മാര്‍ച്ച് ഒന്നിനായിരുന്നു റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ജനീവയിൽ നടന്ന നിരായുധീകരണ സമ്മേളനത്തിൽ യുക്രൈനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ആണാവായുധങ്ങള്‍ സ്വന്തമാക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്ന വോളോഡിമര്‍ സെലെന്‍സ്കിയുടെ ഭരണകൂടം അയല്‍ രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്നു എന്നായിരുന്നു സെർജി ലാവ്‌റോവ് ആരോപിച്ചത്.
യുക്രൈനിലെ അധിനിവേശത്തെ തുടക്കം മുതല്‍ ന്യായീകരിക്കാനുള്ള ശ്രമങ്ങളായിരുന്നു റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായത്. താരതമ്യേന ചെറിയ രാജ്യമായ യുക്രൈനില്‍ നിന്ന് ആണവ ഭീഷണിയുണ്ടെന്ന അവകാശവാദമായിരുന്നു ന്യായീകരണത്തിന്റെ അടിസ്ഥാനം. യുക്രൈനിന് സോവിയറ്റ് ആണവ സാങ്കേതികവിദ്യയും ആയുധങ്ങൾ എത്തിക്കുന്നതിനുള്ള മാർഗങ്ങളും ഉണ്ടെന്നും ലാവ്റോവ് സമ്മേളനത്തില്‍ പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തില്‍ ഉത്തരവാദിത്തമുള്ള അംഗം എന്ന നിലയിൽ, റഷ്യ ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നതിനെതിരായ പ്രതിജ്ഞയിൽ പ്രതിജ്ഞാബദ്ധമാണ്. യുക്രൈന്‍ ആണവായുധങ്ങളും അനുബന്ധ സാങ്കേതികവിദ്യകളും ഉണ്ടാകുന്നത് തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
റഷ്യയുടെയും അമേരിക്കയുടെയും മേൽനോട്ടത്തിലുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടി പ്രകാരം 1996-2001 കാലഘട്ടത്തില്‍ യുക്രൈന്‍ പൂര്‍ണമായും ആണവ വിമുക്തമായിരുന്നു. റഷ്യൻ സൈന്യം യുക്രൈനിലേക്ക് അധിനിവേശം നടത്തിയതോടെ ആണവ വിമുക്തമാക്കിയ നടപടിയില്‍ തെറ്റ് പറ്റിയോ എന്ന് പല പൗരന്മാരും ആശ്ചര്യപ്പെടുന്നുണ്ട്. ആണവായുധങ്ങള്‍ കൈവശമുണ്ടായിരുന്നെങ്കില്‍ റഷ്യയുടെ ആക്രമണം തടയാന്‍ കഴിഞ്ഞേക്കുമായിരുന്നെന്നും പലരും ചിന്തിക്കുന്നു.
ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യുന്നത് വളരെ അപൂര്‍വ്വമാണ്. വലിയ നാശങ്ങളിലേക്ക് ഇത് നയിച്ചേക്കും എന്ന കാരണത്താലാണിത്. ആണവായുധങ്ങള്‍ ഉപേക്ഷിക്കാനുള്ള യുക്രൈനിന്റെ തീരുമാനം മൂന്ന് വര്‍ഷത്തെ ദേശീയതല ചര്‍ച്ചകള്‍ക്ക് ശേഷമാണ്. ഇതിന് പുറമെ അമേരിക്കയും റഷ്യയുമായു ചര്‍ച്ചകള്‍ നടന്നു. ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നതിനെതിരായ ഉടമ്പടിയിലെ പ്രധാനികളായ അമേരിക്ക, റഷ്യ, ബ്രിട്ടണ്‍ കൂടാതെ ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ നല്‍കിയ സുരക്ഷാ ഉറപ്പിന്റേയും അടിസ്ഥാനത്തിലുമായിരുന്നു യുക്രൈനിന്റെ തീരുമാനം.
ശീതയുദ്ധത്തിന്റെ അവസാനം, യുക്രൈന്റെ തിരഞ്ഞെടുപ്പുകള്‍
1989 ലെ ബെർലിൻ മതിലിന്റെ പതനത്തിനുശേഷം തകർന്ന സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലേക്ക് യുക്രൈന്‍ നീങ്ങി. 1990 ലെ പരമാധികാര പ്രഖ്യാപനം, സോവിയറ്റ് യൂണിയൻ പിളരുന്നതിന് ഒരു വർഷം മുമ്പ് പാസാക്കിയതിൽ ആണവ ഇതര, ആണവായുധ രഹിത രാജ്യമാകാൻ ആഗ്രഹിക്കുന്നുവെന്ന വ്യക്തമായ രാഷ്ട്രീയ പ്രഖ്യാപനം അടങ്ങിയിരുന്നു.
