WhatsApp: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് അതിന്റെ ഉപയോക്താക്കൾ ക്ലൗഡ് സംവിധാനങ്ങളിൽ ബാക്കപ്പ് ചെയ്യുന്ന വിവരങ്ങൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ്. ഗൂഗിൾ ഡ്രൈവോ ആപ്പിളിന്റെ ഐക്ലൗഡോ പോലുള്ള ക്ലൗഡ് സേവനങ്ങളിൽ ബാക്കപ്പ് ചെയ്യുന്ന വിവരങ്ങൾ ഇതിന്റെ പരിധിയിൽ വരും.
ഉപഭോക്താക്കളുടെ ചാറ്റ് വിവരങ്ങൾ എൻക്രിപ്ഷന്റെ പരിധിയിൽനിന്ന് പുറത്ത് കടകക്കാൻ അനുവദിക്കുന്ന ഒരു പഴുത് അടയ്ക്കുന്നതിനുള്ള ഒരു നടപടിയായി ഈ നീക്കം കാണപ്പെടുന്നു. ഉപയോക്താവിന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ ഒരു മൂന്നാം കക്ഷിക്ക് ചാറ്റ് വിവരങ്ങൾ നേടാൻ കഴിയുന്ന തരത്തിലുള്ള ഒരു പിഴവാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്.
വർഷങ്ങളായി ഈ ഫീച്ചർ കൊണ്ടുവരുന്നതിനായി പരിശ്രമിക്കുന്നുണ്ടെന്നും ഈ വർഷം അവസാനത്തോടെ ഇത് പുറത്തിറക്കുമെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു.
ബാക്കപ്പുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത
വാട്ട്‌സ്ആപ്പിന്റെ പല ഉപയോക്താക്കളും അവരുടെ ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നു. അതിൽ മെസേജിംഗ് പ്ലാറ്റ്‌ഫോമിൽ പങ്കിടുന്ന വാചക സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, രേഖകൾ എന്നിവ ഉൾപ്പെടുന്നു.
“സന്ദേശ ചാറ്റുകളുടെ ഉള്ളടക്കം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് വിലപ്പെട്ടതാണ്, കൂടാതെ ഒരു ഉപയോക്താവിന്റെ ഉപകരണം നഷ്ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്താൽ ഉള്ളടക്കം പരിരക്ഷിക്കുന്നതിന് വാട്ട്‌സ്ആപ്പ് ഇൻ-ആപ്പ് ബാക്കപ്പ് സവിശേഷത വാഗ്ദാനം ചെയ്യുന്നു; അവരുടെ ചാറ്റ് ചരിത്രം ഒരു പുതിയ ഉപകരണത്തിലേക്ക് കൈമാറാൻ പ്രാപ്തമാക്കുന്നതിന് അത് സഹായകമാവുന്നു,” വാട്സ്ആപ്പിന്റെ ധവള പത്രത്തിൽ പറയുന്നു.
Read More: UAE Green Visa: യുഎഇ ഗ്രീൻ വിസ പ്രവാസി ജീവനക്കാരെ സംബന്ധിച്ച് അർത്ഥമാക്കുന്നതെന്ത്?
വാട്ട്‌സ്ആപ്പിന്റെ ചാറ്റ് സേവനം എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, വാട്ട്‌സ്ആപ്പ് ഡാറ്റയുടെ ബാക്കപ്പുകൾ സംഭരിക്കുന്നതിന് ഇത് ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ ഐക്ലൗഡ് പോലുള്ള ക്ലൗഡ് പങ്കാളികളെ ആശ്രയിക്കുന്നു. ചാറ്റുകൾ ഗൂഗിൾ ഡ്രൈവിലേക്കോ ഐക്ലൗഡിലേക്കോ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ, അവ എൻക്രിപ്ഷൻ ചാനലിന് പുറത്താണെന്നും അവ സ്വകാര്യമല്ലെന്നും കമ്പനി നേരത്തെ പറഞ്ഞിരുന്നു.
പല കേസുകളിലും, ഒരു വാറന്റ് ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള നിയമ നിർവ്വഹണ ഏജൻസികൾക്ക് ഈ ക്ലൗഡ് സേവനങ്ങളിൽ സംഭരിച്ചിരിക്കുന്ന ബാക്കപ്പുകളിലൂടെ വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ ആക്സസ് ചെയ്യാൻ കഴിഞ്ഞിരുന്നു.
വാട്സ്ആപ്പ് ചാറ്റുകളുടെ ബാക്കപ്പുകൾ എൻക്രിപ്റ്റ് ചെയ്യാൻ എന്തു ചെയ്യണം?
