scorecardresearch

റിപ്പബ്ലിക് ദിന പരേഡിലെ വനിതാ സൈന്യവിഭാഗങ്ങൾ: സമീപ വർഷങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം എങ്ങനെ?

2023ലെ പരേഡിലും നാരി ശക്തി അഥവാ സ്ത്രീശക്തി എന്ന വിഷയം ഉയർന്നിരുന്നു. സമീപ വർഷങ്ങളിൽ പരേഡിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചറിയാം

republic day, parade, women, all-women parade, news, india news, defence, women in army

ഇന്ത്യയുടെ പ്രതിരോധ സേനയിൽ സ്ത്രീകളുടെ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടക്കുന്നുണ്ട്. അതിന്റെ തുടർച്ചയായി അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ വർദ്ധിപ്പിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നു.

2024ലെ റിപ്പബ്ലിക് ദിന പരേഡിൽ കർത്തവ്യ പാത്തിൽ നടത്തുന്ന മാർച്ച്, ബാൻഡ്, ടാബ്ലോ പ്രകടനങ്ങളിൽ “സ്ത്രീകൾ മാത്രമേ പങ്കെടുക്കാവൂ” എന്ന് കഴിഞ്ഞ മാസം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിൽ പറയുന്നു. പങ്കെടുക്കുന്ന എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും സംഘടനകളോടും ഏജൻസികളോടും ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കാൻ മെമ്മോറാണ്ടത്തിൽ നിർദ്ദേശിക്കുന്നു.

എന്നിരുന്നാലും, ആർമിയുടെ കാലാൾപ്പട പോലെയുള്ള ചില മാർച്ചിംഗ് സംഘങ്ങൾക്ക് നിലവിൽ സ്ത്രീകളെ പങ്കെടുപ്പിക്കാൻ കഴിയില്ല എന്നതിനാൽ, പരേഡിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ഇതിലൂടെ അർത്ഥമാക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

2023ലെ പരേഡിലും നാരി ശക്തി അഥവാ സ്ത്രീശക്തി എന്നത് ഉയർന്നിരുന്നു. സമീപ വർഷങ്ങളിൽ പരേഡുകളിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചറിയാം

2023

പരേഡിന്റെ മുഖ്യ പ്രമേയമായിരുന്നു ‘നാരി ശക്തി’. നാവികസേനയുടെ ടാബ്‌ലോയിൽ ഡോർണിയർ വിമാനം പറത്തിയ വനിതാ എയർക്രൂവായിരുന്നു. ഇത് കഴിഞ്ഞ വർഷം നടത്തിയ നിരീക്ഷണ സോർട്ടിയുടെ മുഴുവൻ വനിതാ ജീവനക്കാരെയും എടുത്തുകാണിച്ചു. വനിതാ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരുടെ സായുധ പൊലീസ് ബറ്റാലിയൻ പുതിയ സാന്നിധ്യമായിരുന്നു.

നേവിയുടെയും ഇന്ത്യൻ എയർഫോഴ്‌സിന്റെയും സംഘങ്ങളെ നയിച്ചത് യഥാക്രമം വനിതാ ഓഫീസർമാരായ ലഫ്റ്റനന്റ് സിഡിആർ ദിഷ അമൃത്, സ്‌ക്യുഎൻ എൽഡിആർ സിന്ധു റെഡ്ഡി എന്നിവരാണ്. റെഡ്ഡി എംഐ-17 ഹെലികോപ്റ്റർ പൈലറ്റും അമൃത് നാവികസേനയുടെ ഡോർണിയർ 228 സമുദ്ര പട്രോളിംഗ് വിമാനത്തിന്റെ നിരീക്ഷകയുമാണ്.

