scorecardresearch

ട്രൂകോളറിൽ എന്നപോലെ പേരുകൾ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തെ ടെലികോം കമ്പനികൾ എതിർക്കുന്നതെന്തിന്?

കഴിഞ്ഞ വർഷം നവംബറിൽ ട്രായ്, ഉപയോക്താക്കൾക്ക് അവരെ വിളിക്കുന്ന വ്യക്തിയെ തിരിച്ചറിയാൻ അനുവദിക്കുന്ന സംവിധാനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തേടിയിരുന്നു. എന്നാൽ അതിൽ ജിയോ, എയർടെൽ, വോഡഫോൺ എന്നീ ടെലികോം കമ്പനികൾ അറിയിച്ച ആശങ്കകൾ എന്താണെന്നറിയാം

ട്രൂകോളറിൽ എന്നപോലെ പേരുകൾ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തെ ടെലികോം കമ്പനികൾ എതിർക്കുന്നതെന്തിന്?

മൊബൈൽ ഫോണുകളിൽ വിളിക്കുന്നവരുടെ പേര് പ്രദർശിപ്പിക്കാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശത്തോട് എതിർപ്പുയർത്തിയിരിക്കുകയാണു ടെലികോം ഓപ്പറേറ്റർമാർ. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണു കമ്പനികളുടെ വാദം. കോളർ നെയിം പ്രസന്റേഷൻ (സിഎൻഎപി) എന്ന് വിളിക്കപ്പെടുന്ന പുതിയ നിർദേശം, സാങ്കേതികമായി നടപ്പിലാക്കാൻ ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ നിലവിൽ ഉപയോഗിക്കുന്ന പല ഫോണുകൾക്കും ഈ നിർദേശത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്നതാണ് അതിനു കാരണമെന്ന്, ടെലികോം ഓപ്പറേറ്റർമാർ പറയുന്നു.

“വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് നിരവധി ആളുകൾ സിം കാർഡുകൾ വാങ്ങുന്നതിനാൽ, വിളിക്കുന്നവരുടെ പേരുകൾ പ്രദർശിപ്പിക്കുന്നതിനു സിം രജിസ്ട്രേഷൻ ഡാറ്റ ഉപയോഗിക്കാനുള്ള ട്രായ് നിർദേശം അപാകതകൾ നിറഞ്ഞതാകാൻ സാധ്യതയുണ്ട്. ഒരു മൊബൈൽ നമ്പർ യഥാർത്ഥത്തിൽ ഉപയോഗിക്കുന്നയാളും സിം എടുത്തയാളും ഒന്നായിരിക്കണമെന്നില്ല,” ക്രൗഡ് സോഴ്‌സിങ്ങ് മോഡലിലൂടെ സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ട്രൂകോളർ പറയുന്നു.

കോളർ നെയിം പ്രസന്റേഷൻ സംവിധാനത്തിൽ എന്താണ് ഉൾക്കൊള്ളുന്നത്, എന്ത് കൊണ്ടാണ് ട്രായ് അത് ആവശ്യമാണന്ന് പറയുന്നത്, ടെലികോം കമ്പനികൾ ഉന്നയിച്ച ആശങ്കകൾ എന്തൊക്കെയാണെന്നറിയാം.

എന്താണ് കോളർ നെയിം അവതരണം (സിഎൻഎപി)?

കഴിഞ്ഞ വർഷം നവംബറിൽ, സിഎൻഎപിയുടെ സാധ്യതയെക്കുറിച്ചുള്ള അഭിപ്രായം തേടി ട്രായ് കരട് നിർദേശം പുറത്തിറക്കിയിരുന്നു. ഇതുവഴി ഉപയോക്താക്കൾക്ക് അവരെ വിളിക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി അറിയാൻ സാധിക്കും. ആളുകൾ തങ്ങളെ വിളിക്കുന്ന വ്യക്തിയെക്കുറിച്ച് അറിയാൻ സാധിച്ചാൽ, അവർക്ക് ആ കോളുകൾ സ്വീകരിക്കണമോ വേണ്ടേയോ എന്നത് തീരുമാനിക്കാം എന്നതാണ് അടിസ്ഥാന ആശയം. അതേ സമയം, മാർക്കറിങ്/ അനാവശ്യ (സ്പാം) കോളുകളും മറ്റും തടയാനും സഹായിച്ചേക്കാം.