ഈ വർഷം അവസാനം പുതിയ സേവനം ലഭ്യമാകുന്നതോടെ, ഉപയോക്താക്കൾക്ക് അവരുടെ ബാക്കപ്പുകൾക്ക് എൻക്രിപ്ഷൻ ഓണാക്കാനുള്ള ഓപ്ഷൻ ലഭിക്കും. ചാറ്റുകൾ ബാക്കപ്പ് ചെയ്യാതിരിക്കാനുള്ള ഒരു ഓപ്‌ഷനും എപ്പോഴും ഉണ്ടാകും.
ഒരു ഉപയോക്താവ് ബാക്കപ്പ് എൻക്രിപ്റ്റ് ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞാൽ, ഒരു 64-അക്ക കീ സൃഷ്ടിക്കപ്പെടും-പിന്നീടുള്ള സമയത്ത് ബാക്കപ്പ് പുനഃസ്ഥാപിക്കാൻ ഈ കീ ആവശ്യമാണ്. ഇവിടെ, ഉപയോക്താവിന് രണ്ട് ഓപ്ഷനുകൾ ഉണ്ടായിരിക്കും-ഒന്നുകിൽ അവർക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി 64 അക്ക കീ സ്വയം സൂക്ഷിക്കാം അല്ലെങ്കിൽ വാട്ട്‌സ്ആപ്പിന്റെ പുതിയ ഹാർഡ്‌വെയർ സെക്യൂരിറ്റി മൊഡ്യൂൾ അടിസ്ഥാനമാക്കിയുള്ള ബാക്കപ്പ് കീ വോൾട്ട് ഉപയോഗിക്കാം.
എൻക്രിപ്റ്റ് ചെയ്ത ചാറ്റ് ബാക്കപ്പ് ഡീക്രിപ്റ്റ് ചെയ്യുന്നതിന് മുമ്പ് പാസ്വേഡ്, 64-അക്ക കീ അല്ലെങ്കിൽ കീ ജനറേറ്റ് ചെയ്ത ഉപകരണം നഷ്ടപ്പെട്ടാൽ, ഉപയോക്താവിന് ബാക്കപ്പിലേക്കുള്ള ആക്സസ് നഷ്ടപ്പെടുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. രണ്ട് ക്ലൗഡ് സേവനങ്ങളിൽ ഒന്നിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ബാക്കപ്പിന്റെ എൻക്രിപ്ഷൻ സംഭവിക്കുകയും 64-അക്ക കീ ഉപയോഗിച്ച് മാത്രം ആക്‌സസ് ചെയ്യാവുന്ന ഒരു എൻക്രിപ്റ്റ് ചെയ്ത ഫയലായി അവിടെ നിലനിൽക്കുകയും ചെയ്യും.
Read More: എന്താണ് പുതിയ ‘ബിഎച്ച്’ വാഹന രജിസ്ട്രേഷൻ, എങ്ങനെ ലഭിക്കും, നമ്പർ പ്ലേറ്റിലെ മാറ്റം എങ്ങനെ?
ആരെങ്കിലും അവരുടെ ബാക്കപ്പുകൾ വീണ്ടെടുക്കാൻ താൽപ്പര്യപ്പെടുമ്പോൾ, അവർ അവരുടെ രഹസ്യവാക്ക് നൽകുകയും അത് എൻക്രിപ്റ്റ് ചെയ്യുകയും തുടർന്ന് ബാക്കപ്പ് കീ വോൾട്ട് പരിശോധിക്കുകയും ചെയ്യുന്നു. പാസ്‌വേഡ് പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, ബാക്കപ്പ് കീ വോൾട്ട് വാട്ട്‌സ്ആപ്പ് ക്ലയന്റിലേക്ക് എൻക്രിപ്ഷൻ കീ തിരികെ അയയ്ക്കും. കയ്യിലുള്ള കീ ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് ക്ലയന്റിന് ബാക്കപ്പുകൾ ഡീക്രിപ്റ്റ് ചെയ്യാൻ കഴിയും.
ഇതെങ്ങനെ പ്രവർത്തിക്കുന്നു?
അതിന്റെ സുരക്ഷാ ധവളപത്രത്തിൽ, വാട്ട്‌സ്ആപ്പ് ഈ സംവിധാനത്തെ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സുരക്ഷിതമായ ഡെപ്പോസിറ്റ് വോൾട്ടിനോട് താരതമ്യപ്പെടുത്തി. ബാങ്കിൽ നിന്ന് ആർക്കും താക്കോൽ ഇല്ലാതെ വോൾട്ട് തുറക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തുന്നത് പോലെ ഉപഭോക്താവിന് ഒരു കീ നൽകുകയാണെന്ന് ധവള പത്രത്തിൽ പറയുന്നു.
“എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ബാക്കപ്പുകൾ അവതരിപ്പിച്ചുകൊണ്ട്, ഉപയോക്താക്കളുടെ ബാക്കപ്പിനായി ഉപയോക്താവിന് ഓരോ എൻക്രിപ്ഷൻ കീകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി എച്ച്എസ്എം (ഹാർഡ്‌വെയർ സെക്യൂരിറ്റി മൊഡ്യൂൾ) അടിസ്ഥാനമാക്കിയുള്ള ബാക്കപ്പ് കീ വോൾട്ട് വാട്ട്‌സ്ആപ്പ് സൃഷ്ടിച്ചു. എച്ച്എസ്എം അടിസ്ഥാനമാക്കിയുള്ള വോൾട്ട് ഒരു ഫിസിക്കൽ വോൾട്ടിന് തുല്യമാണ്, വാട്ട്‌സ്ആപ്പിന്റെ സെർവറുകളിൽ ഒന്നിൽ ഇരിക്കുന്നു, എൻക്രിപ്റ്റ് ചെയ്ത ബാക്കപ്പിന്റെ താക്കോൽ അടങ്ങിയിരിക്കുന്നു,” ധവള പത്രത്തിൽ പറയുന്നു.
സ്ഥിരത ഉറപ്പുവരുത്താൻ, അഞ്ച് ഡാറ്റാ സെന്റർ ഇടങ്ങളിൽ ഈ വോൾട്ടുകൾ വിന്യസിക്കുമെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു.
പുതിയ ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട് ഡാറ്റാ സുരക്ഷ സംബന്ധിച്ച് അഭിപ്രായം വാട്ട്‌സ്ആപ്പ് മേധാവി വിൽ കാത്ത്കാർട്ട് അദ്ദേഹത്തിന്റെ ട്വീറ്റുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
“തീർച്ചയായും, സാങ്കേതിക വിദഗ്ധർ സുരക്ഷ വർധിപ്പിക്കുമ്പോഴെലല്ലാം, കൂടുതൽ സ്വകാര്യത നൽകുന്നത് മോശമാണെന്ന് ചിലർ വാദിക്കും. സ്വതന്ത്ര സമൂഹങ്ങളിൽ ആളുകൾക്ക് മികച്ച സുരക്ഷ ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കോടിക്കണക്കിന് ആളുകൾക്ക് ഇപ്പോൾ സെൻസിറ്റീവ് ഡിജിറ്റൽ വിവരങ്ങൾ ഉണ്ട്, അവരുടെ സ്വകാര്യ സന്ദേശങ്ങൾ പോലെയുള്ളവ. ആ വിവരങ്ങൾ ഹാക്കർമാരും കുറ്റവാളികളും ശത്രുതാപരമായി ഇടപെടുന്ന സർക്കാരുകൾ പോലും ചോർത്തനുള്ള സാധ്യത വർദ്ധിക്കുന്നു.” കാത്ത്കാർട്ടിന്റെ ട്വീറ്റിൽ പറയുന്നു.
Read More: യുഎഇ, ദുബൈ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സർക്കാരുകൾ വാട്ട്‌സ്ആപ്പ് പോലുള്ള എൻക്രിപ്റ്റ് ചെയ്ത മെസെഞ്ചർ സേവനങ്ങളിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാനുള്ള മാർഗങ്ങൾ തേടുന്നുണ്ട്. ഈ വർഷം ആദ്യം പ്രഖ്യാപിച്ച ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളിൽ, നിയമവിരുദ്ധമെന്ന് കരുതപ്പെടുന്ന ഒരു സന്ദേശത്തിന്റെ ഉത്ഭവം കണ്ടെത്തുന്നതിന് സുപ്രധാന സോഷ്യൽ മീഡിയ സേവനദാതാക്കൾക്ക് ബാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തിരുന്നു. ബാക്കപ്പുകൾ എൻക്രിപ്റ്റ് ചെയ്യാനുള്ള സംവിധാനം വന്നാൽ അതിനെതിരെ സർക്കാറുകളിൽ നിന്ന് എതിർപ്പും അത് പിൻവലിക്കാനുള്ള നിർബന്ധവും വന്നേക്കാം.
“… ഞങ്ങൾ ഇതിനെക്കുറിച്ച് ഒരു സമവായത്തിൽ നിന്ന് വളരെ അകലെയാണ്. കമ്പനികൾ ദുർബലമായ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെടാൻ ചില സർക്കാരുകൾ അവരുടെ അധികാരങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നത് തുടരുന്നു. അത് പിന്നോട്ട് നടക്കലാണെന്ന് ഞങ്ങൾ കരുതുന്നു. ആളുകളുടെ പ്രധാന വിവരങ്ങൾക്കായ് കമ്പനികളിൽ നിന്ന് കൂടുതൽ സുരക്ഷയാണ് ആവശ്യപ്പെടേണ്ടത്, സുരക്ഷ കുറയ്ക്കാനല്ല ആവശ്യപ്പെടേണ്ടത്, ”കാത്കാർട്ട് എഴുതി.