scorecardresearch

ആനി മസ്ക്രീൻ മുതൽ രമ്യ ഹരിദാസ് വരെ: 72 വർഷത്തിൽ കേരളത്തിൽ ലോക്‌സഭയിലേക്ക് പോയത് 9 സ്ത്രീകൾ മാത്രം

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കാനൊരങ്ങുമ്പോൾ നമ്മുടെ ചരിത്രത്തിൽ എത്ര സ്ത്രീകൾ കേരളത്തിൽ നിന്നും ലോകസഭയിലെത്തിയിട്ടണ്ട് എന്നറിയാം

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കാനൊരങ്ങുമ്പോൾ നമ്മുടെ ചരിത്രത്തിൽ എത്ര സ്ത്രീകൾ കേരളത്തിൽ നിന്നും ലോകസഭയിലെത്തിയിട്ടണ്ട് എന്നറിയാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Women MP, Women Mps from Kerala, Womens Reservation Bill, Women MPs, Women in Lok Sabha

Annie Mascreen to Ramya Haridas: In 72 years, only 12 women from Kerala made it to Parliament

കേരളം രൂപീകരിക്കുന്നതിന് മുമ്പ് തന്നെ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമെന്ന നിലയിൽ 1951 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ തിരു-കൊച്ചി സംസ്ഥാനവും മദ്രാസ് സംസ്ഥാനത്തിലെ ഭാഗമായ മലബാറിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നു.  അന്ന് മുതൽ 2023ലെത്തിയ 72 വർഷങ്ങൾക്കൊണ്ട് കേരളത്തിൽ ആകെ മത്സരിച്ച വനിതകളുടെ എണ്ണം 150 മാത്രമാണ്. അതിൽ ഇത്രയും വർഷത്തിനുള്ളിൽ ലോക്‌സഭയിലേക്ക് ജയിച്ചു കയറിയത് വെറും 12 തവണ മാത്രമാണ്. കേരളത്തിൽ നിന്നും ഒമ്പത് സ്ത്രീകൾ മാത്രമാണ് ഇതുവരെ ലോക്‌സഭാംഗങ്ങമായിട്ടുള്ളത്. 

Advertisment

കേന്ദ്ര സർക്കാർ 33 ശതമാനം വനിതാ സംവരണം നടപ്പാക്കിയാൽ മാത്രമേ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ പ്രാതിനിധ്യം വർദ്ധിക്കുകയുള്ളൂവെന്നതിന് ഉത്തമോദാഹരണമാണ് കേരളത്തിലെ വോട്ട് ചരിത്രം. കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ നടന്ന മത്സരങ്ങളിൽ അപൂർവ്വമായി മാത്രമാണ് സ്ത്രീകളും സ്ത്രീകളും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്.

കേരളത്തിലെ 72 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രമെടുത്തുനോക്കിയാൽ 2004ൽ വടകര മണ്ഡലത്തിൽ സി പി എമ്മിലെ പി സതീദേവിയും കോൺഗ്രസിലെ എം ടി പത്മയും തമ്മിൽ നടന്നതാണ് സ്ത്രീകൾ തമ്മിൽ നേരിട്ട് ഏറ്റമുട്ടിയ ഏക മത്സരം. രണ്ട് സ്ത്രീകൾ തമ്മിലാണ് മത്സരമെങ്കിൽ അതിലൊരു സ്ത്രീ ജനപ്രതിനിധി സഭയിൽ എത്തുമെന്ന് ഉറപ്പാക്കാനാകും. നിലവിൽ സ്ത്രീകൾ തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം വളരെ കുറവാണ്. അതു കൊണ്ട് തന്നെ മൂന്നിലൊന്ന് സ്ത്രീ പ്രാതിനിധ്യം എന്നത് നടപ്പാക്കിയാൽ സ്ത്രീ ജനപ്രതിനിധികളുടെ എണ്ണത്തിൽ കാതാലയ മാറ്റം വരും.

