ജനനനിരക്കിലെ ഭയാനകമായ ഇടിവ് തടയാന്‍ വഴികള്‍ തേടുകയാണു ജപ്പാന്‍. ഇതിന്റെ ഭാഗമായി, ഒരു കുട്ടി മാത്രമുള്ള ദമ്പതികള്‍ക്ക് 80,000 യെന്‍ (അന്‍പതിനായിരത്തോളം രൂപ) അധികമായി നല്‍കാനുള്ള നീക്കത്തിലാണു സർക്കാർ
എന്നാല്‍, വിലക്കയറ്റവും വരുമാനം മുരടിപ്പും കൊണ്ട് പൊറുതിമുട്ടിയ ആളുകളെ, ഒരു കുഞ്ഞ് ജനിപ്പിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്താന്‍ ഈ തുക മതിയാകില്ലെന്നാണു വിമര്‍ശകര്‍ പറയുന്നത്. വിഷയത്തില്‍ പണം നല്‍കാനുള്ള ശ്രമം മുന്‍പുമുണ്ടായിട്ടുണ്ടെന്നും പരിഹാരത്തിനുള്ള സാധ്യത ഇനിയുമുണ്ടാകാനിടയില്ലെന്നുമാണു മറ്റു ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.
നിലവില്‍, ജപ്പാനിലെ പുതിയ മാതാപിതാക്കള്‍ക്ക് ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ 420,000 യെന്‍ ഒറ്റത്തവണയായി ലഭിക്കും. ഈ തുക 500,000 യെന്‍ ആയി ഉയര്‍ത്താനാണ് ആരോഗ്യ, തൊഴില്‍, ക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചരിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍ ഒന്നിനു പുതിയ തുക പ്രാബല്യത്തില്‍ വരും.
വഷളാകുന്ന സ്ഥിതി
ജപ്പാന്റെ ആശങ്കാജനകമായ ഏറ്റവും പുതിയ ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകളുടെ സാഹചര്യത്തിലാണു തുക വര്‍ധിപ്പിക്കാനുള്ള തീരുമാനം.
2017 ല്‍ 12.8 കോടിയുണ്ടായിരുന്ന ജനസംഖ്യ 2021 ല്‍ 12.57 കോടിയായി കുറഞ്ഞു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ജപ്പാനിലെ മൊത്തം ജനസംഖ്യ 5.3 കോടിയായി ചുരുങ്ങുമെന്നാണു മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റില്‍ കൊറോണ വൈറസ് മെഹാമാരിക്കു മുന്‍പ് പ്രസിദ്ധീകരിച്ച ഒരു പഠനം പ്രവചിക്കുന്നത്.
വൈകി വിവാഹിതരാവാനും കുറഞ്ഞ കുട്ടികള്‍ മതിയെന്നുമുള്ള തീരുമാനം സമീപ ദശകങ്ങളില്‍ ജ്പ്പാന്‍കാരില്‍ പ്രകടമാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കണക്കിലെടുത്തുള്ള ബോധപൂര്‍വമായ തീരുമാനമാണിത്.
കോവിഡ് രാജ്യത്ത് സൃഷ്ടിച്ച പ്രശ്‌നങ്ങളുടെയും അടുത്തിടെ യുക്രൈന്‍ സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയില്‍ ചെലുത്തിയ പ്രത്യാഘാതങ്ങളുടെയും സാഹചര്യത്തില്‍ ജനസംഖ്യാകണക്ക് ഇപ്പോള്‍ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണപ്പെടുന്നത്.
ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തില്‍ 3,84,942 കുഞ്ഞുങ്ങള്‍ മാത്രമാണു ജനിച്ചിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ചു ശതമാനം കുറവാണിത്. ഈ വര്‍ഷത്തെ ആകെ ജനനം എട്ടു ലക്ഷത്തില്‍ താഴെയായിരിക്കുമെന്നാണു മന്ത്രാലയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം 8,11,604 കുഞ്ഞുങ്ങളാണു ജനിച്ചത്. 1899-ല്‍ സര്‍ക്കാര്‍ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതിനു ശേഷം ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സ്ഥിതി.
കുട്ടികള്‍ വളരെ ചെലവേറിയത്
”എനിക്ക് മകനുണ്ടായപ്പോള്‍ സര്‍ക്കാരില്‍നിന്ന് പണം ലഭിച്ചതു തീര്‍ച്ചയായും സഹായകമായിരുന്നു. പക്ഷേ ആ തുക എന്റെ എല്ലാ ആശുപത്രി ചെലവുകള്‍ക്കും തികഞ്ഞില്ല,” ടോക്കിയോ സ്വദേശിയായ കുടുംബപ്പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വീട്ടമ്മയായ അയാകോ പറഞ്ഞു.
സിസേറിയന്‍ ആവശ്യമായതിനാല്‍ അയാകോയുടെ അവസ്ഥ ഒരു പരിധിവരെ സങ്കീര്‍ണമായിരുന്നു. ജപ്പാനില്‍ ഒരു കുഞ്ഞ് ജനിക്കുന്നതിനുള്ള ശരാശരി ചെലവ് ഏകദേശം 473,000 യെന്‍ ആണെന്ന് അയാകോയെ ഉദ്ധരിച്ച് മൈനിച്ചി പത്രം റിപ്പോര്‍ട്ട് ചെയ്തു.
