ന്യൂഡൽഹി: കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മാസ്ക് ധരിക്കൽ നിർബന്ധമാക്കിയതാണ്. പൊതുസ്ഥലങ്ങളിൽ മാത്രമല്ല യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനി സ്വന്തം വാഹനത്തിലാണെങ്കിൽ പോലും മാസ്ക് നിർബന്ധമാണ്. അത്തരത്തിൽ മാസ്ക് ധരിക്കാത്ത പക്ഷം 500 രൂപ വരെ പിഴ ലഭിക്കും. സ്വന്തം കാറിൽ മാസ്ക് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കുന്നത് വലിയ തരത്തിലുള്ള വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.
പൊതു സ്ഥലങ്ങളിൽ മാത്രം മാസ്ക് നിർബന്ധമാക്കിയാൽ മതിയെന്ന് വാദിച്ച് ആരോഗ്യ പ്രവർത്തകരടക്കം നിയമത്തിന്റെ യുക്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. അതേസമയം വിവാദമായ ഈ നിർദേശത്തിന് നിയമപരമായ പിന്തുണ ലഭിക്കുന്നത് 2019 സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്.
മാസ്ക് നിർബന്ധമാക്കുന്ന ചട്ടം ഏതാണ്, അതിൽ എന്താണ് പറയുന്നത്?
ദേശീയ ദുരന്ത നിവാരണ നിയമത്തിനു കീഴിലാണ് പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിക്കൊണ്ട് സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
Also Read: Covid-19 Vaccine: പ്രതീക്ഷ നല്‍കി പരീക്ഷണ ഫലം; ഫൈസര്‍ നിര്‍മ്മാണത്തിന് ഒരുങ്ങുന്നു
അത്തരം മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരം പിഴ ഈടാക്കാവുന്ന കുറ്റമാണ്. ആറു മാസം വരെ തടവും ആയിരം രൂപ വരെ പിഴയും ഈടാക്കൻ ഈ ചട്ടപ്രകാരം സാധിക്കും.
1897ലെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ഡൽഹി പകർച്ചവ്യാധി, കോവിഡ് 19 നിയന്ത്രണങ്ങൾ 2020 അനുസരിച്ച് ന്യൂ ഡൽഹിയിലെ പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് പിഴ ഈടാക്കാൻ വിവിധ വകുപ്പുകൾക്കും അധികാരികൾക്കും അനുവാദം നൽകിയിട്ടുണ്ട്.
സ്വകാര്യ കാറിനെ എങ്ങനെ പൊതു ഇടമായി കണക്കാക്കാം?
മാർരനിർദേശങ്ങളിൽ വ്യക്തമായി പറയുന്നതുപോലെ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കാം. എന്നാൽ അപ്പോൾ ഉയരുന്ന മറ്റൊരു സംശയം സ്വകാര്യ കാറുകൾ എങ്ങനെ പൊതുയിടമാകുമെന്നതാണ്. ഇതിനുത്തരം ബിഹാർ സർക്കാരും സത്‌വീന്ദർ സിങ് സലൂജയുമായി 2019ൽ നടന്ന കേസിലെ സുപ്രീം കോടതി വിധി അടിസ്ഥാനമാക്കിയുള്ളതാണ്.
Also Read: വിമാന യാത്രയില്‍ ഭക്ഷണ വിതരണം പുനരാരംഭിക്കാന്‍ അനുമതി; ഏതൊക്കെ വിമാന കമ്പനികളില്‍ ഭക്ഷണം ലഭിക്കും?
ഈ വിധിന്യായത്തിൽ, പൊതു റോഡിലുള്ള സ്വകാര്യ കാറിനെ ‘പൊതുസ്ഥലം’ ആയി കണക്കാക്കാമെന്ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതിനാൽ പൊതുസ്ഥലങ്ങളിൽ അനുവദനീയമല്ലാത്ത ഏത് പ്രവർത്തനവും സ്വകാര്യ കാറിനുള്ളിലും അനുവദനീയമല്ല. പുകവലി, മദ്യപാനം, അശ്ലീലത എന്നിവ നടക്കുന്നത് സ്വകാര്യ കാറിനുള്ളിലാണെങ്കിലും ശിക്ഷാനടപടികൾക്ക് കാരണമാകുന്ന പ്രവർത്തനങ്ങളാണ്.
പശ്ചാത്തലം
2016 ലെ ബിഹാർ എക്സൈസ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പട്ന ഹൈക്കോടതിയുടെ 2018 ലെ വിധിന്യായത്തിനെതിരായ അപ്പീൽ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. പരാതിക്കാർ ജാർഖണ്ഡിൽനിന്ന് ബിഹാറിലേക്ക് പോകവെ മദ്യപിച്ചിരുന്നതായി അതിർത്തിയിൽ പൊലീസ് പരിശോധനയിൽ കണ്ടെത്തി. എന്നാൽ വാഹനത്തിൽ മദ്യം കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല.
എന്നാൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ പരാതിക്കാർ പാട്ന ഹൈക്കോടതിയെ സമീപിച്ചു. ബിഹാറിലെ നിരോധന നിയമങ്ങളിൽ പൊതു സ്ഥലങ്ങളിലെ മദ്യപാനവും ഉൾപ്പെട്ടിരുന്നു. ഇതോടൊപ്പം പൊതു സ്ഥലങ്ങളെന്നാൽ പൊതുജനങ്ങൾ സാധാരണയായി ഇടപഴകുന്ന, ഒത്തുചേരുന്ന ഏതൊരു പ്രദേശവും എന്നും വ്യക്തമാക്കിയിരുന്നു. ഇതിനെ ഉദ്ധരിച്ചാണ് സുപ്രീം കോടതി അന്ന് അത്തരത്തിലൊരു വിധിന്യായം നടത്തിയത്.