നിലവിൽ, സമാനമായ സേവനം വാഗ്ദാനം ചെയ്യുന്ന പല ആപ്ലിക്കേഷനുകളും ഉണ്ട്. അവയിൽ ഒന്നാണ് ട്രൂകോളർ. എന്നിരുന്നാലും, അവയെല്ലാം മറ്റു കമ്പനികൾ നൽകുന്ന ആപ്പുകളാണ്. ക്രൗഡ്-സോഴ്‌സ് ഡാറ്റയെ ആശ്രയിച്ചാണ് ട്രൂകോളറിന്റെ പ്രവർത്തനം. ഏകീകൃത പരിഹാരം ടെലികോം ഓപ്പറേറ്റർമാർ വാഗ്ദാനം ചെയ്യുന്നില്ല.

സിഎൻഎപി പുറത്തിറക്കാൻ സാധിക്കുന്ന നാല് രീതികൾ റെഗുലേറ്റർ നിർദേശിച്ചിട്ടുണ്ട്

  • ആദ്യ മോഡലിൽ ടെലികോം കമ്പനികൾ അവരുടെ സബ്‌സ്‌ക്രൈബർമാരുടെ സിഎൻഎപി ഡാറ്റാബേസ് തയാറാക്കുന്നതും  അതിന്റെ ഉപയോക്താവ് മറ്റൊരു നെറ്റ്‌വർക്കിലെ ഒരു ഉപയോക്താവിനെ വിളിക്കുമ്പോൾ, ഡാറ്റാബേസിൽ നിന്ന് അവരുടെ ഡാറ്റ എക്‌സ്‌ട്രാക്റ്റു ചെയ്‌ത് കോൾ സ്വീകരിക്കുന്ന ടെൽകോമിന്റെ ഉപയോക്താവിന് നൽകുന്നതും ഉൾപ്പെടുന്നു. എന്നിരുന്നാലും, ഈ മോഡൽ പ്രവർത്തനക്ഷമമാക്കുന്നതിന് ടെലികോം കമ്പനികൾക്ക് അവരുടെ നിലവിലെ “നെറ്റ്‌വർക്ക് നോഡുകൾ” അപ്‌ഗ്രേഡ് ചെയ്യേണ്ടിവരുമെന്ന്, ട്രായ് പറഞ്ഞു.
  • രണ്ടാമത്തെ മോഡൽ ആദ്യത്തേതിന് സമാനമാണ്. കോൾ ചെയ്യുന്ന ഓപ്പറേറ്റർ സ്വീകരിക്കുന്ന ഓപ്പറേറ്ററെ അതിന്റെ സിഎൻഎപി ഡാറ്റാബേസിൽ പ്രവേശിക്കാൻ അനുവദിക്കും.
  • മൂന്നാം മോഡലിൽ, കേന്ദ്രീകൃത ഡേറ്റാബേസ് പ്രവർത്തിപ്പിക്കുന്ന ഒരു മൂന്നാം കക്ഷിയെ ട്രായ് വിഭാവനം ചെയ്യുന്നു. ഈ സാഹചര്യത്തിൽ, വിളിക്കുന്നയാളുടെ ഡേറ്റ വീണ്ടെടുക്കുന്നതിനും  പ്രദർശിപ്പിക്കുന്നതിനുമായി കേന്ദ്രീകൃത ഡേറ്റാബേസിൽ പ്രവേശിച്ച് അത് സ്വീകരിക്കേണ്ടത് ഓപ്പറേറ്ററുടെ ഉത്തരവാദിത്തമാണ്.
  • നാലാമത്തെ മോഡലിന് ഓരോ ടെലികോം കമ്പനിയും ഒരു മൂന്നാം കക്ഷി പ്രവർത്തിപ്പിക്കുന്ന ഒരു സമന്വയിപ്പിച്ച സെൻട്രൽ ഡേറ്റാബേസിന്റെ ഒരു പകർപ്പ് സൂക്ഷിക്കേണ്ടതുണ്ട്.

