രീകൾ കേരളത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ മുകുന്ദരപുരത്ത് രണ്ടാം തവണ മത്സരിച്ച കോൺഗ്രസിലെ സാവിത്രി ലക്ഷ്മണൻ വിജയം ആവർത്തിച്ചു. 12,365 വോട്ടിന് സി പി എമ്മിലെ എ.പി.കുര്യനെയാണ് സാവിത്രി ലക്ഷമണൻ തോൽപ്പിച്ചത്. ചിറയിൻകീഴിൽ കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറിനെ 1,106 വോട്ടിന് സി പി എമ്മിലെ സുശീലാ ഗോപാലൻ തോൽപ്പിച്ചു. സുശീല ഗോപാലന്റെ ലോകസഭയിലേക്കുള്ള മൂന്നാമത് വിജയമായിരുന്നു അത്. അടൂരിൽ സി പി ഐയിലെ ഭാർഗവി തങ്കപ്പനെ കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ് 18,595 വോട്ടിന് തോൽപ്പിച്ചു. തിരുവനന്തപുരത്ത് സി പി ഐ സ്ഥാനാർത്ഥിയായിരുന്ന ഇ.ജെ. വിജയമ്മ സിറ്റിങ് എംപിയായിരുന്ന കോൺഗ്രസ്സിലെ എ. ചാൾസിനോട് 43,670 വോട്ടിന് തോറ്റു.
1996ൽ പത്ത് സ്ത്രീകളാണ് മത്സരിച്ചത്. ഈ വർഷം സി പി ഐയോ സിപി എമ്മോ സ്ത്രീകളെ സ്ഥാനാർത്ഥിയാക്കിയില്ല. കോൺഗ്രസ്സും ജനതാദളും ഓരോരുത്തരെ സ്ഥാനാർത്ഥികളാക്കിയെങ്കിലും ഇരുവരും തോറ്റു. പത്ത് വനിതാ സ്ഥാനാർത്ഥികളിൽ ഒരാളെ പോലും ജയിപ്പിക്കാൻ കേരളത്തിനായില്ല.
ഒറ്റപ്പാലത്ത് നിന്നും മത്സരിച്ച കോൺഗ്രസ്സിലെ കെ.കെ.വിജയലക്ഷ്മി സി പി എമ്മിന്റെ എസ്. അജയകുമാറിനോട് 23,064 വോട്ടിന് തോറ്റു. കോട്ടയത്ത് കോൺഗ്രസിലെ രമേശ് ചെന്നിത്തല എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജനതാദളിലെ ജയലക്ഷ്മിയെ 67,048 വോട്ടിന് തോൽപ്പിച്ചു.
1998ലും പത്ത് സ്ത്രീകൾ മത്സരിച്ചു. വടകര ലോകസഭാമണ്ഡലത്തിൽ കോൺഗ്രസ്സിന്റെ പി എം സുരേഷ്ബാബുവിനെ 59,161 വോട്ടുകൾക്ക് സി പി എമ്മിലെ എ.കെ. പ്രേമജം തോൽപ്പിച്ചു. പൊന്നാനിയിൽ സി പി ഐയുടെ മിനു മുംതാസ്, മുസ്‌ലിം ലീഗിലെ ജി എം ബനാത്ത് വാലയോട് 104244 വോട്ടിന് തോറ്റു. ഒറ്റപ്പാലത്ത് കോൺഗ്രസിലെ കെ. കെ. വിജയലക്ഷ്മി സി പി എമ്മിലെ എസ്. അജയകുമാറിനോട് 19,800 വോട്ടിന് തോറ്റു. ആലപ്പുഴയിൽ സി പി എമ്മിലെ സി. എസ് സുജാത കോൺഗ്രസ്സിലെ വി എം. സുധീരനോട് 40,637 വോട്ടിന് തോറ്റു.
1999ൽ എ. കെ പ്രേമജം വീണ്ടും വടകരയിൽ നിന്നും വീണ്ടും ജയിച്ചു. 14 സ്ത്രീകൾ മത്സരിച്ച തിരഞ്ഞെടുപ്പിൽ ലോകസഭയിലേക്ക് വിജയിച്ച ഏക സ്ഥാനാർത്ഥിയും വടകരയിൽ നിന്നും ജയിച്ച പ്രേമജമായിരുന്നു. കോൺഗ്രസ്സിന്റെ പി എം. സുരേഷ്ബാബുവിനെ തന്നെയാണ് രണ്ടാം തവണയും പ്രേമജം തോൽപ്പിച്ചത്. 25,844 വോട്ടിനായിരുന്നു പ്രേമജത്തിന്റെ രണ്ടാം വിജയം.
പാലക്കാട് നിന്നും മത്സരിച്ച കോൺഗ്രസ് നേതാവും സംസ്ഥാനത്തെ മുൻമന്ത്രിയുമായ എം.ടി. പത്മ സി പി എമ്മിലെ എൻ. എൻ കൃഷ്ണദാസിനോട് പരാജയപ്പെട്ടു.
2004ൽ 15 സ്ത്രീകളാണ് കേരളത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിച്ചത്. ചരിത്രം സൃഷ്ടിച്ച മത്സരവിജയം കണ്ട തിരഞ്ഞെടുപ്പ് കൂടെയായിരുന്നു അത്. ആ തിരഞ്ഞെടുപ്പിൽ രണ്ട് വനിതകളാണ് കേരളത്തിൽ നിന്നും ലോകസഭയിലേക്ക് ജയിച്ചത്.
വടകരയിൽ നിന്നും ജയിച്ച സി പി എമ്മിന്റെ പി. സതീദേവിയാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. 130,589 വോട്ടുകൾക്കാണ് സതീദേവി വിജയിച്ചത്. മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം. ടി. പത്മയാണ് വടകരയിൽ തോറ്റത്. മാവേലിക്കര മണ്ഡലത്തിൽ സി പി എമ്മിലെ സി. എസ് സുജാത, കോൺഗ്രസ്സിലെ രമേശ് ചെന്നിത്തലയെ തോൽപ്പിച്ചു. 7,414 വോട്ടുകൾക്കായിരുന്നു രമേശ് ചെന്നിത്തലയുടെ തോൽവി.
ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ്സിലെ കെ. എ തുളസിയെ സി പി എമ്മിലെ എസ് അജയകുമാർ 70,410 വോട്ടിന് തോൽപ്പിച്ചു. മുകന്ദപുരത്ത് കെ.കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചുവെങ്കിലും ലോനപ്പൻ നമ്പാടാനോട് 117097 വോട്ടിന് തോറ്റു.
2009ലും 15 സ്ത്രീകൾ മത്സരിച്ചുവെങ്കിലും ഒരാൾ പോലും ജയിച്ചില്ല. കാസർഗോഡ് മത്സരിച്ച കോൺഗ്രസിന്റെ ഷാഹിദാ കമാലിനെ സി പി എമ്മിലെ പി. കരുണാകരൻ തോൽപ്പിച്ചു. സി പി എമ്മിന്റെ കോട്ടയായ വടകരയിൽ മുൻവർഷത്തെ ചരിത്രവിജയം ഓർമ്മയാക്കി പി. സതീദേവി കോൺഗ്രസ്സിന്റെ മുല്ലപ്പളളി രാമചന്ദ്രനോട് പരാജയപ്പെട്ടു. സി പി എമ്മിലെ വിഭാഗീയതയെ തുടർന്ന് സി പി എം വിട്ട ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ശക്തമായി രംഗത്ത് വന്നതിനെ തുടർന്നായിരുന്നു സതീദേവിയുടെ ദയനീയ പരാജയം. ഇവിടെ മത്സരിച്ച ടി പി ചന്ദ്രശേഖരൻ 21,833 വോട്ട് നേടുകയും ചെയ്തു.
എസ് എഫ് ഐ നേതാവായിരുന്ന സിന്ധു ജോയി എറണാകുളത്ത് കോൺഗ്രസിലെ കെ.വി തോമസിനോട് പരാജയം ഏറ്റുവാങ്ങി. ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ച 15 സ്ത്രീകളിൽ സി പി എം രണ്ട് പേരെയും കോൺഗ്രസും ബി ജെപിയും ബി എസ് പിയും ഓരോരുത്തരെയും മാത്രമാണ് സ്ഥാനാർത്ഥികളാക്കിയിരുന്നത്. എല്ലാവരും തോൽക്കുകയും ചെയ്തു.
2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ത്രീ സ്ഥാനാർത്ഥി പ്രാതിനിധ്യം ഇതു വരെയുള്ള ചരിത്രം മാറ്റിയെഴുതി. മത്സരിച്ച 269 സ്ഥാനാർത്ഥികളിൽ 27 പേർ സ്ത്രീകളായിരുന്നു. ആകെ ജയിച്ചത് ഒരാളായിരുന്നുവെങ്കിലും എല്ലാ പ്രധാന പാർട്ടികളും രണ്ട് സ്ത്രീകളെ വീതം സ്ഥാനാർത്ഥിയാക്കി. പ്രധാന പാർട്ടികളിൽ ഒന്നിൽ കൂടുതൽ സീറ്റ് ലഭിച്ചതിൽ സ്ത്രീ പ്രാതിനിധ്യം നൽകാത്ത പാർട്ടികൾ സി പി ഐയും മുസ്‌ലിം ലീഗും മാത്രമായിരുന്നു.
