ലോസാഞ്ചലസ്: 94-ാമത് അക്കാദി അവാര്‍ഡ് വേദിയില്‍ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത്. ഭാര്യ ജാദ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ചുള്ള ക്രിസിന്റെ പരാമര്‍ശമായിരുന്നു സ്മിത്തിനെ പ്രകോപിപ്പിച്ചത്. ജാദയുടെ ഹെയര്‍സ്റ്റൈല്‍ നോക്കി ‘ജി ഐ ജെയിന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു ക്രിസ് പറഞ്ഞത്.
ഇതിന് പിന്നാലെ വില്‍ സ്മിത്ത് വേദിയിലേക്കെത്തുകയും ക്രിസിന്റെ മുഖത്തടിക്കുകയും ചെയ്തു. ആദ്യം എല്ലാവരും തമാശ രൂപേണയായിരുന്നു സംഭവത്തെ എടുത്തത്. സാഹചര്യം സാധരണ നിലയിലെത്തിക്കാന്‍ ക്രിസും ശ്രമിച്ചു. തിരികെ സീറ്റിലെത്തിയ സ്മിത്ത് “എന്റെ ഭാര്യയുടെ പേര് നിങ്ങളുടെ വായില്‍ നിന്ന് വീഴരുത്” എന്ന് ആക്രോശിച്ചു.
ജി. ഐ. ജെയിന്‍
1997 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജി. ഐ. ജെയിന്‍. അമേരിക്കന്‍ യുദ്ധ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് റിഡ്ലി സ്കോട്ടാണ്. ഡെമി മൂര്‍, വിഗൊ മോര്‍ട്ടെന്‍സണ്‍, ആനി ബാന്‍ക്രോഫ്റ്റ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്. അമേരിക്കന്‍ നേവി സീൽസിന് സമാനമായ പ്രത്യേക ഓപ്പറേഷൻ പരിശീലനത്തിന് വിധേയയായ ആദ്യ വനിതയുടെ സാങ്കൽപ്പിക കഥയാണ് ചിത്രം പറയുന്നത്.

ശേഷം സംഭവിച്ചത്
പിന്നീട് കിങ് റിച്ചാർഡിലെ പ്രകടനത്തിന് സ്മിത്തിന് മികച്ച നടനുള്ള ഓസ്കാർ ലഭിച്ചു. അവാര്‍ഡ് സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ സ്മിത്ത് അക്കാദമിയോട് ക്ഷമ ചോദിച്ചു. “അക്കാദമിയോടും നോമിനികളോടും ക്ഷമ ചോദിക്കുന്നു. കല ജീവിതത്തെ അനുകരിക്കുന്നു. സ്നേഹം നിങ്ങളെ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു,” സ്മിത്ത് പറഞ്ഞു.
പിന്നീട് കിങ് റിച്ചാര്‍ഡിലെ കഥാപാത്രത്തെക്കുറിച്ചായിരുന്നു സ്മിത്ത് സംസാരിച്ചത്. “കുടുംബത്തിന്റെ സംരക്ഷകനായിരുന്നു റിച്ചാര്‍ഡ് വില്യംസ്. ഈ ചിത്രമെടുക്കുമ്പോള്‍, ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തനായ ഓന്‍ജാനു എല്ലിസിനെ എനിക്ക് സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. വീനസിന്റേയും സെറീനയുടേയും വേഷങ്ങള്‍ ചെയ്ത പെണ്‍കുട്ടികളേയും സംരക്ഷിക്കണമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“എന്റെ ജീവതം മറ്റുള്ളവരെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ളതാണ്. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാം. നിങ്ങളെക്കുറിച്ച് ഭ്രാന്തമായി സംസാരിക്കുന്ന ആളുകള്‍ നിങ്ങള്‍ക്കുണ്ടാകണം, നിങ്ങളെ അനാദരിക്കുന്നവര്‍ ഉണ്ടാകണം. നിങ്ങള്‍ പുഞ്ചിരിക്കുകയും അത് സാരമില്ലെന്ന് കരുതുകയും വേണം,” കണ്ണീരണിഞ്ഞുകൊണ്ട് വില്‍ സ്മിത്ത് പറഞ്ഞു.
Also Read: ഓസ്കര്‍ 2022: മികച്ച ചിത്രം ‘കോഡ’; നടന്‍ വില്‍ സ്മിത്ത്; നടി ജെസിക്ക ചസ്റ്റെയ്ൻ