നാവികസേനയുടെ മാർച്ചിങ് സംഘത്തിൽ ആദ്യമായി മൂന്ന് സ്ത്രീകളും ആറ് അഗ്നിവീർമാരും ഉണ്ടായിരുന്നു. മറ്റൊരു വനിതാ ആർമി എയർ ഡിഫൻസ് ഓഫീസറായ ലഫ്റ്റനന്റ് ചേതന ശർമ്മയാണ് ആകാശ് മിസൈൽ സിസ്റ്റം നിരയെ നയിച്ചത്.

പരേഡിൽ, കോർപ്സ് ഓഫ് സിഗ്നൽസിൽ നിന്നുള്ള “ഡെയർഡെവിൾസ്”, മോട്ടോർ സൈക്കിൾ റൈഡർമാരുടെ ഒരു ടീമിനെ വനിതാ ഓഫീസറാണ് നയിച്ചത്.

2022

രാജ്യത്തെ ആദ്യ വനിതാ റാഫേൽ ഫൈറ്റർ ജെറ്റ് പൈലറ്റ് ശിവാംഗി സിങ് 2022ലെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ എയർഫോഴ്സ് ടാബ്ലോയുടെ ഭാഗമായിരുന്നു. ഐഎഫ് ടാബ്ലോയുടെ ഭാഗമാകുന്ന രണ്ടാമത്തെ വനിതാ യുദ്ധവിമാന പൈലറ്റാണ് ശിവാംഗി.

കൂടാതെ, ആ വർഷം ബിഎസ്എഫ് സംഘത്തിന്റെ ഭാഗമായി സ്റ്റണ്ട് നടത്തിയ വനിതാ ഡെയർ ഡെവിള്‌സിൽ 14 പേർക്ക് അവരുടെ പിതാവിന്റെയോ ഭർത്താവിന്റെയോ മരണശേഷം​ ആ ജോലിയാണ് ലഭിച്ചതെന്ന് ദ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

2021

ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവന കാന്ത് ഐ‌എ‌എഫ് ടാബ്‌ലോയുടെ ഭാഗമായ ആദ്യത്തെ വനിതാ ഫൈറ്റർ ജെറ്റ് പൈലറ്റാണ്. രണ്ട് വർഷം മുമ്പ്, യുദ്ധ ദൗത്യങ്ങൾക്ക് യോഗ്യത നേടുന്ന ഐഎഎഫിന്റെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി ഭാവന മാറി. വനിതാ ഫൈറ്റർ പൈലറ്റുമാരുടെ ആദ്യ ബാച്ചിൽ നിന്നുള്ള ഭാവന ഒറ്റയാൾ പോരാട്ടം നടത്തുന്ന രണ്ടാമത്തെ വനിതാ പൈലറ്റാണ്.

2020

ആ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ആദ്യ വനിതാ പരേഡ് അഡ്‌ജുഡിക്കന്റായി ടാനിയ ഷെർഗിൽ പുരുഷ സംഘത്തെ നയിച്ചു. ആ വർഷത്തെ വനിതാ ദിനത്തിൽ, സേനയിലെ ഒരു വാതിലും സ്ത്രീകൾക്കായി അടഞ്ഞുകിടക്കേണ്ടതില്ലെന്ന കാഴ്ചപ്പാട് പ്രകടിപ്പിക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ടാനിയയെയാണ് ഉദാഹരണമായി ഉദ്ധരിച്ചത്.

2019

2019ൽ ആദ്യമായി അസം റൈഫിൾസിലെ ഒരു വനിതാ സംഘം പങ്കെടുത്തിരുന്നു. രാജ്യത്തെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗത്തിന്റെ പ്രദർശനത്തിന് മേജർ ഖുശ്ബു കൻവാർ നേതൃത്വം നൽകി. “ആസാം റൈഫിൾസിന്റെ മുഴുവൻ വനിതാ സംഘത്തെ നയിക്കുക എന്നത് എനിക്ക് വലിയ ബഹുമാനവും അഭിമാനവും ആയിരുന്നു. ഞങ്ങൾ വളരെ കഠിനാധ്വാനം ചെയ്തു. ഞാൻ രാജസ്ഥാനിൽ നിന്നുള്ള ഒരു ബസ് കണ്ടക്ടറുടെ മകളാണ്. എനിക്ക് ഇത് നിറവേറ്റാൻ കഴിയുമെങ്കിൽ, ഏതൊരു പെൺകുട്ടിക്കും അവളുടെ സ്വപ്നം സാക്ഷാത്കരിക്കാനാകും, ”ഖുശ്ബു പിടിഐയോട് പറഞ്ഞു.