കാസർഗോഡ്, കോഴിക്കോട്, കോട്ടയം, കൊല്ലം എന്നീ മണ്ഡലങ്ങളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യമുണ്ടാകാതിരുന്ന മണ്ഡലങ്ങൾ. എന്നാൽ പത്തനംതിട്ട മണ്ഡലത്തിൽ നാല് സ്ത്രീകൾ മത്സരിച്ചു.
സിപി എമ്മും കോൺഗ്രസ്സും ബി ജെ പിയും രണ്ട് സ്ത്രീകളെ വീതം മത്സരിപ്പിച്ചു. ആം ആദ്മി പാർട്ടി ( ആപ്പ്) മൂന്ന് സ്ത്രീകളെ മത്സര രംഗത്തിറക്കി. സിപി എമ്മിന്റെ പി.കെ ശ്രീമതി കണ്ണൂരിൽ കോൺഗ്രസ് നേതാവ് കെ. സുധാകരനെ തോൽപ്പിച്ച് ഡൽഹിക്ക് പോയപ്പോൾ മറ്റ് എല്ലാവരും തോറ്റു. സി പി എമ്മിന്റെ പി.കെ. സൈനബ മലപ്പുറം മണ്ഡലത്തിൽ മുസ്‌ലിം ലീഗിന്റെ ഇ.അഹമ്മദിനോട് തോറ്റു. കോൺഗ്രസിലെ കെ. എ. ഷീബ ആലത്തൂർ മണ്ഡലത്തിൽ സി പി എമ്മിൻറെ പി.കെ ബിജുവിനോടും ചിറയിൻകീഴ് മണ്ഡലത്തിൽ കോൺഗ്രസ്സിന്റെ ബിന്ദു കൃഷ്ണ സി പി എമ്മിന്റെ സിറ്റിങ് എംപി എ. സമ്പത്തിനോടും പരാജയപ്പെട്ടു.
ഈ തിരഞ്ഞെടുപ്പിലായിരിക്കാം വിവിധ പാർട്ടികളുടെ പേരിൽ ഒമ്പത് വനിതകൾ സജീവമായി തിരഞ്ഞെടുപ്പ് ശ്രദ്ധ പിടിച്ചു പറ്റിയത്. പി.കെ. ശ്രീമതി, പി. കെ സൈനബ എന്നിവർ സി പി എം സ്ഥാനാർത്ഥികളായും കെ. എ ഷീബ, ബിന്ദു കൃഷ്ണ എന്നിവർ കോൺഗ്രസ് സ്ഥാനാർത്ഥികളായും വന്നു. എഴുത്തുകാരി സാറാ ജോസഫ്, മാധ്യമ പ്രവർത്തക അനിതാ പ്രതാപ്, സിൽവി സുനിൽ എന്നിവർ ആപ്പിന് വേണ്ടി രംഗത്തിറങ്ങി. ശോഭാ സുരേന്ദ്രൻ, ഗിരിജ കുമാരി എന്നിവർ ബി ജെ പിക്ക് വേണ്ടിയും മത്സരാർത്ഥികളായിരുന്നു. ഇവർക്കെല്ലാം പുറമെ ചെങ്ങറ സമരത്തിലൂടെ പൊതു രംഗത്ത് ശ്രദ്ധേയയായ സെലീന പ്രക്കാനം പത്തനംതിട്ടയിൽ സ്വതന്ത്രയായി മത്സരിച്ചതും 2014 ലിലായിരുന്നു.
2019 ആയപ്പോഴേക്കും വീണ്ടും കളം മറിഞ്ഞു. 228 സ്ഥാനാർത്ഥികൾ മൊത്തം മത്സരിച്ചു. അതിൽ ആകെ 22 സ്ത്രീകളാണ് മത്സരിച്ചത്. മുൻ തവണത്തേക്കാൾ അഞ്ച് സ്ത്രീകളുടെ കുറവ്. മത്സരിച്ച 22 സ്ത്രീകളിൽ ജയിച്ചത് ഒരാൾ മാത്രവും. ആലത്തൂരിൽ സിറ്റിങ്ങ് എം പിയായ സി പി എമ്മിലെ പി കെ ബിജുവിനെ തോൽപ്പിച്ചത് കോൺഗ്രസിലെ രമ്യാ ഹരിദാസ് ആയിരുന്നു. 1,58,968 വോട്ടിനാണ് രമ്യാ ഹരിദാസ്, സിറ്റിങ് എം പിയായിരുന്ന പി കെ ബിജുവിനെ തറപ്പറ്റിച്ചത്.
2019 ആയപ്പോഴേക്കും വീണ്ടും കളം മറിഞ്ഞു. മൊത്തം 228 സ്ഥാനാർത്ഥികൾ മത്സരിച്ചു. അതിൽആകെ 22 സ്ത്രീകളാണ് മത്സരിച്ചത്. മുൻ തവണത്തേക്കാൾ അഞ്ച് സ്ത്രീകളുടെ കുറവ്. മത്സരിച്ച 22 സ്ത്രീകളിൽ ഇതിൽ ജയിച്ചത് ഒരാൾ മാത്രവും. ആലത്തൂരിൽ സിറ്റിങ്ങ് എം പിയായ സി പി എമ്മിലെ പി കെ ബിജുവിനെ തോൽപ്പിച്ചത് കോൺഗ്രസിലെ രമ്യാഹരിദാസ് ആയിരുന്നു. 1,58,968 വോട്ട് ഭൂരിപക്ഷത്തിനാണ് രമ്യാ ഹരിദാസ് , സിറ്റിങ് എം പിയായിരുന്ന പി കെ ബിജുവിനെ തറപ്പറ്റിച്ചത്. 2019ൽ സിപി എം കോൺഗ്രസ് ബി ജെ പി എന്നിവർ രണ്ട് വീതം സ്ത്രീകളെ മത്സരിപ്പിച്ചു. മൂന്ന് സ്ത്രീകൾ അപരകളായി രംഗത്തെത്തി, സി പി എമ്മിലെ വനിതാ സ്ഥാനാർത്ഥികളായി കണ്ണൂരിൽ മത്സരിച്ച സിറ്റിങ് എം പിയായിരുന്ന പി കെ ശ്രീമതിക്കെതിരെ രണ്ട് ശ്രീമതി മാരും, പത്തനം തിട്ടയിൽ സി പിഎം സ്ഥാനാർത്ഥിയായി മാത്സരിച്ച വീണ ജോർജിനെതിരെ വീണ വി എന്നൊരു വനിതയും അപരയായി മത്സരിച്ചു. ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാനിമോൾ ഉസ്മാൻ സി പി എമ്മിലെ എ എം ആരിഫിനോട് തോറ്റു. ബി ജെപി രണ്ട് വനിതാ സ്ഥാനാർത്ഥികളെ നിർത്തിയത് ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനെയും പൊന്നാനിയിൽ രമയെയും ആയിരുന്നു. ബാക്കിയുള്ളവരിൽ എസ് യു സി ഐ, സി പി ഐ എം ൽ റെഡ് സ്റ്റാർ എന്നിങ്ങനെ ചെറിയ പാർട്ടികളുടെ സ്ഥാനാർത്ഥികളോ സ്വതന്ത്രരോ ആയി മത്സരിച്ചവരാണ്.
2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ ഭാഗമല്ലാതെ മത്സരിച്ച രണ്ട് വനിതകൾ മത്സരസമയത്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുഖ്യധാര പാർട്ടികൾ സ്ത്രീകളോട് കാണിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ഒരു വനിതയും 2019ൽ മത്സരിച്ചു. വനിതാ സംഘടനകളുടെ സ്ഥാനാർത്ഥിയായി എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച ലൈല റഷീദാണ് ആ സ്ഥാനാർത്ഥി.
എറണാകുളം മണ്ഡലത്തിലെ ഏക വനിതാ സ്ഥാനാർത്ഥി ലൈല റഷീദ്. മുഖ്യധാരപാർട്ടികൾ തെരഞ്ഞെടുപ്പിൽ വേണ്ടത്ര വനിതാ പ്രാതിനിധ്യം നൽകാത്തതിൽ പ്രതിഷേധിച്ച് സംയുക്ത വനിതാ സംഘടനകൾ രംഗത്തിറക്കിയ സ്ഥാനാർത്ഥിയാണ് ലൈല റഷീദ്. ജ്വാല എന്ന സംഘടയുടെ അധ്യക്ഷയായിരുന്നു അവർ.
2014ൽ ചെങ്ങറ സമര നായിക സെലീന പ്രക്കാനമാണ് സ്വതന്ത്രയായി മത്സരിച്ചതെങ്കിൽ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരത്തിലൂടെ ഉയർന്ന് വന്ന പൊമ്പിളൈ ഒരുമൈയുടെ ഗോമതിയായിരുന്നു ഇടുക്കിയിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായണ് മത്സരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.