നിർദിഷ്ട ഫീച്ചറിനെക്കുറിച്ച് ടെലികോം കമ്പനികൾക്കു തന്നെ പല അഭിപ്രായമാണുള്ളത്. പുതിയ നിർദേശം വഴി വരിക്കാരുടെ സ്വകാര്യത അപകടത്തിലാകുമെന്നും ഇത് നടപ്പിലാക്കുന്നത് സങ്കീർണമായ സാങ്കേതികപ്രശ്നമായി മാറിയേക്കാമെന്നും അവർ പറയുന്നു. സിഎൻഎപി തിരഞ്ഞെടുക്കാവുന്ന ഒന്നായിരിക്കണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. മറ്റു പല തരം ആശങ്കകളും അവർ ഉയർത്തിയിട്ടുണ്ട്.

എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവ ഉന്നയിച്ച സ്വകാര്യത ആശങ്കകൾ എന്തൊക്കെയാണ്?

“സിഎൻഎപി വഴി ലഭിക്കുന്ന ഡേറ്റയുടെ മേൽ ഹാൻഡ്‌സെറ്റ് നിർമാതാക്കൾക്കും ഓപ്പറേറ്റിങ് സിസ്റ്റം (OS) ദാതാക്കൾക്കും നിയന്ത്രണമുണ്ട്. മൊബൈൽ ഉപകരണങ്ങളുടെ നിർമാതാക്കളും ഒഎസ് ദാതാക്കളും രാജ്യം മുഴുവൻ വരിക്കാരുടെ ഡേറ്റ ശേഖരിക്കുന്നതിനാൽ ഇത് വരിക്കാരുടെ സ്വകാര്യതയുടെ ലംഘനത്തിനു കാരണമാകും,” മൂന്ന് ടെലികോം കമ്പനികളെയും പ്രതിനിധീകരിക്കുന്ന സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) ട്രായിക്ക് സമർപ്പിച്ച രേഖയിൽ പറഞ്ഞു.

“രാജ്യത്തെ മുഴുവൻ വരിക്കാരുടെ വിവരങ്ങളുടെയും സ്വകാര്യതയുടെ രഹസ്യസ്വഭാവത്തെയും സംബന്ധിച്ച ഏറ്റവും വലിയ ആശങ്കയായിരിക്കും ഇത്, ആധാർ ഡാറ്റാബേസിലെ പേരും മൊബൈൽ നമ്പർ ഡാറ്റാബേസും മൂന്നാം കക്ഷികൾക്ക് നൽകുന്നതിനു സമാനമായിരിക്കുമിതെന്ന്,” സിഒഎഐ കൂട്ടിച്ചേർത്തു.

വിളിക്കുന്ന സമയത്ത് ഒരു ഉപയോക്താവിന്റെ പേര് പ്രദർശിപ്പിക്കുന്നത് “വിവിധ സാമൂഹികവും ക്രിമിനൽപരവുമായ പ്രശ്‌നങ്ങളിലേക്കു നയിച്ചേക്കാം,” എന്ന് പ്രത്യേക ഫയലിങ്ങിൽ റിലയൻസ് ജിയോ ചൂണ്ടിക്കാട്ടി. “ഇത് സോഷ്യൽ മീഡിയയിൽ ആളുകൾ ശല്യം ചെയ്യുന്ന രീതിയിലേക്ക് (സ്റ്റോക്ക്) നയിക്കാം. അതിനാൽ, ഉപഭോക്താവിന്റെ ഫോണുകളിൽ സിഎൻഎപി സേവനം സജീവമാക്കുന്നതിന് മുമ്പ് അവരുടെ സമ്മതം വാങ്ങേണ്ടത് അത്യാവശ്യമാണ്,” ജിയോ പറഞ്ഞു.

ഡിജിറ്റൽ വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (IAMAI) സമാനമായ അഭിപ്രായമാണ് പറഞ്ഞത്. ഇത് പ്രത്യേകിച്ച് സ്ത്രീകളെ കൂടുതൽ ബാധിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. “സിഎൻഎപി വഴി ഒരു സ്ത്രീ വരിക്കാരിയുടെ പേരും ഡേറ്റയും അവരുടെ സമ്മതത്തോടെയോ അല്ലാതെയോ, വിളിക്കുന്നയാളുകൾക്ക് പ്രദർശിപ്പിക്കും,” അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ” ഇത്തരത്തിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും,” അസോസിയേഷൻ പറഞ്ഞു.