Advertisment

ആനി മസ്ക്രീൻ മുതൽ രമ്യ ഹരിദാസ് വരെ

കേരളം രൂപീകരിക്കുന്നതിന് മുമ്പ് തിരു- കൊച്ചി സംസ്ഥാനത്തിൽ നിന്നും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാറിൽ നിന്നും ആദ്യമായി മത്സരിച്ച് ജയിച്ച് ലോകസഭയിലേക്ക് പോയ ആദ്യ വനിത ആനി മസ്ക്രീൻ ആയിരുന്നു. 1951ൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്രയായി മത്സരിച്ചാണ് ആനി മസ്ക്രീൻ ജയിച്ചത്. ആനി മസ്ക്രീൻ 'ജയന്റ് കില്ലറാ'യാണ് ലോക്‌സഭയിലേക്ക് പോയത്. തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പരവൂർ ടി.കെ. നാരായണപിള്ളയെ തോൽപ്പിച്ചായിരുന്നു ആനിമസ്ക്രീനിന്റെ ചരിത്ര വിജയം.

പിന്നീട് കേരളത്തിൽ നിന്നൊരു സ്ത്രീക്ക് ലോകസഭയിലേക്കെത്താൻ 16 വർഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു. കേരളം രൂപീകരിച്ച ശേഷം നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലും ഇവിടെ നിന്നും സ്ത്രീകൾക്ക് ലോകസഭയിലേക്ക് ജയിക്കാനായില്ല. 1967 ലാണ് അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും സി പി എമ്മിലെ സുശീലാ ഗോപാലൻ ജയിച്ച് ഡൽഹിക്ക് വണ്ടി കയറി. 1971ൽ അടൂർ മണ്ഡലത്തിൽ നിന്നും സി പി ഐയുടെ ഭാർഗവി തങ്കപ്പൻ ലോകസഭയിലേക്ക് ജയിച്ചു കയറി. 1980 ൽ സുശീലാ ഗോപാലൻ വീണ്ടും ലോകസഭയിലേക്ക് പോയി. ഇത്തവണ ആലപ്പുഴ മണ്ഡലത്തിൽ നിന്നായിരുന്നു സുശീലയുടെ വിജയം.

പിന്നീട് ഒമ്പത് വർഷം കഴിഞ്ഞ് 1989 ലാണ് സ്ത്രീ പ്രാതിനിധ്യം ഉണ്ടായത്. കോൺഗ്രസിന്റെ സാവിത്രി ലക്ഷ്മണൻ മുകുന്ദപുരത്ത് നിന്നും ജയിച്ചു. 1991ൽ കേരളത്തിൽ പത്ത് സ്ത്രീകൾ ലോകസഭയിലേക്ക് മത്സരിക്കുകയും രണ്ട് പേർ ജയിക്കുകയും ചെയ്തു. കോൺഗ്രസിന്റെ സാവിത്രി ലക്ഷ്മണനും സി പി എമ്മിലെ സുശീലാഗോപാലനുമാണ് അന്ന് ലോക്‌സഭിയിലേക്ക് പോയത്.

പിന്നീട് 1998ലാണ് ഒരു സ്ത്രീ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് വടകര മണ്ഡലത്തിൽ നിന്നും സി പി എമ്മിലെ എ കെ. പ്രേമജമായിരുന്നു കേരളത്തിന്റെ വനിതാ പ്രാതിനിധ്യം. 1999ൽ പ്രേമജം വടകരയിൽ നിന്നും വീണ്ടും ലോകസഭയിലേക്ക്. 2004 വീണ്ടും രണ്ട് വനിതാ പ്രതിനിധികളെ കേരളത്തിന് ലോകസഭയിലെത്തിക്കാൻ സാധിച്ചു. രണ്ടുപേരും സി പി എമ്മിന്റെ എം പിമാരായിരുന്നു. വടകരയിൽ നിന്നും പി. സതീദേവിയും മാവേലിക്കര നിന്നും സി. എസ്. സുജാതയുമാണ് ജയിച്ചത്.

2009ൽ കേരളത്തിൽ നിന്നും സ്ത്രീകളാരും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. പിന്നീട് 2014ൽ കണ്ണൂരിൽ നിന്നും സി പി എമ്മിന്റെ പി.കെ ശ്രീമതിയാണ് ലോകസഭയിലേക്ക് പോയ കേരളത്തിൽ നിന്നുള്ള വനിത. 2019ലെ കേരളത്തിൽ നിന്നുമുള്ള ലോക്‌സഭാംഗങ്ങളിലും ഒരു വനിതയെ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ ആലത്തൂർ മണ്ഡലത്തിൽ നിന്നും ജയിച്ച കോൺഗ്രസിലെ രമ്യാ ഹരിദാസാണ് ഡൽഹിക്ക് വണ്ടി കയറിയത്.

Women

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: