കോവിഡ് മഹാമാരി വ്യാപനത്തിന്റെ തുടക്കം മുതലുള്ള രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ബിഹാറിലെ, മുന്‍പ് കണക്കില്‍പ്പെടാത്ത നാലായിരത്തോളം മരണങ്ങള് കൂടി ഇന്നലെ ഉള്‍പ്പെടുത്തിയതാണ് രാജ്യത്തെ പ്രതിദിന മരണസംഖ്യ ഇത്രയും ഉയരാന്‍ ഇടാക്കിയത്.
ഇന്നലെ 6,148 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 3,951 എണ്ണവും ബിഹാറില്‍നിന്നാണ്. ബിഹാറില്‍ ഏത് കാലഘട്ടത്തില്‍ സംഭവിച്ചതാണ് ഈ മരണങ്ങളെന്നു വ്യക്തമല്ല. സംസ്ഥാനം ഇതാദ്യമായാണു ഡേറ്റ പുതുക്കല്‍ പരിപാടി നടത്തുന്നത്. അതിനാല്‍ ഇൗ മരണങ്ങളില്‍ ചിലത് കഴിഞ്ഞ വര്‍ഷത്തെ ആകാനും സാധ്യതയുണ്ട്.
മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ സമാനമായ പ്രക്രിയ പതിവായി എല്ലാ മാസവും അവസാനം കൃത്യമായി ചെയ്യാറുണ്ട്. അവരുടെ ദൈനംദിന മരണസംഖ്യ പോലും മുന്‍പത്തെ രണ്ടോ മൂന്നോ ആഴ്ചകളില്നിന്നുള്ള ധാരാളം മരണങ്ങള് ഉള്‍പ്പെടുന്നതാണ്.
ബുധനാഴ്ചത്തെ സംഖ്യ കൂടി ചേര്‍ന്നതോടെ ബിഹാറിലെ ആകെ കോവിഡ് മരണം 9,429 ആയി ഉയര്‍ന്നു. ഇത് രാജ്യത്തെ കോവിഡ് മരണനിരക്കില്‍ പന്ത്രണ്ടാമതാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ, രോഗമുക്തി നേടിയവരുടെ കൂട്ടത്തിലാണ് നേരത്തെ പരിഗണിച്ചിരുന്നത്. അതിനാലാണ്, ഇത്രയും പേരെ മരിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ രോഗമുക്തി നേടിയവരുടെ എണ്ണം കുറഞ്ഞത്. ഈ ക്രമീകരണം കാരണം ബുധനാഴ്ച സംസ്ഥാനത്തെ പ്രതിദിന രോഗമുക്തി സംഖ്യ നെഗറ്റീവ് ആയി.
ബിഹാറിലെ മരണസംഖ്യയിലെ വര്‍ധന രാജ്യത്തെ കേസ് ഫറ്റാലിറ്റി നിരക്കി(സിഎഫ്ആര്‍)ല്‍ നേരിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. സിഎഫ്ആര്‍ 1.22 ശതമാനത്തില്‍നിന്ന് 1.23 ആയി ഉയര്‍ന്നു. എന്നാല്‍ ബിഹാറിന്റെ സിഎഫ്ആര്‍ പകുതിയിലധികം വര്‍ധിച്ച് 0.76 ശതമാനത്തില്‍നിന്ന് 1.32 ശതമാനമായി കുതിച്ചുയര്‍ന്നു.
Also Read: Coronavirus India Live Updates: രാജ്യത്ത് 6,148 കോവിഡ് മരണം; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്
ബിഹാറിലെ പുതിയ സംഖ്യ മാറ്റിനിര്‍ത്തുമ്പോള്‍ രാജ്യത്ത് 2,197 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും ആഴ്ചകളായി മരണസംഖ്യ കുറയുന്ന പ്രവണതയ്ക്ക് അനുസൃതമാണിത്.
രാജ്യത്ത് ഇതുവരെ 3.59 ലക്ഷത്തിലധികം കോവിഡ് മരണങ്ങളാണു സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധിച്ച മറ്റു മൂവായിരത്തോളം പേരുടെ മരണങ്ങള് ബന്ധപ്പെട്ട രോഗാവസ്ഥകളാല്‍ സംഭവിച്ചതായും വിലയിരുത്തപ്പെടുന്നു. ഇവയില്‍ ഏറെയും മഹാരാഷ്ട്രയിലാണ്. രണ്ടാം തരംഗത്തിന്റെ ഉയര്‍ന്ന ഘട്ടമായ ഏപ്രില്‍ മുതല്‍ രണ്ട് ലക്ഷത്തോളം മരണങ്ങള് സംഭവിച്ചു.
അതേസമയം, രാജ്യത്തെ മൊത്തത്തിലുള്ള കോവിഡ് സ്ഥിതി അതിവേഗം മെച്ചപ്പെടുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന കേസുകള്‍ ലക്ഷത്തില്‍ താഴെയാണ്. ഇന്നലെ 94,052 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്്. 17,000 കേസ് സ്ഥിരീകരിച്ച തമിഴ്നാടാണ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍. കേരളം, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലും ദിവസം പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്രാപ്രദേശില്‍ പ്രതിദിനം എണ്ണായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സംസ്ഥാനങ്ങളിളെല്ലാം കൂടി ഇന്നലെ 64,000 കേസാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അതായത് രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 70 ശതമാനത്തോളം.