ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) തങ്ങളുടെ രണ്ടാമത്തെ വാണിജ്യ ലോഞ്ചിൽ എൽവിഎം-3 36 വൺവെബ് ഉപഗ്രഹങ്ങളെ മാർട്ട് 26ന് ഭ്രമണപഥത്തിൽ എത്തിച്ചു. യുകെ സർക്കാരിന്റെയും ഇന്ത്യയുടെ ഭാരതി എന്റർപ്രൈസസിന്റെയും പിന്തുണയുള്ള കമ്പനിയായ വൺവെബിനായി ഐഎസ്ആർഒ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമായിരുന്നിത്.
ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് എൽവിഎം -3 ന്റെ ആറാമത്തെ വിക്ഷേപണമാണിത്. 2019 ലെ ചന്ദ്രയാൻ -2 വിക്ഷേപണവും ഇതിൽ ഉൾപ്പെടുന്നു. ലോ എർത്ത് ഓർബിറ്റിൽ (എൽഇഒ) ഒന്നിലധികം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കഴിവും പ്രകടമാക്കിയ വിക്ഷേപണമായിരുന്നിത്. വൺവെബ് ഉപഗ്രഹങ്ങളുടെ പതിനെട്ടാം വിക്ഷേപണം മൊത്തത്തിലുള്ള ഉപഗ്രഹങ്ങളുടെ എണ്ണം 618 ആയി ഉയർത്തി. ഉയർന്ന വേഗതയിലും കുറഞ്ഞ ലേറ്റൻസിയിലും ആഗോള കണക്റ്റിവിറ്റി നൽകുന്നതിന് 588 സജീവ ഉപഗ്രഹങ്ങൾ ഉപയോഗിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
“എൽഇഒ കണക്റ്റിവിറ്റിയുടെ സമാനതകളില്ലാത്ത സാധ്യതകൾ വഴി ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികൾ, ബിസിനസുകൾ, സർക്കാരുകൾ എന്നിവയെ ബന്ധിപ്പിക്കുന്നതിന് വൺവെബിന്റെ അതിവേഗ, കുറഞ്ഞ ലേറ്റൻസി സൊല്യൂഷനുകൾ സഹായിക്കും,” കമ്പനി പത്രക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെ നഗരങ്ങൾ, ഗ്രാമങ്ങൾ, മുനിസിപ്പാലിറ്റികൾ, സ്‌കൂളുകൾ, എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങൾ ഉൾപ്പെടെയുള്ളവയെ സഹായിക്കുമെന്നും കമ്പനി പറയുന്നു.
2020ൽ ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചതു മുതൽ ആഗോള വാണിജ്യ ബഹിരാകാശ വിപണിയിലെ വിഹിതം വർധിപ്പിക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പ്രധാന ബഹിരാകാശ പര്യവേഷണങ്ങൾ നടത്താനുള്ള പ്രാപ്തിയുണ്ടെങ്കിലും ആഗോള വാണിജ്യ വിപണി വിഹിതം രണ്ടു ശതമാനം മാത്രമാണ്. 2022 ഒക്ടോബറിൽ വിക്ഷേപിച്ച 36 വൺവെബ് ഉപഗ്രഹങ്ങളോടെയാണ് ഇന്ത്യ ഹെവി ലോഞ്ച് വെഹിക്കിൾ വാണിജ്യ വിപണിയിൽ പ്രവേശിച്ചത്.
വൺവെബിന്റെ വിക്ഷേപണം എങ്ങനെ?
റഷ്യൻ ബഹിരാകാശ ഏജൻസി വഴിയാണ് വൺവെബ് അതിന്റെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ആദ്യം ഉദ്ദേശിച്ചിരുന്നത്. റഷ്യ- ഉക്രെയ്ൻ യുദ്ധത്തിനിടയിൽ വിക്ഷേപണം നിർത്തിയ ഏജൻസി, കമ്പനിയുടെ ഉപഗ്രഹങ്ങൾ തങ്ങൾക്കെതിരെ ഉപയോഗിക്കില്ലെന്നും ബ്രിട്ടീഷ് സർക്കാർ അതിന്റെ ഓഹരികൾ വിൽക്കുമെന്നും ഉറപ്പ് നൽകണമെന്ന് യുകെ സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് പദ്ധതി റദ്ദാക്കി.
“ഞങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ഇന്ത്യ മുന്നോട്ട് വന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധം വലിയ തിരിച്ചടിയായി. അതോടെ കരാർ പ്രകാരം പണം നൽകിയ ആറ് വിക്ഷേപണങ്ങൾ നടന്നില്ല. ഇപ്പോൾ, വൺവെബ് പണം തിരികെ ലഭിക്കാൻ പാടുപെടുക മാത്രമല്ല, 36 ഉപഗ്രഹങ്ങൾ നഷ്ടപ്പെട്ടുകയും ചെയ്തു. ഇതിൽ മൂന്നെണം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇതിനിടയിൽ ഒരു വർഷവും നഷ്ടമായി, ” വൺവെബിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു.
യൂറോപ്പിലെ അരിയെൻ സ്പേസ്, അതിന്റെ വർക്ക്‌ഹോഴ്‌സായ അരിയെൻ 5 റോക്കറ്റ് ഇപ്പോൾ ഉപയോഗിക്കാത്തതിനാലും അരിയെൻ 6ൽ കാലതാമസമുണ്ടായതിനാലും അത് പ്രായോഗികമായിരുന്നില്ല. സ്‌പേസ് എക്‌സും ഐഎസ്ആർഒയും ചേർന്ന് വിക്ഷേപിച്ച 600ലധികം ഉപഗ്രഹങ്ങളുടെ കൂട്ടത്തിൽ ശേഷിക്കുന്ന ഉപഗ്രഹങ്ങൾക്കൊപ്പം റഷ്യയുടെ സോയൂസ് റോക്കറ്റുകൾ മാറ്റികഴിഞ്ഞാൽ വളരെ കുറച്ച് ഓപ്ഷനുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും മിത്തൽ പറഞ്ഞു. സ്‌പേസ് എക്‌സ്, സ്റ്റാർലിങ്ക് എന്ന പേരിൽ സമാനമായ സാറ്റലൈറ്റ് അധിഷ്‌ഠിത ശൃംഖല വികസിപ്പിച്ചിട്ടും ചില വൺവെബ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. രണ്ട് എൽവിഎം3 വിക്ഷേപണങ്ങളിലൂടെ ഇന്ത്യ 72 വൺവെബ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു.
വാണിജ്യ ലോഞ്ചുകൾ വർധിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതി
വിക്ഷേപണങ്ങൾ എൽവിഎം 3യെ വാണിജ്യ വാഹനമായി സ്ഥാപിക്കുക മാത്രമല്ല, അത് വഴി ഐഎസ്ആർഒയുടെ ഭാരമേറിയ വിക്ഷേപണ വിപണിയിലേക്കുള്ള പ്രവേശനം കൂടിയായിരുന്നു. ഇതിലൂടെ ഐഎസ്ആർഒ 1,000 കോടി രൂപയാണ് സമ്പാദിച്ചത്. വൺവെബിന് സേവനം നൽകാനായി ഐസ്ആർഒയ്ക്ക് അതിന്റെ ചില ദൗത്യങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നു. ഈ വിക്ഷേപണം ഏറ്റവും ഉയർന്ന വരുമാനങ്ങളിലൊന്നായി മാറുകയും ചെയ്തു. കാലക്രമേണ ബഹിരാകാശ ഏജൻസിയുടെ വരുമാനത്തിൽ വർധനവുണ്ടായിട്ടുണ്ട്.
വാണിജ്യ വിപണിയിൽ രണ്ടു ശതമാനമെന്ന ഇന്ത്യയുടെ വിഹിതം, 2030ഓടെ പത്ത് ശതമാനത്തിലേക്ക് ഉയർത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഐഎസ്ആർഒയുടെ വാണിജ്യ വിക്ഷേപണങ്ങളിലൂടെയും സ്വന്തം വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കുന്ന സ്കൈറൂട്ട്, അഗ്നികുൾ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ വിക്ഷേപണങ്ങളിലൂടെയുമാണ് ഈ ലക്ഷ്യത്തിലെത്താൻ ഉദ്ദേശിക്കുന്നത്.
