/indian-express-malayalam/media/media_files/uploads/2021/01/Whatsapp-explained.jpg)
ഉപഭോക്താക്കൾക്കിടയിൽ വലിയ ആശയക്കുഴപ്പം ഉണ്ടായ പശ്ചാത്തലത്തിലാണ് പുതിയ സ്വാകര്യത നയം ഉടൻ നടപ്പിലാക്കേണ്ട എന്ന തീരുമാനത്തിലേക്ക് വാട്സാപ് എത്തിയത്. മേയ് 15 വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്ന് വാട്‌സാപ് അറിയിച്ചു. പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് കമ്പനി വ്യക്തമാക്കി.
ജനുവരി ആദ്യം പുതിയ നയം പ്രഖ്യാപിച്ചതുമുതൽ, ആഗോളതലത്തിൽ ചില വിശ്വാസ്യത പ്രതിസന്ധി നേരിടുന്ന മാതൃ കമ്പനിയായ ഫേസ്ബുക്കിന് ഉപയോക്തൃ സന്ദേശങ്ങൾ ആക്‌സസ് ചെയ്യാനാകുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. വാട്സാപ് തന്നെ ഉപഭോക്താക്കൾക്ക് മുന്നിൽ ആപ്ലിക്കേഷന്റെ ഭാഗമായി തുടരണോ വേണ്ടയോ എന്ന ഓപ്ഷൻ മുന്നോട്ട് വച്ചിരുന്നു. ഇതോടെ പലരും വാട്സാപ്പിൽ നിന്ന് മറ്റ് മെസേജിങ് പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റത്തിനും ശ്രമം ആരംഭിച്ചു.
“ഞങ്ങളുടെ സമീപകാല അപ്‌ഡേറ്റിനെക്കുറിച്ച് എത്രമാത്രം ആശയക്കുഴപ്പമുണ്ടെന്ന് ഞങ്ങൾ നിരവധി ആളുകളിൽ നിന്ന് മനസിലാക്കി. വളരെയധികം തെറ്റായ വിവരങ്ങൾ ആശങ്കയുണ്ടാക്കുന്നു, ഞങ്ങളുടെ തത്വങ്ങളും വസ്തുതകളും മനസിലാക്കാൻ എല്ലാവരേയും സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” കമ്പനി പറഞ്ഞു.
സ്വകാര്യ സന്ദേശങ്ങളോ സെൻസിറ്റീവ് ലൊക്കേഷൻ ഡാറ്റയോ ഫെയ്‌സ്‌ബുക്കുമായി പങ്കിടില്ലെന്ന് വാട്‌സാപ് നേരത്തെ വിശദീകരണം നൽകിയിരുന്നു. “ചില കിംവദന്തികൾ പ്രചരിക്കുന്നതിനാൽ, ഞങ്ങൾക്ക് ലഭിച്ച ചില സാധാരണ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സ്വകാര്യമായി ആശയവിനിമയം നടത്താൻ ആളുകളെ സഹായിക്കുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും ഞങ്ങൾ ഏതറ്റം വരേയും പോകും. പുതിയ നയം സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങൾ കൈമാറുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കില്ല,” എന്നാണ് കമ്പനി നേരത്തെ നൽകിയ വിശദീകരണം.
നിലവിൽ സ്വാകര്യത നയത്തിൽ കമ്പനി യാതൊരുവിധ മാറ്റവും നടത്തിയിട്ടില്ല എന്നത് എടുത്ത് പറയണം. തെറ്റിദ്ധാരണകൾ അകറ്റാൻ സമയം നീട്ടി നൽകുക മാത്രമാണ് വാട്സാപ് ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.