ഡെയർഡെവിൾസ് ടീമിന്റെ ഭാഗമായി കോർപ്സ് ഓഫ് സിഗ്നൽസിലെ ക്യാപ്റ്റൻ ശിഖ സുരഭി തന്റെ പുരുഷ ടീമംഗങ്ങൾക്കൊപ്പം ബൈക്ക് സ്റ്റണ്ട് അവതരിപ്പിച്ചു.

2018

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ മുഴുവൻ സ്ത്രീകളും ബൈക്ക് യാത്രികറായി പങ്കെടുത്ത വർഷം. 27 അംഗ ബിഎസ്എഫ് വനിതാ ഡെയർഡെവിൾസ് തങ്ങളുടെ 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിളുകളിൽ അവരുടെ സ്റ്റണ്ടുകളും അക്രോബാറ്റിക്‌സും അവതരിപ്പിച്ചു. പുതുതായി രൂപീകരിച്ച ‘സീമ ഭവാനി’ എന്ന ടീമിൽ സബ് ഇൻസ്പെക്ടർ സ്റ്റാൻസിൻ നൊറിയാങ്ങിന്റെ നേതൃത്വത്തിൽ 113 അംഗങ്ങളുണ്ടായിരുന്നു.

2016

ആദ്യമായി, സിആർപിഎഫിന്റെ മുഴുവൻ വനിതകളും പരിപാടിയിൽ സ്റ്റണ്ട് അവതരിപ്പിച്ചു. 120 സൈനികർ ഉൾപ്പെടുന്ന അവർ ‘വിമൻ ഡെയർഡെവിൾസ് സിആർപിഎഫ്’ എന്ന് നാമകരണം ചെയ്യപ്പെട്ടു.

2015

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി, ഇന്ത്യൻ ഗേറ്റിനും രാഷ്ട്രപതി ഭവനും ഇടയിലുള്ള പാതയിലൂടെ ആർമി, എയർഫോഴ്‌സ്, നേവി എന്നീ മൂന്ന് സേനകളിൽ നിന്നുള്ള ഒരു വനിതാ സംഘം മാർച്ച് നടത്തി.

കരസേനാ സംഘത്തെ ക്യാപ്റ്റൻ ദിവ്യ അജിത്തും നേവിയെ ലെഫ്റ്റനന്റ് കമാൻഡർ സന്ധ്യ ചൗഹാനും നയിച്ചു. സ്‌ക്വാഡ്രൺ ലീഡർ സ്‌നേഹ ഷെഖാവത്തിന്റെ നേതൃത്വത്തിലായിരുന്നു എയർഫോഴ്‌സ് സംഘം. കര, വ്യോമ, നാവിക സേനകളിൽ നിന്ന് 148 പേർ വീതമാണ് സംഘത്തിലുണ്ടായിരുന്നത്.

“ഞങ്ങൾ തുല്യരാണെന്ന് വിശ്വസിക്കുന്നു. ഞങ്ങൾ സൈനിക ദിനത്തിൽ ആദ്യമായി മാർച്ച് നടത്തി. മറ്റൊന്ന് റിപ്പബ്ലിക് ദിന പരേഡായിരിക്കും. അതെ, ഞങ്ങൾ യുദ്ധ സേനയിൽ ആയിരിക്കാൻ ആഗ്രഹിക്കുന്നു, ”കോർപ്സ് ഓഫ് ആർമി എയർ ഡിഫൻസിലുണ്ടായിരുന്ന ക്യാപ്റ്റൻ ദിവ്യ പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Women contingents at republic day parade participation in recent years