ആവശ്യാനുസരണം വിക്ഷേപണ സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നതിന് വേണ്ടിയുള്ള ചെറു ഉപഗ്രഹ വിക്ഷേപണ വാഹനമായ സ്മോൾ സ്റ്റലറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) ഐഎസ്ആർഒ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് തയാറാകാൻ കുറച്ച് ദിവസങ്ങൾ മതിയാകും മാത്രമല്ല, നിലവിലെ വർക്ക്ഹോഴ്സ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിനേക്കാൾ (പിഎസ്എൽവി) ചെലവും കുറവാണ്. എസ്എസ്എൽവിയുടെ രണ്ട് വികസന ഫ്ലൈറ്റുകൾ പൂർത്തിയായിട്ടുണ്ട്. ഒന്ന് വിജയിക്കുകയും മറ്റൊന്നു ഭാഗികമായി വിജയിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നുവരെ, 36 രാജ്യങ്ങളിൽ നിന്നായി 384 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചിട്ടുണ്ട്. 10 വാണിജ്യ ദൗത്യങ്ങളും മറ്റ് നിരവധി ഇന്ത്യൻ ദൗത്യങ്ങളും കോ-പാസഞ്ചർ ഉപഗ്രഹങ്ങളായി കൊണ്ടുപോയിട്ടുണ്ട്. ഈ വാണിജ്യ ലോഞ്ചുകളിൽ ഏറ്റവും കൂടുതലും അമേരിക്കയിൽ നിന്നുള്ള കമ്പനികളാണ്.
2019ൽ സ്ഥാപിച്ച ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ(എൻഎസ്ഐഎൽ) വരുമാനത്തിൽ വർധനവുണ്ടായതായി ബഹിരാകാശ ഏജൻസിയുടെ ബജറ്റിനെക്കുറിച്ചുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. 2021-22ൽ 1,731 കോടി രൂപയിൽനിന്നു എൻഎസ്ഐഎൽ 2023-24ൽ 3,509 കോടി രൂപയിലേക്ക് എത്തി.
“ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ എൻഎസ്ഐഎൽ കൈവരിച്ച നേട്ടങ്ങളെ സമിതി അഭിനന്ദിക്കുകയും അന്താരാഷ്ട്ര സ്വഭാവവും ഗുണനിലവാരവും ഉള്ള ഒരു ഏജൻസിയായി പ്രവർത്തിക്കാൻ എൻഎസ്ഐഎൽ-ന് എല്ലാ പിന്തുണയും നൽകാൻ വകുപ്പിനോട് ശുപാർശ ചെയ്യുന്നു. ”ഇത് 100 ശതമാനം വർധനവാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
എന്നാൽ ഇത് വാണിജ്യ വിഭാഗത്തിൽ മാത്രമല്ല, വകുപ്പിൽ നിന്നുള്ള വരുമാനവും വർധിച്ചു. ബഹിരാകാശ വകുപ്പിന്റെ വരുമാനം 2020-21ലെ 929 കോടി രൂപയിൽനിന്ന് 2022-23ൽ 2,780 രൂപയായി ഉയർന്നതായി സമിതി ചൂണ്ടിക്കാട്ടി. ഇത് ഏകദേശം 200% വർധനവാണ്. 2023-24ലെ ബജറ്റ് വിഹിതം കഴിഞ്ഞ മൂന്നു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയായിരുന്നതായും കമ്മിറ്റി അഭിപ്രായപ്പെട്ടു: “ഡിപ്പാർട്ട്‌മെന്റ് ഒരു ഗവേഷണ അധിഷ്‌ഠിത സ്ഥാപനത്തിൽ നിന്ന് മികച്ച ആഭ്യന്തര വരുമാനമുള്ള കൂടുതൽ വാണിജ്യാധിഷ്ഠിത ഏജൻസിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയും ഇത് സൂചിപ്പിക്കുന്നു,”കമ്മിറ്റി അഭിപ്രായപ്പെട്ടു.