”ഒരു കുഞ്ഞിനു കൂടി കുട്ടി ജന്മം നല്‍കുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു, ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോള്‍ അതു ശരിക്കും സാധ്യമല്ലെന്നു നിഗമനത്തിലാണു ഞാനും ഭര്‍ത്താവുമെത്തിയത്,” അയാകോ ഡി ഡബ്ല്യുയോട് പറഞ്ഞു. ”80,000 യെന്‍ ഉപയോഗപ്രദമാകുമെന്ന് ഞാന്‍ പറയും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ ഗുണം എത്രത്തോളം ലഭിക്കും? കുഞ്ഞിനു വസ്ത്രവും ഭക്ഷണവും ആവശ്യമാണ്. അവര്‍ വേഗത്തില്‍ വളരുകയും കൂടുതല്‍ കൂടുതല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു,” അവള്‍ പറഞ്ഞു.
”ഞാന്‍ ജോലിയില്‍നിന്ന് അവധിയെടുത്തു. അത് ഞങ്ങളുടെ സമ്പാദ്യത്തെ ബാധിച്ചു. എന്റെ ഭര്‍ത്താവിനു സ്ഥിരം ജോലിയുണ്ടെങ്കിലും കോവിഡിനു മുമ്പുള്ള അതേ വരുമാനം ലഭിക്കുന്നത്. ്എന്നാല്‍ അടിസ്ഥാന ഭക്ഷ്യവസ്തുക്കളും ഇന്ധനവും പോലുള്ളവയുടെ ചെലവും മസമീപ മാസങ്ങളില്‍ കുത്തനെ ഉയര്‍ന്നിരക്കുകയാണ്,” അവര്‍ പറഞ്ഞു.
സമീപനം ദീര്‍ഘവീക്ഷണമില്ലാത്തതോ?
വലിയ കുടുംബങ്ങളുണ്ടാക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രോത്സാഹനങ്ങളുമായി ജപ്പാന്‍ സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ കാറുകളും വാടക രഹിത വീടുകളും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അവയില്‍ ചിലതാണ്.
ഇന്നത്തെ ജപ്പാനിലെ യുവ ദമ്പതികളുടെ വിശാലമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു ദീര്‍ഘവീക്ഷണമില്ലാത്ത സമീപനമാണിതെന്നു ക്യോട്ടോയിലെ ദോഷിഷ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര അനലിസ്റ്റും പ്രൊഫസറുമായ നോറിക്കോ ഹാമ പറഞ്ഞു.
”ഒരു രാഷ്ട്രമെന്ന നിലയില്‍ ജപ്പാന്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ഇത് മായാജാലമെന്ന നിലയില്‍ പരിഹരിക്കാന്‍ പോകുന്നില്ല. യുവദമ്പതികള്‍ക്ക് നേരെ പണമെറിഞ്ഞ് കൂടുതല്‍ കുട്ടികളുണ്ടാകുമെന്നു മാത്രം പ്രതീക്ഷിക്കുന്ന പ്രശ്‌നമല്ല ഇത്. കുട്ടികളെ ജനിപ്പിക്കാന്‍ മതിയായ സുരക്ഷിതത്വം അനുഭവിക്കാന്‍ ആളുകളെ അനുവദിക്കുന്ന മോശം സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്‌നമാണിത്. ഒരു കുട്ടിയെ വളര്‍ത്തേണ്ട അന്തരീക്ഷത്തെക്കുറിച്ച് ആളുകള്‍ക്ക് ഇപ്പോള്‍ തന്നെ അതൃപ്തിയുണ്ട്. അതു മെച്ചപ്പെടുന്നതുവരെ ജനനനിരക്ക് വെര്‍ധിക്കില്ല,” അവര്‍ പറഞ്ഞു.
യാഥാര്‍ത്ഥ്യത്തില്‍നിന്ന് അകലെ സര്‍ക്കാര്‍
ഒരു കുട്ടി ഒരു നല്ല ഹൈസ്‌കൂളിലും തുടര്‍ന്ന് ഒരു നല്ല സര്‍വകലാശാലയിലും പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വലിയ ചെലവുണ്ട്. ജപ്പാനില്‍ ഉന്നത വിദ്യാഭ്യാസം സാധാരണയായി നാലു വര്‍ഷം നീളുന്നതാണ്. വിദ്യാര്‍ഥി പാര്‍ട്ട് ടൈം ജോലി ചെയ്താല്‍ പോലും കുടുംബത്തിനു വലിയ ബാധ്യത സൃഷ്ടിക്കും.
ഒരു ദശാബ്ദത്തിലേറെയായി ശമ്പളത്തില്‍ വലിയ മാറ്റമില്ലെന്നും പണപ്പെരുപ്പത്തിനൊപ്പം ദൈനംദിന ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍, സമ്മര്‍ദ്ദം എന്നത്തേക്കാളും കൂടുതലാണെന്നും നോറിക്കോ ഹാമ പറഞ്ഞു.
”വേണ്ടത്ര പണം നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന നിഗമനത്തില്‍ ഒരു സര്‍ക്കാരെത്തുന്നത് സാധാരണമാണ്. അവര്‍ സാധാരണ ജപ്പാന്‍കാരുടെ യാഥാര്‍ത്ഥ്യത്തില്‍നിന്ന് പൂര്‍ണമായും അകലെയുള്ളവരാണ്. ജനങ്ങളുടെ അരക്ഷിതാവസ്ഥയും ഭയവും ആവശ്യങ്ങളും സര്‍ക്കാരിന് അനുഭവപ്പെടുന്നില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ഒരു സര്‍ക്കാരുണ്ടാകുന്നതുവരെ, ഈ അവസ്ഥ ഒരിക്കലും മാറില്ല,” അവര്‍ പറഞ്ഞു.