യുക്രൈന്‍ റിപ്പബ്ലിക്, മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു, ചെർണോബിൽ ദുരന്തത്തിൽ നിന്ന് (1986) യുക്രൈന്‍ ഉയർന്നു വരുന്ന കാലമായിരുന്നു അത്. യുക്രൈന്റെ ആണവായുധങ്ങളുടെ നിയന്ത്രണം റഷ്യക്കായിരുന്നു. ഇത് തങ്ങളുടെ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അന്നത്തെ യുക്രൈനിയന്‍ നേതാക്കൾ ഭയപ്പെട്ടു.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം, യുക്രൈനിന്റെ തീരുമാനങ്ങള്‍ മാറി. ആണവായുധങ്ങൾ ഉപേക്ഷിക്കുന്നത് സ്വാതന്ത്ര്യത്തിന് ആവശ്യമല്ലായിരുന്നു എന്നാണ് ഇപ്പോഴത്തെ നിലപാട്. അക്കാലത്ത്, യുക്രൈനിന് 176 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ഐസിബിഎം) ഉണ്ടായിരുന്നെു. അതിന്റെ വാർഹെഡ് ഇൻവെന്ററി ഏകദേശം 2,000 ആയിരുന്നെന്നാണ് വിവരം, കൂടാതെ 2,600 ആണവായുധങ്ങളും ഉണ്ടായിരുന്നു.
എന്നാൽ ഈ ആയുധങ്ങൾ ആരുടേതായിരുന്നു എന്ന ചോദ്യം പിന്നീട് ഉയര്‍ന്നുവന്നു. സോവിയറ്റ് യൂണിയന്റെ പ്രധാന പിൻഗാമിയായ റഷ്യ, ബലാറസ്, കസാഖിസ്ഥാന്‍ യുക്രൈന്‍ എന്നിവരില്‍ ആരുടെ പക്കലാണെന്നായിരുന്നു പ്രധാന ചോദ്യം. ആയുധശേഖരം നിലനിർത്താനും മാറ്റിസ്ഥാപിക്കാനും സാമ്പത്തിക ശേഷി ആവശ്യമായിരുന്നു. അതിനാല്‍ യുക്രൈന്റെ പ്രതിരോധ മൂല്യവും ചോദ്യം ചെയ്യപ്പെട്ടു.
ആയുധങ്ങൾ സംരക്ഷിക്കുകയാണെങ്കില്‍ യുക്രൈന്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നതിനെതിരായ ഉടമ്പടിക്ക് പുറത്തുള്ള ഒരു ആണവ രാഷ്ട്രമായിരിക്കും എന്നാണ്. യൂറോപ്പിന്റെ ഭാഗമാകാൻ ആഗ്രഹിച്ച യുക്രൈന്‍ ഉപരോധങ്ങള്‍ നേരിടേണ്ടതില്ല എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
1994 ല്‍ ബുഡാപെസ്റ്റില്‍ സംഭവിച്ചത്
1994 ഡിസംബർ അഞ്ചിന് ഒപ്പുവച്ച ബുഡാപെസ്റ്റ് മെമ്മോറാണ്ടം ഓൺ സെക്യൂരിറ്റി അഷ്വറൻസോടെ, സുരക്ഷാ ഉറപ്പുകൾക്ക് പകരമായി ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നതിനെതിരായ ഉടമ്പടിയില്‍ യുക്രൈന് അംഗത്വവും ആണവേതര രാജ്യമെന്ന പദവിയും ലഭിച്ചു. യുക്രൈന്‍ പ്രസിഡന്റ് ലിയോണിഡ് കുച്ച്മ, അമേരിക്കന്‍ പ്രസിഡന്റ് ബിൽ ക്ലിന്റൺ, റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെൽറ്റ്സിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺ മേജർ എന്നിവരായിരുന്നു ഒപ്പുവച്ചത്. പിന്നീട് 1992 ല്‍ ഉടമ്പടിയുടെ ഭാഗമായ ചൈനയും ഫ്രാൻസും ഒപ്പുവച്ചു.
യുക്രൈന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും നിലവിലുള്ള അതിർത്തികളെയും ബഹുമാനിക്കണമെന്നും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്‌ക്കോ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനോ എതിരായ ഭീഷണിയില്‍ നിന്ന് വിട്ടുനില്‍ക്കെണമെന്നും ബുഡാപെസ്റ്റ് മെമ്മോറാണ്ടം പറയുന്നു. സ്വയം പ്രതിരോധത്തിനൊ ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറിന് അടിസ്ഥാനമായോ അല്ലാതെ യുക്രൈനെതിരെ ആയുധം പ്രയോഗിക്കരുതെന്നും മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കുന്നു.
Also Read: അഷ്നീര്‍ ഗ്രോവറിനെ എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കി ഭാരത്പേ; കാരണമെന്ത്?