സിഎൻഎപിയിൽ ഉപയോക്തൃ സ്വകാര്യത സന്തുലിതമാക്കേണ്ടതുണ്ടെന്ന്, ഭാരതി എയർടെൽ പറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കായി വ്യക്തിഗത മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യുന്ന ഉപയോക്താക്കളെ ഒഴിവാക്കാൻ പ്രവചന വിശകലനം ഉപയോഗിക്കാനും നിർദ്ദേശിച്ചു. കോളർ ഐഡി സംവിധാനം “ടെലിമാർക്കറ്റർ/ വാണിജ്യ ഉപയോക്താക്കൾ/ എ2പി കോളർമാർ എന്നിവർക്ക് മാത്രമേ പ്രാരംഭ ഘട്ടത്തിൽ പരിഗണിക്കാവൂ,” എയർടെൽ പറഞ്ഞു.

“സ്‌പാമിങ്ങിനെതിരെ, വിളിക്കുന്നയാളെ തിരിച്ചറിയാനുള്ള വിളിക്കപ്പെടുന്ന കക്ഷിയുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള ഒരു ചുവടുവയ്പായിരിക്കും സിഎൻഎപി. എന്നാൽ സ്‌ക്രീനിൽ തങ്ങളുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിളിച്ച പാർട്ടിയുടെ സ്വകാര്യതയുമായി ഇതിനു വൈരുധ്യമുണ്ടാകും,” വോഡഫോൺ ഐഡിയ പറഞ്ഞു.

സാങ്കേതിക വെല്ലുവിളികൾ എന്തൊക്കെയാണ്?

ടെലികോം കമ്പനികൾ തമ്മിലുള്ള ടൈം ഡിവിഷൻ മൾട്ടിപ്ലക്‌സിങ് (ടിഡിഎം) അധിഷ്‌ഠിത ഇന്റർകണക്‌ഷൻ സിഎൻഎപിയെ പിന്തുണയ്‌ക്കാത്തതാണ് സിഎൻഎപി നടപ്പാക്കുന്നതിലുള്ള കാര്യമായ തടസ്സമെന്ന് സിഒഎഐ പറഞ്ഞു. കൂടാതെ, 2G/3G നെറ്റ്‌വർക്കുകളിൽ സിഎൻഎപിയ്‌ക്ക് മാനദണ്ഡങ്ങളൊന്നുമില്ല. അതിന് പരിഹാരമൊന്നും ലഭ്യമല്ല.

“പരിഹാരം വികസിപ്പിച്ച് വിന്യസിപ്പിച്ചാലും, അതിന്റെ ശരിയായ പ്രവർത്തനത്തെക്കുറിച്ച് ഉറപ്പുനൽകുന്നതിന് മുൻപ് അതിന്റെ വിപുലമായ പരിശോധന ആവശ്യമാണ്. കൂടാതെ, തങ്ങളുടെ മെമ്പർ നെറ്റ്‌വർക്കിൽ ചില ലെഗസി നോഡുകൾ ഉണ്ട്, അവിടെ സിഎൻഎപി വിന്യസിക്കുന്നത് പ്രായോഗികമല്ല,” സിഒഎഐ പറഞ്ഞു.

സിഎൻഎപി പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ എല്ലാ ഹാൻഡ്സെറ്റുകളും പ്രാപ്തമല്ലാത്തതിനാൽ ഹാൻഡ്സെറ്റുകളെ സംബന്ധിച്ചുള്ളതാണ് മറ്റൊരു പ്രധാന വെല്ലുവിളി. സിഎൻഎപി സൗകര്യമുള്ള ഫോണുകൾ ഇല്ലെന്ന് പറഞ്ഞു ജിയോ ഈ അവകാശവാദത്തെ പിന്തുണച്ചു. കൂടാതെ, 4G നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കുന്ന സ്‌മാർട്ട് ഫീച്ചർ ഫോണുകളും ഈ സവിശേഷതയെ പിന്തുണയ്ക്കുന്നില്ലെന്ന് ജിയോ പറഞ്ഞു.

തയാറാക്കിയത് : സൗമ്യരേന്ദ്ര ബാരിക്

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Why telecom companies opposing trais proposal to display caller names like truecaller app